ജയ്‌സ്വാളും അശ്വിനും തിളങ്ങി; ചെന്നൈയെ തകര്‍ത്ത് സഞ്ജുവും സംഘവും പ്ലേ ഓഫില്‍

Photo: iplt20.com
Photo: iplt20.com

മുംബൈ: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി പ്ലേ ഓഫില്‍ കടന്ന് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളും അവസാന ഓവറുകളില്‍ ഉറച്ചുനിന്ന് 23 പന്തില്‍ നിന്ന് 40 റണ്‍സടിച്ച ആര്‍. അശ്വിനുമാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍. ജയത്തോടെ 14 കളികളില്‍ നിന്ന് 18 പോയന്റുമായി രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലെത്തിയത്. മേയ് 24-ന് നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

പ്ലേ ഓഫ് ഉറപ്പിക്കാന്‍ 151 റണ്‍സിലേക്ക് ബാറ്റെടുത്ത രാജസ്ഥാന് രണ്ടാം ഓവറില്‍ തന്നെ ജോസ് ബട്ട്‌ലറെ (2) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച യശസ്വി ജയ്‌സ്വാള്‍ - ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സഖ്യം രാജസ്ഥാനെ മുന്നോട്ടുനയിച്ചു. 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഒമ്പതാം ഓവറില്‍ മിച്ചല്‍ സാന്റ്‌നര്‍ പിരിച്ചതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. 20 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത സഞ്ജുവിനെ സാന്റ്‌നര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 

തുടര്‍ന്നെത്തിയ ദേവ്ദത്ത് പടിക്കല്‍ (3) പെട്ടെന്ന് മടങ്ങി. പിന്നാലെ ജയ്‌സ്വാളിനെയും ഷിംറോണ്‍ ഹെറ്റ്മയറിനെയും (6) പ്രശാന്ത് സോളങ്കി മടക്കിയതോടെ രാജസ്ഥാന്‍ വിറച്ചു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച അശ്വിന്‍ - റിയാന്‍ പരാഗ് സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു. പരാഗ് 10 പന്തില്‍ നിന്ന് 10 റണ്‍സുമായി പുറത്താകാതെ നിന്നു. 

നേരത്തെ രാജസ്ഥാനെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മോയിന്‍ അലിയുടെ ഇന്നിങ്‌സ് മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കുകയായിരുന്നു.

57 പന്തില്‍ നിന്നും മൂന്ന് സിക്‌സും 13 ഫോറുമടക്കം 93 റണ്‍സെടുത്ത അലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 200-ന് അപ്പുറമുള്ള സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈയെ രാജസ്ഥാന്‍ ബൗളര്‍മാര്‍ മധ്യ ഓവറുകളില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.

ഋതുരാജ് ഗെയ്ക്‌വാദ് (2), എന്‍. ജഗദീശന്‍ (1), അമ്പാട്ടി റായുഡു (3) എന്നിവര്‍ക്കൊന്നും ചെന്നൈ സ്‌കോറിലേക്ക് സംഭാവന ചെയ്യാനായില്ല. 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയും 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോനിയും മാത്രമാണ് മോയിന്‍ അലിക്ക് അല്‍പമെങ്കിലും പിന്തുണ നല്‍കിയത്. 

രാജസ്ഥാനു വേണ്ടി യുസ്‌വേന്ദ്ര ചാഹലും ഒബെദ് മക്കോയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: ipl 2022 Chennai Super Kings vs Rajasthan Royals