കാമം,വിവാഹം, അരുതായ്മകള്‍.. വികാരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട കാലത്തെ അലിഖിത നിയമങ്ങൾ | Movie Review

മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി
മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി

ജീവിതത്തിന്റെ അന്ത്യത്തോടടുക്കുമ്പോള്‍ നമ്മള്‍ ജീവിച്ചു തീര്‍ത്ത ജീവിതത്തിലെ നഷ്ടങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വെറുതെയെങ്കിലും ആലോചിച്ചു നോക്കില്ലേ? നഷ്ടപ്പെടുത്തിയ കുട്ടിക്കാലം, ബാധ്യതകള്‍ക്ക് മുമ്പില്‍ വേണ്ടെന്നു വെച്ച കൗമാരം, വൈവാഹിക ജീവിതമെന്ന കെട്ടുപാടുകളില്‍ കുടുങ്ങി ഇല്ലാതായ യൗവ്വനം, പങ്കാളിയുടെ മുമ്പില്‍ ഉത്തമയായ പങ്കാളിയായി പരിവര്‍ത്തനപ്പെടുന്നതിനിടെ നഷ്ടപ്പെടുത്തിയ ആത്മസംതൃപ്തി, കുട്ടികളാകുമ്പോള്‍ പിന്നെ അവരുടെ വളര്‍ച്ച തൊട്ടുള്ള ഉത്തരവാദിത്തങ്ങള്‍... ഒടുവില്‍ എല്ലാം കഴിഞ്ഞ് ജീവിക്കാമെന്ന് വെച്ചാല്‍ വാര്‍ധക്യത്തിന്റെ ആധിക്യത്തില്‍ തളര്‍ന്നു പോകുന്ന ജീവിതം. മനുഷ്യര്‍ ഇങ്ങനെയൊക്കെയാണ്. കെട്ടുപാടുകള്‍ക്കിടയില്‍ ജീവിച്ചു മരിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍.

മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി (Memories of a burning body) എന്ന കോസ്റ്റോറിക്കന്‍ സിനിമയും ചര്‍ച്ച ചെയ്യുന്നത് ഇത്തരത്തില്‍ ഒരു വിഷയമാണ്. പേരുപോലെത്തന്നെ എരിഞ്ഞടങ്ങുന്ന ശരീരത്തിലെ ഓര്‍മകളാണ് സോള്‍ കാര്‍ബെലോയില്‍ കൂടി സംവിധായകന്‍ അന്റോണെല്ല സുദാസാസ്സി അവതരിപ്പിക്കുന്നത്. തന്റെ നല്ല കാലങ്ങളൊക്കെ നഷ്ടപ്പെട്ട തിരിച്ചറിവില്‍ ഒടുവില്‍ ഓര്‍മ്മകളുമായി കഴിയുന്ന വൃദ്ധ. അറുപത്തഞ്ചു വയസുകാരിയായ കഥാപാത്രത്തിന്റെ ചലനങ്ങളില്‍ കൂടി കഥ പറഞ്ഞു പോകുന്ന രീതിയാണ് സംവിധായിക ചിത്രത്തിന് സ്വീകരിച്ചിരിക്കുന്നത്. തന്റെ അപ്പാര്‍ട്‌മെന്റിനുള്ളില്‍ ഒതുങ്ങിക്കിടക്കുന്ന പഴയകാല ഓര്‍മ്മകളെ മൂന്ന് സ്ത്രീ കഥാപാത്രങ്ങളും ഓര്‍മ്മകളിലെന്ന പോല്‍ വന്നു പോകുന്നുണ്ട്.

അലിഖിതമായ കുറേയേറെ നിയമങ്ങള്‍ക്കും ചട്ടക്കൂടുകള്‍ക്കും ഉള്ളില്‍ ജീവിച്ച തന്റെ കുട്ടിക്കാലം. വൈവാഹിക ജീവിത ശേഷം ലൈംഗികതയിലെ സംതൃപ്തിയില്ലായ്മ, ഭര്‍തൃപീഡനം... അങ്ങനെ ജീവിതത്തിന്റെ ഏറെ ഭാഗവും കഴിഞ്ഞു പോയി വാര്‍ധക്യത്തില്‍ എത്തി നില്‍ക്കുന്ന നായികയുടെ ഓര്‍മ്മകളാണ് ചിത്രം. വളരെ പതിഞ്ഞ തുടക്കത്തില്‍ കൂടി ഒടുക്കം, കഥയുടെ കാമ്പിലേക്കെത്തുമ്പോഴേക്കും പ്രേക്ഷകരെ ഒരുപോലെ ചിന്തിപ്പിക്കുകയാണ് ചിത്രം. സ്ത്രീത്വത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള കഥാപാത്രങ്ങളായിട്ടാണ് സിനിമയില്‍ അഭിനേതാക്കളെ സംവിധായിക പ്ലേസ് ചെയ്തിരിക്കുന്നത്. തിരക്കഥയാണ് ചിത്രത്തിന്റെ കോര്‍.

അഭിനേതാക്കളായെത്തിയ സോള്‍ കാര്‍ബെല്ലോ, പൗളീന ബെര്‍നീനി, ജൂലിയാന ഫില്ലോയ് തുടങ്ങിയവര്‍ മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. തന്റെ നഷ്ടബോധം കാമുകനില്‍ കൂടി കണ്ടെത്തുന്ന നായികയേയും കൃത്യമായി വരച്ചിടുന്നുണ്ട് സംവിധായിക. വിവാഹമെന്ന ചട്ടക്കൂടില്‍ ഇല്ലാതാകുന്ന ബന്ധത്തെക്കൂടി ചിത്രത്തില്‍ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്.

29-മത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. നിറഞ്ഞ സദസ്സില്‍ മികച്ച പ്രേക്ഷകാഭിപ്രായത്തോടെയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ നായിക പൊളീന് ബെര്‍നീനിയും പ്രദര്‍ശന വേളയില്‍ ഉണ്ടായിരുന്നു. പ്രേക്ഷകരുടെ കൈയടികള്‍ക്ക് വളരെ ഏറെ സന്തോഷത്തോടെ അവര്‍ പ്രതികരിക്കുകയും ചെയ്തു.

Content Highlights: international film festival of kerala memories of a burning body movie review