താളാത്മകം, മനോഹരം; സിദ്ദി സമൂഹത്തിൻ്റെ അറിയാക്കഥയുമായി 'റിഥം ഓഫ് ദമാം' | Movie Review

Image: Instagram
Image: Instagram

പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ കാണാക്കാഴ്ചകൾ അതിമനോഹരമായി അവതരിപ്പിച്ച ചിത്രമാണ് 'റിഥം ഓഫ് ദമാം'. ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സരവിഭാ​ഗത്തിൽ പ്രദർശിപ്പിച്ച ഈ ഇന്ത്യൻ ചിത്രം പുത്തൻ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 

പാപിലിയോ ബുദ്ധ, കാ ബോഡിസ്‌കേപ്‌സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയൻ ചെറിയാൻ സംവിധാനം ചെയ്ത 'റിഥം ഓഫ് ദമാം' കർണാടകയിലെ സിദ്ദി സമൂഹത്തിന്റെ അധികമാർക്കും അറിയാക്കഥയാണ് പ്രേക്ഷകർക്ക് മുന്നിൽ വരച്ചുകാട്ടുന്നത്. ചരിത്രപ്രാധാന്യമുള്ള സിദ്ദി സമൂഹത്തിൻ്റെ കഥ ഇവർക്കൊപ്പം എട്ടുവർഷത്തോളം താമസിച്ചാണ് സംവിധായകൻ പകർത്തിയത്. സിദ്ദി ഭാഷയിലെ ആദ്യചിത്രം കൂടിയാണിത്. 

പോർച്ചുഗീസ് അടിമകളായി കാലങ്ങൾക്ക് മുൻപ് ഇന്ത്യയിൽ എത്തപ്പെട്ട ആഫ്രിക്കൻ വംശജരാണ് സിദ്ദി ​സമൂഹം. കാലങ്ങൾ കഴിഞ്ഞിട്ടും അവ​ഗണനങ്ങൾ നേരിടുന്ന ഇക്കൂട്ടർ അവകാശങ്ങൾക്കായി ഇന്നും പോരാടുകയാണ്. മണ്ണിനും വിദ്യാഭ്യാസത്തിനും ഒക്കെയായി കാലങ്ങളായി ഇവരുടെ പോരാട്ടം തുടരുന്നു. 

മുത്തച്ഛൻ്റെ മരണത്തിന് ശേഷം ജയറാം സിദ്ദി എന്ന ബാലൻ്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് സിദ്ദി സമൂഹത്തിൻ്റെ കഥ സംവിധായകൻ പറയുന്നത്. മുത്തച്ഛൻ്റെ ആത്മാവിനോട് ബാലൻ സംസാരിക്കാൻ ശ്രമിക്കുന്നതും ബാധയൊഴിപ്പിക്കാൻ മന്ത്രവാദികൾ ശ്രമിക്കുന്നതുമെല്ലാമാണ് പിന്നീട് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ചിന്മയി സിദ്ദി എന്ന 14-കാരനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജയറാം സിദ്ദിയെ അവതരിപ്പിച്ചിരിക്കുന്നത്. 

ഈ സമൂഹത്തിലെ പലകാഴ്ചകളും പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്. അടിമകളായിരുന്ന കാലത്ത് തൻ്റെ പൂർവികർ നേരിട്ട വേദനയുടെ തീവ്രത ജയറാം സിദ്ദിയിലൂടെ പ്രേക്ഷകരിലേയ്ക്കും എത്തുന്നുണ്ട്. സിദ്ദി സമൂഹത്തിൻ്റെ തീവ്രമായ സം​ഗീതത്തിൻ്റെ അകമ്പടിയോടെയാണ് ചിത്രം പുരോ​ഗമിക്കുന്നത്. 

സം​ഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'റിഥം ഓഫ് ദമാം'. തലമുറകളായി സിദ്ദി സമൂഹം നേരിടുന്ന അടിച്ചമർത്തലും അവരുടെ അതിജീവന പോരാട്ടവും ഒക്കെ ദമാം എന്ന സംഗീതോപകരണത്തിന്റെ സാധ്യതകൾ മുൻനിർത്തിയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.  സിദ്ദി സമൂഹത്തിൻ്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ് സം​ഗീതം എന്ന് ചിത്രം പറയുന്നു. 

ആദ്യാവസാനം ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് ചിത്രം പുരോ​ഗമിക്കുന്നത്. സിദ്ദി സമൂഹത്തിൽനിന്നുള്ളവർ തന്നെയാണ് ചിത്രത്തിലെ അഭിനേതാക്കൾ. പ്രകടനം കൊണ്ട് ഞെട്ടിക്കുന്നുണ്ട് ഭൂരിഭാ​ഗം താരങ്ങളും. ചരിത്രത്താളുകളിൽ ഇടം പിടിക്കുന്നൊരു സൃഷ്ടി കൂടിയാണ് 'റിഥം ഓഫ് ദമാം'.

Content Highlights: A captivating film showcasing the marginalized Siddi community in Karnataka, India.