'ആ രഹസ്യം';റൂമിയുടെ കവിത സരിത മോഹനന്‍ ഭാമയുടെ മൊഴിമാറ്റത്തില്‍

#സരിത മോഹനന്‍ ഭാമ
ജലാലുദ്ദീന്‍ റൂമി
ജലാലുദ്ദീന്‍ റൂമി

പേര്‍ഷ്യന്‍ കവി ജലാലുദ്ദിന്‍ റൂമിയുടെ ജന്മദിനവും ലോകവിവര്‍ത്തനദിനവും ഒന്നിച്ചെത്തി സെപ്റ്റംബര്‍ 30ന്. അതിനാല്‍, 800 വര്‍ഷം മുമ്പ് പേര്‍ഷ്യന്‍ദേശത്ത് പിറന്ന ഒരു റൂമികവിത 'ആ രഹസ്യം', ഈ നാളില്‍ മലയാളഭാഷയില്‍ എത്തുന്നു.

ആ രഹസ്യം
വിടും, 
വെളിയില്‍വിടും 
ആ രഹസ്യം, വേണ്ട, 
വേണ്ട, അല്ലെങ്കില്‍;
അതിന്
അനുമതിയില്ലെനിക്ക്.
അത്  
കൊടും നെറികേടാവും, 
ഉച്ചത്തില്‍ 
വെറുതെ,
വിളിച്ചുകൂവിക്കൂടാ
അതിന്   
നിഗൂഢതയെല്ലാം.
എന്നാലും,
എന്തുകൊണ്ടാവോ,
എനിക്കുള്ളിലേതോ 
ചേതോഹര-
ഹര്‍ഷാഭിമാനങ്ങള്‍ 
ഒറ്റയടിയ്ക്ക് 
അഴിച്ചു വിടുകയാണീ 
മുഖാവരണവും,
വരിഞ്ഞുകെട്ടിയ 
ഈ ശവക്കച്ചയും.

Content Highlights: International Translation Day 2022, Saritha Mohanan Bhama, Jalaluddin Rumi, MatrhubhumiBooks