ദക്ഷിണേന്ത്യയിലെ യോഗ ഹബ്ബാകാനൊരുങ്ങി മൈസൂരു

#എം.എസ്. ശരത് നാഥ്
മൈസൂരു പ്രണവ യോഗ മന്ദിര സ്‌കൂളിൽ യോഗ അഭ്യസിക്കുന്നവർ
മൈസൂരു പ്രണവ യോഗ മന്ദിര സ്‌കൂളിൽ യോഗ അഭ്യസിക്കുന്നവർ

മൈസൂരു: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ മുഖ്യവേദിയായി തിരഞ്ഞെടുക്കപ്പെട്ട മൈസൂരു ദക്ഷിണേന്ത്യയിലെ യോഗ ഹബ്ബായി മാറുമെന്ന് പ്രതീക്ഷ. ചൊവ്വാഴ്ച നടക്കുന്ന യോഗദിനപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതോടെ മൈസൂരു ശ്രദ്ധാകേന്ദ്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നൂറ്റാണ്ടുകളായി യോഗപഠനത്തിന് നൽകുന്ന പ്രാധാന്യമാണ് മൈസൂരുവിനെ പ്രധാനവേദിയായി പരിഗണിക്കാൻ കാരണം. മൈസൂരു ഭരണാധികാരികളായിരുന്ന വോഡയാർ രാജവംശം യോഗയ്ക്ക് പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നു.

1799- മുതൽ 1831- വരെ അധികാരത്തിലിരുന്ന കൃഷ്ണരാജ വോഡയാർ മൂന്നാമൻ യോഗയ്ക്ക് പ്രോത്സാഹനം നൽകിയ രാജാക്കൻമാരിൽ ഏറെമുന്നിലാണ്.

ശാന്തമായ അന്തരീക്ഷമാണ് യോഗ പഠനത്തിൽ താത്പര്യമുള്ളവരെ മൈസൂരുവിലേക്ക് ആകർഷിക്കുന്നത്. നിലവിൽ, ചെറുതുംവലുതുമായി നാന്നൂറോളം യോഗപഠനകേന്ദ്രങ്ങൾ മൈസൂരുവിലുണ്ട്.

വിദേശികളാണ് കൂടുതലായും മൈസൂരുവിൽ യോഗ പഠിക്കാനെത്തുന്നത്. ലോകത്തിന്റെ യോഗ തലസ്ഥാനമായി അറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ഋഷികേശ് കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം വിദേശികൾ യോഗ പഠിക്കാനെത്തുന്നത് മൈസൂരുവിലാണ്.

കോവിഡിനുമുമ്പ് മാസം ഏകദേശം 2,500 വിദേശികളാണ് യോഗപഠനത്തിനായി മൈസൂരുവിലെത്തിയിരുന്നത്. രോഗ വ്യാപനം കുറഞ്ഞതോടെ വിദേശികളുടെ എണ്ണം വീണ്ടുംകൂടാൻ തുടങ്ങിയിട്ടുണ്ട്.

യോഗദിന പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെത്തുന്നതിനെ ആവേശത്തോടെയാണ് മൈസൂരുവിലെ യോഗ പഠനകേന്ദ്രങ്ങൾ കാണുന്നത്. മൈസൂരുവിൽ യോഗയ്ക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കാൻ ഇത് സഹായിക്കുമെന്ന് 20 വർഷമായി യോഗ പഠിപ്പിക്കുന്ന മൈസൂരു നിവാസി എൻ. ശ്രീധർ പറഞ്ഞു.

സമാന അഭിപ്രായമാണ് 15 വർഷമായി യോഗ അഭ്യസിക്കുന്ന കോട്ടയ്ക്കൽ മണ്ണഴി കോട്ടപ്പുറം സ്വദേശി ഇ.എൻ. സുരേന്ദ്രനും പങ്കുവെച്ചത്.

Content Highlights: modi to lead celebrations from mysuru, international yoga day