അവാർഡുകൾ വാരിക്കൂട്ടി 'ഫെമിനിച്ചി ഫാത്തിമ', റിവ്യൂ വായിക്കാം

.
.

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലും തിളങ്ങി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ നിന്നും  ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്‌കാരവും കെ ആര്‍ മോഹനന്‍ പുരസ്‌കാരവും സംവിധായകന്‍ ഫാസില്‍ മുഹമ്മദ് മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

'ഈസ്റ്റ് ഓഫ് നൂണ്‍', 'മാലു', 'റിഥം ഓഫ് ധമ്മാം', 'ദ ഹൈപ്പര്‍ബോറിയന്‍സ്', 'ദ അദര്‍സൈഡ്',  തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവില്‍ 'ഫെമിനിച്ചി ഫാത്തിമ' പോളിംഗില്‍ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു. പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തില്‍ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭര്‍ത്താവായ അഷ്റഫിന്റെ കര്‍ശന നിയന്ത്രണത്തില്‍ ജീവിക്കുന്ന ഫാത്തിമ തന്റെ മകന്‍ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാന്‍ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകള്‍ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന വിളിപ്പേരില്‍ കളിയാക്കുന്ന കേരള സമൂഹത്തില്‍ 'ഫെമിനിച്ചി ഫാത്തിമ' എന്ന തലക്കെട്ടു തന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയാണ്. 

ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാന്‍ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തില്‍ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫാസില്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയില്‍ സ്വീകരിച്ചത്.

‘ഞാനാണ് ഫെമിനിച്ചി ഫാത്തിമ’, കൈക്കുഞ്ഞുമായി തീയേറ്ററില്‍ എത്തിയ ഷംലയ്ക്ക് നിറഞ്ഞ കയ്യടി

ഫെമിനിച്ചി ഫാത്തിമ റിവ്യൂ വായിക്കാം 

ആദ്യമേ പറയട്ടെ, യാഥാസ്ഥിതിക മുസ്ലിം വിഭാഗത്തിൽ നിന്നുള്ള കഥയാണ് ഫെമിനിച്ചി ഫാത്തിമ എന്ന് കരുതിയെങ്കിൽ തെറ്റി. നമ്മുടെ ഓരോരുത്തരുടേയും വീടകത്തളങ്ങളിലേക്ക് തിരിച്ച ക്യാമറക്കണ്ണാണ് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ. ആൺമേധാവിത്വത്തിന്റെ കെട്ടുപൊട്ടിച്ചിറങ്ങിയ ഫാത്തിമ എന്ന സാധാരണപെൺകുട്ടിയ്ക്ക് ഭർത്താവ് ചാർത്തിക്കൊടുക്കുന്ന പേര്. ഒരു കിടക്കയെ കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കിടക്ക കൊണ്ട് കിടക്കപ്പൊറുതിയില്ലാതാകുന്ന ഒരുപാട് മുഖങ്ങളേയും സിനിമ കണ്ടിറങ്ങുമ്പോൾ ഒരു പക്ഷെ കാണാൻ സാധിക്കും. ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 

പൊന്നാനിയാണ് ചിത്രത്തിന്റെ പശ്ചാത്തലം. സാധാരണക്കാരിയായ ഫാത്തിമ രണ്ട് കുട്ടികൾക്കും ഭർത്താവിനുമൊപ്പമാണ് കഴിയുന്നത്. മദ്രസ അധ്യാപകനായ അഷ്റഫാണ് ഫാത്തിമയുടെ ഭർത്താവ്. മൂത്ത ആൺകുട്ടി രാത്രി ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. കിടക്ക വൃത്തിയാക്കാൻ വേണ്ടി ഫാത്തിമ അതെടുത്ത് വെളിയിൽ ഇടുന്നു. എന്നാൽ നായ കയറി വൃത്തികേടാക്കിയ കിടക്ക ഉപയോഗിക്കാൻ ഭർത്താവ് സമ്മതിക്കുന്നില്ല. എന്നാൽ, നടുവേദനയുടെ പ്രശ്നമുള്ള ഫാത്തിമയ്ക്ക് കിടക്കയില്ലാതെ കിടക്കുക എന്നത് ഏറെ ബുദ്ധിമുട്ടാകുന്നു. തുടർന്ന് ഒരു കിടക്കയ്ക്ക് വേണ്ടിയുള്ള ഫാത്തിമയുടെ സ്വരുക്കൂട്ടലാണ് ചിത്രം പറഞ്ഞുവെക്കുന്നത്. വെറുമൊരു കിടക്ക ഉപയോഗിച്ച് സംവിധായകൻ ഫാസിൽ മുഹമ്മദ് അത്രയും കൃത്യതയോടെയാണ് വിവേചനത്തിന്റെ, ആൺ മേൽക്കോയ്മയുടെ, മതക്കെട്ടുകളുടെ കഥ പറഞ്ഞുവെക്കുന്നത്.

