പതിനെട്ട് തികയുന്ന ദിവസം അവളൊരാളെ കൊന്നു..! വിവേചനത്തിന്റെ നേര്‍ച്ചിത്രമായി എല്‍ബോ | Review

എൽബോ
എൽബോ

സാഹചര്യങ്ങളുടെ ഇരയാണ് ഹസല്‍ എന്ന പതിനെട്ടുകാരി. ചുറ്റുപാടുകള്‍ക്കുള്ളിലെ കെട്ടുകളില്‍ നിന്നുള്ള മോചനത്തിനിടെ നിരാശാജനകമായ മാനസികാവസ്ഥയില്‍ കൂടി സഞ്ചരിക്കേണ്ടി വരുന്ന ഹസല്‍. പതിനെട്ട് തികയുന്നന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തിനായി പുറപ്പെടുന്നതോടെയാണ് ചിത്രത്തിന്റെ ഗതിമാറുന്നത്. 

പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ള അതിയായ മോഹത്തോടെയാണ് ഹസലും സുഹൃത്തുക്കളും പബ്ബിലേക്ക് പോകുന്നത്. എന്നാല്‍ അവിടെ അവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നു. തുടര്‍ന്ന് അസ്വസ്ഥതയോടെ തിരികെപ്പോകുന്നതിനിടയില്‍ വഴിയില്‍ വെച്ച് ഒരു യുവാവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. ഇതിനിടെ യുവാവ് കൊല്ലപ്പെടുന്നു. ഇതോടെ ഹസലിന്റെ ജീവിതം ആകെ താറുമാറാകുന്നു. ഹസലിന്റെ ജീവിതത്തിലൂടെ ജര്‍മ്മനിയിലെ, വിവിധ തരത്തില്‍ ജനങ്ങള്‍ നേരിടേണ്ടി വരുന്ന വിവേചനത്തിന്റെ കഥപറയുകയാണ് എല്‍ബോ (Elbow) എന്ന ചിത്രത്തിലൂടെ അസ്ലി ഒസാര്‍സ്ലാന്‍ (Asli Özarslan) എന്ന സംവിധായിക.

താനറിയാതെ ഒരു ക്രൈമിന്റെ ഭാഗമാകുന്നതോടെ ഹസലിന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍. നിയമത്തില്‍ നിന്ന് ഒളിച്ചോടാന്‍, ബെര്‍ലിന്‍ വിട്ട് അവള്‍ തന്റെ കാമുകന്റെ അടുത്തേക്ക് പോകുകയാണ് ഹസല്‍ ചെയ്യുന്നത്. എന്നാല്‍ അവിടെ നിന്ന് അവള്‍ ഏല്‍ക്കേണ്ടി വരുന്ന വിവേചനത്തെക്കുറിച്ചുള്ള നേര്‍ക്കാഴ്ചയും ചിത്രത്തില്‍ സംവിധായിക വ്യക്തമാക്കുന്നുണ്ട്.

2024 -ല്‍ പുറത്തിറക്കിയ ചിത്രമാണ് എല്‍ബോ. വിവേചനത്തിന്റെ നേര്‍ച്ചിത്രമാണ് അസ്ലി ഒസാര്‍സ്ലാനിന്റെ (Asli Özarslan) എല്‍ബോ (Ellbogen). 17കാരിയായ പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ 2024-ല്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ച ജമീല ബഗ്ദാഷും (Jamilah Bagdach) അതിഥിയായെത്തിയിരുന്നു.

ജര്‍മ്മന്‍ ടര്‍ക്കിഷ് എഴുത്തുകാരിയായ ഫത്മ അയ്‌ദെമിറിന്റെ (Fatma Aydemir) എല്‍ബോഗന്‍ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫ്രാന്‍സ് ഹേസല്‍ പ്രൈസ്, ക്ലോസ് മൈക്കല്‍ കൂനെ പ്രൈസ് അടക്കമുള്ള പുരസ്‌കാരം നോവല്‍ നേടിയിട്ടുണ്ട്. 

ഹസലായി മെലിയ കാരയാണ് വേഷമിട്ടിരിക്കുന്നത്. പുതുമുഖതാരമാണ് മെലിയ. എന്നാല്‍ ഒരു തുടക്കക്കാരിയുടെ യാതൊരു പ്രശ്‌നങ്ങളും അഭിനയത്തില്‍ പ്രതിഫലിച്ചിരുന്നില്ല. അസ്യ ഉത്കു, നൂര്‍ഗുല്‍ അയ്ദുരാന്‍, ദോഗ ഗുറര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read More at: നാസിസം തിരികെ വരികയാണോ? ചരിത്രത്തില്‍നിന്ന് ജര്‍മ്മനി ഒന്നും പഠിച്ചിട്ടില്ല | ജമീല ബഗ്ദാഷ് അഭിമുഖം

Content Highlights: international film festival of kerala elbow movie review