ഗ്രാമത്തെ പിടിച്ചുലയ്ക്കുന്ന ‘ബ്ലൗസ്’; ഈ കയ്യടി വെറുതെയല്ല, അങ്കമ്മാൾ ശരിക്കും ഞെട്ടിച്ചു | Review

നിലയ്ക്കാത്ത കയ്യടികൾ, സിനിമ കഴിഞ്ഞതും സംവിധായകരേയും താരങ്ങളേയും അഭിനന്ദിക്കാൻ ഓടിയെത്തുന്ന ഡെലിഗേറ്റുകൾ. ചോദ്യോത്തരത്തിനുള്ള സമയത്ത് ചോദ്യങ്ങളേക്കാളേറെ അഭിനന്ദനങ്ങൾ... കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ രണ്ടാം ദിനത്തിൽ അങ്കമ്മാൾ എന്ന ചിത്രത്തിന് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽനിന്ന് ലഭിച്ചത്. മലയാളിയായ വിപിൻ രാധാകൃഷ്ണനാണ് ഈ തമിഴ്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വൈകുന്നേരം ആറുമണിക്കായിരുന്നു കൈരളിയിൽ അങ്കമ്മാളിന്റെ പ്രദർശനം. അഞ്ചുമണിക്ക് മുമ്പു തന്നെ നീണ്ട നിരആരംഭിച്ചിരുന്നു. തീയേറ്റർ നിറഞ്ഞ് നിലത്തും ഡെലിഗേറ്റുകൾ ഇരിപ്പുറപ്പിച്ചിരുന്നു. പലരും സീറ്റ് ഫുള്ളായതിനാൽ കാണാൻ സാധിക്കാതെ നിരാശപ്പെട്ടു മടങ്ങുകയും ചെയ്തു.
പെരുമാൾ മുരുകന്റെ 'കോടിത്തുണി' എന്ന ചെറുകഥയിൽ നിന്നാണ് അങ്കമ്മാൾ എന്ന സിനിമ രൂപം കൊള്ളുന്നത്. ചട്ട അഥവാ ബ്ലൗസിലൂടെ അടിച്ചേൽപ്പിക്കലിന്റെയും തലമുറകൾ തമ്മിലുള്ള സംഘർഷങ്ങളുടെയും കഥ പറയുകയാണ് സിനിമ. സംഘർഷഭരിതമായ കവിതപോലെ അങ്കമ്മാൾ എന്ന ചിത്രം ദൃശ്യവത്കരിച്ചിട്ടുണ്ട് വിപിൻ രാധാകൃഷ്ണൻ എന്ന സംവിധായകൻ. തമിഴ്നാട് ഉൾനാടൻ ഗ്രാമമാണ് പശ്ചാത്തലം. ഉച്ചിമലക്കാറ്റിന്റെ കഥപറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. ഒടുവിൽ ചെറുനോവായ് അങ്കമ്മാൾ പ്രേക്ഷകമനസ്സിലിടം നേടി കൂടെക്കൂടുന്നുണ്ട്.
അങ്കമ്മാളിന്റെ മകന്റെ വിവാഹാലോചനയോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തന്റെ ഭാവിവധുവിന്റെ വീട്ടുകാർ തന്റെ വീട്ടിലേക്ക് വരുമ്പോൾ ബ്ലൗസ് ധരിക്കാതെ സാരിമാത്രം ഉടുത്ത് നിൽക്കുന്ന അമ്മ അങ്കമ്മാളിനെക്കുറിച്ച് മകൻ പവലത്തിന് സങ്കൽപ്പിക്കാൻ പോലും വയ്യ. തുടർന്ന് അങ്കമ്മാളിനെ ബ്ലൗസ് ധരിപ്പിക്കാൻ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. പവലും ചേട്ടനും അവരുടെ ഭാര്യയും ചേർന്ന് ഓരോ പദ്ധതികളുമായെത്തുന്നതും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ. ഒരുവേള താൻ ഏറ്റവുമധികം സ്നേഹിച്ച തന്റെ മകന് വേണ്ടി എല്ലാത്തിനും തയ്യാറാകുന്ന അങ്കമ്മാൾ. അടിച്ചേൽപ്പിക്കൽ എത്രത്തോളം അങ്കമ്മാളിന്റെ ജീവിത്തെ ബാധിക്കുന്നുണ്ടെന്ന് പ്രേക്ഷകനും അനുഭവവേദ്യമാകും. അത്രമേൽ കൃത്യതയോടെയാണ് സംവിധായകൻ ഓരോ കഥാപാത്രത്തെയും കഥാസന്ദർഭത്തെയും സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്. പഴമയും പുതുമയും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ കാതൽ. പഴയ കാഴ്ചപ്പാടുകളെ അംഗീകരിക്കാനുള്ള പുതുതലമുറകളുടെ പ്രശ്നങ്ങളും ചിത്രത്തിലൂടെ സംവിധായകൻ പറഞ്ഞുവെക്കുന്നു.
ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. അങ്കമ്മാൾ ആയി അഭിനയിച്ച ഗീതാ കൈലാസം ഓരോ നിമിഷവും കഥാപാത്രമായി ജീവിക്കുകയായിരുന്നു. അങ്കമ്മാളിന്റെ മുഖഭാവവും ശൈലികളും ഓരോ ചുവടുവെപ്പുപോലും അത്രയ്ക്ക് സൂക്ഷ്മതയോടെയാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. പവലം ആയി അഭിനയിച്ചിരിക്കുന്ന ശരൺ ശക്തി, മരുമകളായി വേഷമിട്ട തെൻട്രൽ രഘുനാഥൻ, ശരൺ, ഭരണി തുടങ്ങിയവരുടെ പ്രകടനവും മികച്ചതായി.
ഗാനവും പശ്ചാത്തല സംഗീതവും കഥാപശ്ചാത്തലം പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ‘എന്നു നിന്റെ മൊയ്തീനി’ലെ ‘എന്റെ കിതാബിലെ പെണ്ണേ..’ എന്ന ഗാനമാലപിച്ച മഖ്ബൂൽ മൻസൂറാണ് സംഗീത സംവിധാനം. ചിത്രത്തിന്റെ ദൃശ്യ ചാരുതക്കൊപ്പം നിൽക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പ്രേക്ഷകനെ തമിഴ്നാട് ഉൾനാടൻ ഗ്രാമത്തിലൂടെ അങ്കമ്മാളിനൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നു.
Content Highlights: iffk 2024 Angammal movie review