തുടക്കത്തിൽ ഒരു മതവിഭാഗത്തെ മാത്രമെടുത്ത് ആക്ഷേപഹാസ്യമൊരുക്കിയിരിക്കുകയാണ് സംവിധായകൻ എന്ന് തോന്നിക്കുമെങ്കിലും അതിന്റെ മറ്റൊരു വശം കൂടി ചിത്രത്തിൽ കാണിക്കുമ്പോഴാണ് ചിത്രം എത്രത്തോളം യൂണിവേഴ്സലായി മാറുന്നു എന്ന കാര്യം മനസ്സിലാകുക. സിനിമ പോകെപ്പോകെ അത് ഒരു മതത്തെയോ അല്ലെങ്കിൽ ഒരു വിഭാഗത്തെയോ മാത്രം പ്രതിപാദിക്കുന്ന ചിത്രമല്ലെന്നും അതൊരു യൂണിവേഴ്സലായിട്ടുള്ള വിഷയമാണെന്നും നമുക്ക് മനസ്സിലാകും. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ, തുടക്കത്തിൽ മുഖം ചുളിച്ചിരുന്നവർ പോലും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന കാഴ്ചയാണ് കണ്ടത്.

900 പേര്‍ക്കിരിക്കാവുന്ന തിയേറ്ററില്‍ 1300 പേര്‍! 'ഫെമിനിച്ചി ഫാത്തിമ' മേളയില്‍ മെഗാഹിറ്റ്

രൂപത്തിലും ഭാവത്തിലും ഒരു ഗംഭീര സിനിമ എന്ന മാത്രമല്ല, തുടർന്നങ്ങോട്ട് ചർച്ചയാകേണ്ട വിഷയം കൂടിയാണ് ഇത്. ആക്ഷേപഹാസ്യമെന്ന് തോന്നിക്കുന്ന രീതിയിലുള്ള തുടക്കം. എന്നാൽ വെറുമൊരു ആക്ഷേപ ഹാസ്യ ചിത്രം മാത്രമല്ല സിനിമ എന്ന് കണ്ട് കഴിയുമ്പോൾ നമുക്ക് മനസ്സിലാകും.

കുടുംബ ജീവിതം, സ്ത്രീത്വം, ജെന്‍ഡര്‍ ഇക്വാലിറ്റി, ആത്മീയത തുടങ്ങിയ കാര്യങ്ങൾക്ക് യാതൊരു പോറലുമേൽപ്പിക്കാതെ വളരെ തൻമയത്വത്തോടെയാണ് വിഷയത്തെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തെ പ്രതിചേർത്തല്ല സിനിമ ഒരുക്കിയിരിക്കുന്നത്. നമ്മുടെ ഓരോരുത്തരേയുമാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ചിത്രത്തിൽ ഫാത്തിമയായി എത്തിയിരിക്കുന്നത് പട്ടാമ്പി സ്വദേശിയായ ഷംല ഹംസയാണ്. ഭർത്താവ് അഷറഫ് ആയി എത്തിയിരിക്കുന്നത് കുമാർ സുനിലും. പറയാതിരിക്ക വയ്യ, എന്ത് അടക്കത്തോടെയാണ് ആ കഥാപാത്രങ്ങൾ ഇരുവരും അഭിനയിച്ച് തകർത്തിരിക്കുന്നത്. വന്നവരും പോയവരും ഒക്കെ കിടിലൻ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു പക്ഷെ ഒരു സാധാരണ നാട്ടിൻപുറത്തുകാരായി എല്ലാവരും ജീവിക്കുകയായിരുന്നു സിനിമയിൽ.

മോക്യുമെന്ററി മുതൽ ഐഫോൺ ചിത്രങ്ങൾ വരെ; മേളയിൽ തിളങ്ങി മലയാള സിനിമ 

 

Content Highlights: international film festival of kerala feminichi fathima review