പാട്ടിന്റെ പാത്ത്... മനുഷ്യനെ തേടിയുള്ള യാത്ര | Review

പാത്ത്
പാത്ത്

ഒരു പാട്ടിനെത്തേടിപ്പോയ രണ്ടുപേരുടെ കണ്ടെത്തലുകളാണ് പാത്ത് എന്ന മലയാള ചിത്രം. മതത്തിനും ദേശത്തിനുമപ്പുറം മനുഷ്യനെ ഒന്നിപ്പിച്ചു നിർത്തുന്ന ഒന്നിലേക്കുള്ള യാത്രയാണ് ഈ സിനിമ. അതിന് കാരണമാകുന്നതാകട്ടെ ഒരുപാട്ടും. 

പരീക്ഷണ ഡോക്യുമെന്ററിയായെത്തി 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷകശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് പാത്ത്. ആളാരവങ്ങളില്ലാതെ വലിയൊരു സന്ദേശം ചെറു ക്യാൻവാസിലേക്ക് അതിന്റെ സ്വത്വം ചോരാതെ തന്നെ എത്തിക്കുന്നതിൽ സംവിധായകൻ ജിതിന്‍ ഐസക് തോമസ് വിജയിച്ചിട്ടുണ്ട്. ഐഎഫ്എഫ്‍കെ 2024 ല്‍ മലയാളം സിനിമാ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്.

സുഹൃത്തിന്റെ ട്രാവൽ വീഡിയോ എഡിറ്റ് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഉണ്ണി ഒരു പാട്ട് കേൾക്കുന്നത്. കെനിയൻ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളപാട്ടായിരുന്നു. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ അതേ ഈണത്തിലുള്ള പാട്ട് അമ്മൂമ്മയും പാടുന്നു. ഇത് കേട്ടതോടെ ഉണ്ണിക്ക് ആകാംക്ഷതോന്നി ഇതെവിടെ നിന്നെന്ന് അമ്മൂമ്മയോട് ചോദിക്കുന്നു. ഏതോ രാജ്യത്തുള്ള പാട്ട് അത് അമ്മൂമ്മയുടെ അരികിലെത്തണമെങ്കിൽ അതിൽ എന്തോ ഒരു കൗതുകം ഉണ്ടെന്ന് ഉണ്ണിക്ക് തോന്നുന്നു. 

തുടർന്ന് പാട്ടിന്റെ വേരെവിടെനിന്നെന്ന് കണ്ടെത്താൻ ഉണ്ണിയും പെൺസുഹൃത്തും ചേർന്ന് തീരുമാനിക്കുന്നു. എന്നാൽ പാട്ട് തേടിയുള്ള യാത്രയിലാണ് മനസ്സിലാകുന്നത് സമാന പാട്ട് അറിയാവുന്ന നിരവധി പേരുണ്ട് എന്ന കാര്യം. തുടർന്ന് പാട്ടിന്റെ വേര് കണ്ടെത്താൻ ഇരുവരും ഓരോരുത്തരേയും ചെന്നു കാണുന്നു. മനുഷ്യരെ ഒന്നിപ്പിക്കുന്ന ഘടകങ്ങളിലേക്കുള്ള യാത്ര ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് മുമ്പോട്ട് പോകുന്നത്. വ്യത്യസ്തമായ കഥാസന്ദര്‍ഭവും അവതരണ ശൈലിയും കൊണ്ട് പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവം സമ്മാനിക്കുന്നുണ്ട് ചിത്രം.

ചിത്രത്തിൽ അഭിനേതാക്കളായെത്തിയവർ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്. ഹാസ്യത്തിലൊതുക്കിയ സംഭാഷണം പ്രേക്ഷകരെ ചിത്രത്തിനൊപ്പം തന്നെ സഞ്ചരിപ്പിക്കുന്നുണ്ട്. ഗൗതമി ലക്ഷ്മി ഗോപൻ, ആഷിഖ് സഫിയ അബൂബക്കർ, എം കേതി, ചെറിയകാലൻ, പി.എം. ഐഷാബി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. 

വിൻസി അലോഷ്യസിന് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത രേഖ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് ജിതിൻ തോമസ് ഐസക്. 25-മത് കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച അറ്റൻഷൻ പ്ലീസ് എന്ന ചിത്രത്തിന്റെ സംവിധാനവും ജിതിൻ ആയിരുന്നു.

Content Highlights: international film festival of kerala paath movie review