മരുന്നിനായി, ഭക്ഷണത്തിനായി, വസ്ത്രത്തിനായി നർഗീസിന്റെ സാന്ത്വനത്തിനായി കാത്തിരിക്കുന്നവർ

ബാലുശ്ശേരി (കോഴിക്കോട്): ഇരുപതുവർഷമായി കോഴിക്കോട് ഫറോക്കിലുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ് നർഗീസ് ബീഗം. ഡ്യൂട്ടികഴിഞ്ഞ് കൂടെയുള്ളവരൊക്കെ കുടുംബത്തിലേക്കു മടങ്ങുമ്പോൾ നർഗീസ് പോകുന്നത് പലവീടുകളിലേക്കാണ്. മരുന്നിനായി, ഭക്ഷണത്തിനായി, വസ്ത്രത്തിനായി, വീട്ടുവാടകയ്ക്കായി, പലചരക്കുകടയിലെ പറ്റുകാശിനായി, ട്യൂഷൻ ഫീസിനായി കുറെ മനുഷ്യർ ആ വരവും കാത്തിരിക്കുന്നുണ്ടാവും. കൂടെയുണ്ടാകുമെന്ന നർഗീസിന്റെ വാക്കിലവർ സാന്ത്വനപ്പെടും. രോഗം വേഗം മാറുമെന്ന ആശ്വസിപ്പിക്കലിൽ സ്വാസ്ഥ്യമറിയും. ആരോരുമില്ലാതെ ഒറ്റയായവർ സാമീപ്യത്തിന്റെ ചൂടറിയും.
വയനാട് സുൽത്താൻബത്തേരി കേന്ദ്രമായി പ്രവർത്തിക്കുന്ന അഡോറയെന്ന സന്നദ്ധസംഘടനയുടെ ഡയറക്ടറാണ് ഫറോക്ക് സ്വദേശി നർഗീസ്. നാനൂറോളം നിർധനരോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷയും അത്താണിയും. മരുന്നിനു മാത്രമായി മാസത്തിൽ രണ്ടുലക്ഷം രൂപ കണ്ടെത്തണം. മറ്റുസഹായങ്ങൾക്കായി രണ്ടുലക്ഷം രൂപയും. സാമൂഹികമാധ്യമങ്ങൾവഴിയാണ് മാസംതോറും ഈ തുക സ്വരൂപിക്കുന്നത്. ആവശ്യംപറഞ്ഞു പോസ്റ്റിടുമ്പോൾ പേരുപോലും വെളിപ്പെടുത്താനാഗ്രഹമില്ലാത്ത നല്ലമനുഷ്യർ സഹായവുമായെത്തും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 74 വീടുകളും അഡോറ പണിതുനൽകി. 34 കുടിവെള്ളപദ്ധതികളിലൂടെ നൂറുകണക്കിനു കുടുംബങ്ങൾക്കും ആശ്വാസംപകർന്നിട്ടുണ്ട്. കൊല്ലം, കാസർകോട്, വയനാട് എന്നിവിടങ്ങളിലായി എയ്ഞ്ചൽസ് എന്നപേരിൽ വസ്ത്രശേഖരണ സെന്ററുകളും അഡോറയ്ക്കുണ്ട്.
കൂട്ടിരിക്കാനാളില്ലാത്തതിനാൽ ചികിത്സപോലും അസാധ്യമായ കിടപ്പുരോഗികൾക്കായൊരു ഫിസിയോതെറാപ്പി സെന്ററാണ് ഇപ്പോൾ നർഗീസിന്റെ മനസ്സുനിറയെ. വയനാട് നടവയലിൽ സതീഷ് എന്ന സുഹൃത്ത് സൗജന്യമായി നൽകിയ രണ്ടേക്കർ സ്ഥലത്ത് 20,000 ചതുരശ്രയടി കെട്ടിടമാണ് സ്വപ്നം. നല്ലവരായ മനുഷ്യർ ലോകത്തുള്ളിടത്തോളംകാലം തന്റെ കണക്കുകൂട്ടൽ തെറ്റില്ലെന്നാണ് നർഗീസിന്റെ ഉറച്ചവിശ്വാസം.
Content Highlights: international nurses day, inspiring life of nurse nargees beegam