ശ്വാസംമുട്ടൽ, ഹോർമോൺ ഇംബാലൻസ്; രോഗങ്ങൾ മാറ്റിയെടുക്കാനാണ് യോഗയിലേക്ക് എത്തിയത്- സംയുക്താ വർമ

വികാരങ്ങളുടെയും വിവേകത്തിന്റെയും കലർപ്പിൽനിന്ന് മധ്യമമാർഗം തിരഞ്ഞുപിടിക്കാൻ സഹായിച്ച യോഗാനുഭവങ്ങൾ. അഭിനേത്രി സംയുക്താ വർമ എഴുതുന്നു
മനുഷ്യർക്ക് ചില ശീലക്കേടുകളുണ്ട്. ചിലർക്കത് ശരീരത്തിലായിരിക്കും. ചിലർക്ക് മനസ്സിലും. എന്റേത് ഏറെയും രോഗങ്ങളായിരുന്നു. അതൊന്ന് മാറ്റിയെടുക്കാനാണ് ഞാൻ ആദ്യം യോഗയിലേക്ക് എത്തിയത്. പഠിച്ചും പരിശീലിച്ചും ഞാനെന്നെ യോഗയിൽ ഉറപ്പിച്ചു. രണ്ടു പതിറ്റാണ്ടോളമായുള്ള ആ ഉറപ്പാണ് എനിക്കിപ്പോൾ യോഗ.
യോഗ ഒരു യോജിപ്പാണ്. കൂടിച്ചേരൽ അഥവാ യൂണിയൻ എന്നുതന്നെയാണ് ആ വാക്കിന്റെ അർഥവും. ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കൽ. നമ്മൾ മാനസികമായും ആത്മീയമായും ഉണരുന്നതാണ് യോഗയുടെ ഗുണം.
യോഗയെ ഒരു മതത്തിന്റേതായി കാണുന്നവരുണ്ട്. അത് സങ്കടകരമാണ്. യോഗ ഒരു ശാസ്ത്രമാണ്. നൂറ്റാണ്ടുകൾക്കുമുമ്പുള്ള ഒരു ശാസ്ത്രം. മനുഷ്യന് സുഖമായി ജീവിക്കാൻ, ശാരീരികവും മാനസികവും വൈകാരികവും ചിന്താപരവുമായി സുഖമായി ജീവിക്കാൻ കണ്ടുപിടിച്ച ശാസ്ത്രമാണത്. അതിനെന്ത് മതം? ചിലർ യോഗയെ വ്യായാമം മാത്രമായി കാണുന്നു. അതിൽ തെറ്റില്ല. പക്ഷേ, യോഗ ശരിയായി പഠിച്ചവർക്ക് അതിനെ ഒരു വ്യായാമം മാത്രമായി കാണാനാവില്ല. അത് ശരീരത്തിനുമപ്പുറമുള്ള ആത്മീയവഴിയാണ്.
യോഗയുടെ തത്ത്വചിന്ത
പൊതുവേ മലയാളികൾ യോഗ നന്നായി ചെയ്യുന്നുണ്ട്. എന്നിട്ടും അതിനെക്കുറിച്ച് ധാരാളം സംശയങ്ങളുണ്ട്. എന്തുകൊണ്ട് യോഗ ചെയ്തിട്ടും തടി കുറഞ്ഞില്ല, എന്തുകൊണ്ട് യോഗ ചെയ്തിട്ടും വന്ധ്യത മാറുന്നില്ല, എന്തുെകാണ്ട് മുടി വളർന്നില്ല, എന്തുകൊണ്ട് ദേഷ്യം മാറുന്നില്ല... അങ്ങനെയുള്ള ചോദ്യങ്ങൾ വരുന്നു. യോഗയെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ അത്തരം സംശയങ്ങൾ ഇല്ലാതാവും. ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് ഇതൊക്കെയുണ്ടായിരുന്നു എനിക്ക്. അതിൽനിന്നൊക്ക ഒരു മാറ്റത്തിനാണ് ഞാൻ യോഗ തുടങ്ങിയത്. രോഗങ്ങൾ പതുക്കെപ്പതുെക്ക ഇല്ലാതായി. യോഗമാത്രം ശേഷിച്ചു, അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി.യോഗക്രിയകൾപോലെ യോഗ തത്ത്വചിന്തയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മുന്നേപോയ ജ്ഞാനികൾ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മൾ അറിയുന്നത്. എന്നാലും ഞാൻ അനുഭവിക്കുന്നതാണ് എന്റെ തത്ത്വചിന്ത. അതാവണമെന്നില്ല എല്ലാവരുടെയും തത്ത്വചിന്ത. ഒരേ ക്ളാസിൽ ഒരേ ക്രിയ ചെയ്യുന്നവർക്കുപോലും ഉള്ളിൽ യോഗാനുഭവം വെവ്വേറെയാണ്. ജീവിതത്തിലേക്കറിങ്ങുമ്പോഴും അനുഭവങ്ങൾ വേറെവേറെത്തന്നെ.
