നഗ്നനായ നായകന് പറയാനുള്ളതെന്ത്? ശരീര രാഷ്ട്രീയത്തിന്റെ 'ബോഡി' | Review

പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ശരീരത്തെ കേന്ദ്രീകരിച്ചൊരുക്കിയ ഹിന്ദി ചിത്രമാണ് 'ബോഡി'. അഭിജിത് മജൂംദാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു തീയേറ്റര്‍ പ്ലേ കഴിഞ്ഞ് ആര്‍ട്ടിസ്റ്റുമാര്‍ അഭിനന്ദനം ഏറ്റുവാങ്ങുമ്പോള്‍ പൂര്‍ണ്ണ നഗ്‌നനായെത്തുന്ന നായകനിലൂടെയാണ് ചിത്രത്തിന്റെ തുടക്കം. താന്‍ പരിഗണിക്കപ്പെടുന്നില്ലെന്ന തോന്നലാണ് ആ കഥാപാത്രത്തിന്റെ ചെയ്തിക്ക് പിന്നിലെന്ന് ആദ്യം തോന്നിപ്പോകുമെങ്കിലും തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ മറ്റുപലതും നമ്മെ മനസ്സിലാക്കിത്തരും.
തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ മനോജ് ആണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. സംഘര്‍ഷങ്ങളാല്‍ പ്രക്ഷുബ്ധമാണ് മനോജിന്റെ മനസ്സ്. മനോജ് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന ചെറിയൊരു യാത്രയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നത്. യാത്രയിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രത്തിലുടനീളം പ്രതിഫലിക്കുന്നത്.
പടിപടിയായാണ് ചിത്രത്തിലെ കഥാപാത്ര നിര്‍മിതി. മനോജിന്റെ വിരസവും വിഷാദവും ചലനങ്ങളും ഏറെക്കുറെ ഒഴിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളില്‍ കൂടിയും ഫ്രെയ്മുകളില്‍ കൂടിയുമാണ് സംവിധായകന്‍ സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത്. തന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെക്കയറാനുള്ള ശ്രമത്തിനിടെയാണ് തൊട്ടടുത്തുള്ള വീട്ടിലെ കുട്ടിയെ പരിചയപ്പെടുന്നത്. എന്നാല്‍ ആ കുട്ടിയും ഒരു ഇരയാണെന്ന തിരിച്ചറിവ് മനോജിന് ഏറെ ഞെട്ടലുണ്ടാക്കുന്നു. തുടര്‍ന്ന്‌നുണ്ടാകുന്ന സംഭവങ്ങള്‍ മനോഹരമായാണ് ചിത്രം അവതരിപ്പിക്കുന്നത്. പലതും പറയാതെ ബാക്കിവെച്ച് പ്രേക്ഷകന് വിട്ടുകൊടുത്തുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
മികച്ച പ്രമേയത്തോടൊപ്പം ഉജ്ജ്വലമായ ദൃശ്യങ്ങളാണ് ചിത്രത്തെ മികവുറ്റതാക്കുന്നത്. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
യെതി എന്ന ചിത്രത്തില്‍ കൂടി 2014-ല്‍ ശ്രദ്ധ നേടിയ സംവിധായകനാണ് അഭിജിത് മജൂം ദാര്‍. ഖുഷ്ബു ഉപാധ്യായ്, ഉദയ് ചന്ദ്ര, സന്ദീപ് ശ്രീധര്‍ ധബാലെ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.
Content Highlights: international film festival of kerala body movie review