900 പേര്‍ക്കിരിക്കാവുന്ന തിയേറ്ററില്‍ 1300 പേര്‍! 'ഫെമിനിച്ചി ഫാത്തിമ' മേളയില്‍ മെഗാഹിറ്റ്

തിരുവനന്തപുരം: 'ചേച്ചി പ്ലീസ് ഒന്നരമണി തൊട്ട് വരി നില്‍ക്കുവാണ്.. നിന്നായാലും കണ്ടോളാം ഒന്ന് കയറ്റി വിടാമോ?' -ചലച്ചിത്രമേളയില്‍ ചൊവ്വാഴ്ച പ്രദര്‍ശിപ്പിച്ച 'ഫെമിനിച്ചി ഫാത്തിമ'യ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചപ്പോള്‍ ഗേറ്റില്‍നിന്ന വളണ്ടിയറോടുള്ള ഡെലിഗേറ്റിന്റെ ചോദ്യമാണ്. ഇതുപോലെ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും സിനിമ കാണാനാവാതെ നൂറുകണക്കിന് ഡെലിഗേറ്റുകളാണ് നിരാശരായി മടങ്ങിയത്.
ടാഗോറില്‍ ഉച്ചയ്ക്ക് 3.15നായിരുന്നു ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'യുടെ മേളയിലെ രണ്ടാമത്തെ പ്രദര്‍ശനം. ഒരുമണി മുതല്‍ തന്നെ ഫെമിനിച്ചി ഫാത്തിമ കാണാന്‍ ടാഗോര്‍ തിയേറ്ററിന് ചുറ്റും തിരക്ക് രൂപപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ റിസര്‍വേഷന്‍ ആരംഭിച്ച് ഒരു മിനിറ്റിനകം തന്നെ സീറ്റുകള്‍ നിറഞ്ഞു. റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ക്കായി 30 ശതമാനം സീറ്റുകളാണുള്ളത്. എന്നാല്‍, അണ്‍റിസര്‍വ്ഡ് ക്യൂവില്‍ മാത്രം തിയേറ്ററില്‍ കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു.
പ്രവേശനം ആരംഭിച്ചതോടെ പ്രവേശന കവാടത്തിന് മുന്നില്‍ ഡെലിഗേറ്റുകളും വളണ്ടിയേഴ്‌സും തമ്മില്‍ വാക്കേറ്റങ്ങള്‍ ഉണ്ടായി. വഴക്കുകൂടിയും പിണങ്ങിയും അപേക്ഷിച്ചുമൊക്കെ എങ്ങനെയും ഒരു സീറ്റ് ഒപ്പിക്കാന്‍ പലരും ശ്രമിച്ചു പക്ഷേ, ഫലമുണ്ടായില്ലെന്ന് മാത്രം. 900 ആണ് ടാഗോര്‍ തിയേറ്ററിന്റെ സീറ്റിങ് കപ്പാസിറ്റി. ഡെലിഗേറ്റുകളെ കയറ്റാന്‍ തുടങ്ങി മിനിട്ടുകള്‍ കൊണ്ടുതന്നെ ടാഗോര്‍ നിറഞ്ഞു. സിനിമ ആരംഭിക്കുമ്പോള്‍ ഏകദേശം 1300-ഓളം പേര്‍ തിയേറ്ററിനുള്ളില്‍ ഉണ്ടായിരുന്നെന്നാണ് വളണ്ടിയേഴ്‌സ് പറഞ്ഞത്. പടിക്കെട്ടുകളില്‍ ഇരുന്നും നിന്നുമെല്ലാം പ്രേക്ഷകര്‍ സിനിമ കണ്ടു.
സിനിമ കണ്ട് പുറത്തിറങ്ങിയ ഡെലിഗേറ്റുകള്‍ സംവിധായകനെയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഷംല ഹംസയെയും സുനിലും ഉള്‍പ്പെടെയുള്ളവരെയും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. 'സ്വപ്ന തുല്യമായ അംഗീകാരമാണ് ഇത്. ഓരോ പ്രദര്‍ശനത്തിലും തിരക്ക് കൂടി കൂടി വരുകയാണ്. നല്ല സിനിമകള്‍ എവിടെയാണെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും അംഗീകരിക്കുമെന്നതിന്റെ തെളിവാണ് ഈ തിരക്ക്' -ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
Content Highlights: huge crowd for feminichi fathima movie