ഒരാളിലേയ്ക്ക് ചുരുങ്ങുന്ന കുടുംബം, വശ്യതയുടെ നേർരൂപമായി 'ലിൻഡ' | REVIEW

പകരക്കാരിയായി വീട്ടുജോലിക്ക് എത്തി ആ കുടുംബത്തെയാകെ തൻ്റെ മാന്ത്രികച്ചരടിൽ കുരുക്കിയ യുവതിയുടെ കഥയാണ് 'ലിൻഡ'. ആരോടും ദേഷ്യപ്പെടാത്ത, അധികമൊന്നും സംസാരിക്കാത്ത ലിൻഡ പടികടന്നെത്തുന്നതോടെ ആ കുടുംബത്തിൻ്റെ താളം തെറ്റുകയാണ്. ലിൻഡയുടെ കെെയിലെ പട്ടമായി ആ കുടുംബത്തിലെ ഓരോരുത്തരും പാറിപ്പറക്കുന്നതോടെ കൗതുകത്തോടെ പ്രേക്ഷകനും അത് കണ്ടിരിക്കും.
ആദ്യാവസാനം ദുരൂഹതയോടെ സഞ്ചരിക്കുന്ന ഒരു ഇറോട്ടിക് ത്രില്ലറാണ് ഈ അർജൻ്റീനിയൻ ചിത്രം. രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് മരിയാൻ വെയ്ൻസ്റ്റൈൻ സംവിധാനം ചെയ്ത ചിത്രം പ്രദർശനത്തിനെത്തിയത്.
ലിൻഡയുടെ കഥ പറയുന്നത് അവളുടെ വശ്യത നിറഞ്ഞ കണ്ണുകളാണ്. ആ വശ്യതയിൽ നിന്നും കുടുംബത്തിലെ അച്ഛനും അമ്മയ്ക്കും മകനും മകൾക്കും പുറത്തുവരാൻ സാധിക്കുന്നില്ല. വലിയൊരു വീട്ടിൽ ജോലിക്കാരിയായി എത്തി പിന്നീട് ആ കുടുംബത്തിലെ പലരുടേയും ഇഷ്ടപാത്രമായി അവൾ മാറുകയാണ്, എല്ലാവരും ലിൻഡയിലേയ്ക്ക് ചുരുങ്ങുകയാണ്.
സുന്ദരിയും ചെറുപ്പക്കാരിയുമായ ലിൻഡ ജോലിക്കെത്തുന്നത് അനിഷ്ടത്തോടെ കണ്ടിരുന്നവരൊക്കെ പിന്നീട് അവളോട് വല്ലാതെ അടുക്കുന്നുണ്ട്. വീട്ടുകാരുടെ നിർദേശങ്ങൾ അവൾ കൃത്യമായി പാലിക്കുന്നുമുണ്ട്, ചിലപ്പോഴൊക്കെ അനുസരണയുള്ളവളെപ്പോലെ അഭിനയിക്കുന്നുമുണ്ട്. പെട്ടെന്നാർക്കും പിടിതരാത്തൊരു കഥാപാത്രം കൂടിയാണ് ലിൻഡ. ഇഷ്ടത്തോടെയാണോ ലിൻഡയുടെ ഓരോ ചലനങ്ങൾ എന്ന സംശയവും പ്രേക്ഷകരിൽ ഉടലെടുക്കുന്നുണ്ട്.
മാനസികമായും ശാരീരികമായി അടുക്കേണ്ടവരോട് ലിൻഡ ചേരുന്നുണ്ട്, ചിലരോട് അകലം പാലിക്കുന്നുമുണ്ട്. ആദ്യാവസാനം നിലനിർത്തുന്ന ദുരൂഹത തന്നെയാണ് ചിത്രത്തിൻ്റെ ഭംഗിയും.
ലിൻഡയുടേയും കുടുംബത്തിൻ്റേയും ശരി തെറ്റുകളൊക്കെ പ്രേക്ഷകനുതന്നെ സ്വയം കണ്ടെത്താനുള്ള സ്വാതന്ത്രം സംവിധായിക ബാക്കിവെക്കുന്നുണ്ട്. കഥയിൽ നഷ്ടങ്ങളൊക്കെയും ലിൻഡയ്ക്കാണോ അതോ അവൾക്ക് ചുറ്റുമുള്ളവർക്കാണോ എന്നതും പ്രേക്ഷകനുതന്നെ തീരുമാനിക്കാം.
Content Highlights: international film festival of kerala, iffk 2024, linda movie review