ക്രമീകരണത്തിന്റെ ശാസ്‌ത്രം
നമ്മളെല്ലാവരും ദ്വന്ദ്വത്തിലാണ് ജീവിക്കുന്നത്. ജയം-തോൽവി, അറ്റാച്ച്‌മെന്റ്-ഡിറ്റാച്ച്‌മെന്റ് എന്നിങ്ങനെ. ഒരുപാട് സ്നേഹമുണ്ടെങ്കിൽ പോകെപ്പോകെ അത് അറ്റാച്ച്‌മെന്റായി മാറുന്നു. സ്നേഹമില്ലായ്മ ഡിറ്റാച്ച്‌മെന്റായും. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്കുപുറത്ത്. അതാണ് നമ്മുടെ രീതി. അതിനിടയിലൂടെ ഒരു വഴിയുണ്ട്. ബാലൻസ് എന്നുപറയും. അതുകണ്ടുപിടിക്കാൻ നല്ല പ്രയാസമാണ്.
രണ്ടിന്റെയും നടുവിൽ നിൽക്കുന്ന ഒരു അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുേണ്ടാ? സന്തോഷം വന്നാൽ, അതിൽ ഉന്മാദം കൊള്ളാതെയും സങ്കടം വന്നാൽ തകർന്നുപോവാതെയുമിരിക്കുന്ന അവസ്ഥ. സ്നേഹത്തിൽ വല്ലാതെ ഒട്ടണമെന്നില്ല. എന്നാൽ, ഒട്ടും ഒട്ടലില്ലാതെ തീർത്തും ഡിറ്റാച്ച്ഡ് ആയി ആ ബന്ധമേ ഇല്ലെന്നമട്ടാവുന്നതിലും ഒരു സുഖമില്ല. മനുഷ്യന്മാരായാൽ ബന്ധങ്ങൾ വേണമല്ലോ. അറ്റാച്ച്‌മെന്റിൽത്തന്നെ ഇത്തിരി ഡിറ്റാച്ച്‌മെന്റ് സൂക്ഷിക്കാനാവും. ഇവ രണ്ടിന്റെയും അങ്ങേ അറ്റങ്ങളിലേക്കുപോയി, നമ്മുടെ മാനസികാവസ്ഥയ്ക്ക് വ്യത്യാസമില്ലാതെ ബാലൻസിലേക്ക് തിരിച്ചുവരുന്നത് ബുദ്ധിമുട്ടാണ്. ആ ക്രമീകരണം എനിക്ക് കിട്ടിയത് യോഗയിലൂടെയാണ്. അതുെകാണ്ടാണ് എല്ലാ ദിവസവും യോഗമാറ്റിലേക്ക് വരാൻ തോന്നുന്നത്.
യോഗ ചെയ്യാൻ തുടങ്ങിയ ശേഷം എനിക്ക് കാര്യമായൊരു മാറ്റം വന്നു. ഞാൻ നോ പറയാൻ പഠിച്ചു. നോ പറയാൻ അറിയാത്ത ഒരാളായിരുന്നു ഞാൻ. പറഞ്ഞുചെയ്യേണ്ടിടത്ത് പറഞ്ഞുചെയ്യിക്കാനും മേൽക്കൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനും അതേസമയം, നമസ്കരിക്കേണ്ടിടത്ത് നമസ്കരിക്കാനും ഒരേ മാനസികാവസ്ഥയിൽ പറ്റുന്നുണ്ട് ഇപ്പോൾ. പണ്ട് അത് വലിയ ബുദ്ധിമുട്ടായിരുന്നു. അതും യോഗയിലൂടെ കഴിയുന്നു. അതുകൊണ്ടൊക്കെത്തന്നെയാണല്ലോ ലോകം മുഴുവൻ ആ ബാലൻസിന്റെ മധുരംതേടി വീണ്ടും വീണ്ടും യോഗാമാറ്റിലേക്ക് വരുന്നത്.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഉദ്ധരണിയുണ്ട്, യോഗാചാര്യൻ കെ. പട്ടാഭി ജോയ്‌സിന്റേതാണത്. practice, practice, practice all is coming. ഞാൻ അതിൽ വിശ്വസിക്കുന്നു.
Content Highlights: actress samyuktha varma on international yoga day, benefits of yoga