ഇവിടെ | ആര്‍.എസ് തോമസ്സിന്റെ കവിത; അരുണ്‍ലാല്‍ മൊകേരിയുടെ വിവര്‍ത്തനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആധുനിക വെയ്ല്‍സിന്റെ കാവ്യമുഖങ്ങളില്‍ പ്രധാനിയായ ആര്‍.എസ് തോമസ്സിന്റെ 'Here' എന്ന കവിതയ്ക്ക് അരുണ്‍ലാല്‍ മൊകേരിയുടെ പരിഭാഷ

ഇവിടെ 

ഒത്ത ആണൊരുത്തനാണ് ഞാനിപ്പോള്‍.
എന്റെ നെറ്റിയില്‍ കൈയോടിക്കൂ,
തലച്ചോറു വിളയുമയ്യിടം പരിശോധിച്ചറിയൂ. 

ഞാന്‍ ഒരു മരം പോലെയാണ്,
എന്റെ തുഞ്ചത്തെ ചില്ലകളില്‍ നിന്ന് നോക്കിയാല്‍
എന്നിലേക്കെത്തുന്ന കാല്പാടുകള്‍ കാണാമെനിക്ക്

അടിവയറുകള്‍ പലതു തീണ്ടി,
കറകളൊഴിഞ്ഞ, തെളിഞ്ഞ ചോര
പായുന്നുണ്ടെന്റെ ഞരമ്പുകളില്‍.

പിന്നെന്തുകൊണ്ട് കൈകള്‍ 
മരിച്ചുചെന്ന പലരുടെ ചോരയാല്‍ച്ചുവക്കുന്നു?
ഇവിടെയാണോ ഞാന്‍ വഴിപിഴച്ചത്?

എന്തു കൊണ്ടെന്റെ കൈകള്‍
അനുസരിക്കുന്നില്ലെന്റെ ഇച്ഛകള്‍?
എന്തുകൊണ്ടൊരു ദൈവവുമില്ല കേള്‍ക്കുവാനെന്‍ പ്രാര്‍ത്ഥനകള്‍?

വേറെവിടെയും പോവാനില്ലെനിക്ക്.
ധൃതിയിലോടുമുപഗ്രഹങ്ങള്‍
ഉയിരിന്റെ ഘടികാരം ക്ഷീണിച്ചുവെന്നത്രേ വിധിക്കുന്നു.

ഹൃദയത്തിന്റെതല്ലാത്ത ഒരു യാത്രയും
വഴങ്ങുകി, ല്ലിനി മേല്‍
ഇവിടെയുണ്ടാവണം ഞാന്‍, എന്റെ വേദനയുമായി.

Content Highlights: International Translation Day 2022, Arunlal Mokeri, R.S Thomas