വീണ്ടുമൊരു കാഴ്ചക്കാലം; ഡെലിഗേറ്റുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി.യുടെ ഇ-ബസുകള്‍

തിരുവനന്തപുരം: ലോകസിനിമയുടെ തീര്‍ഥാടനകാലത്തിന് വെള്ളിയാഴ്ച കൊടിയേറ്റം; ഇനി ഒരു വാരം പലനാടുകളുടെ കഥയും കദനവും തലസ്ഥാനത്ത് കുടിയേറും. 'ഐ ആം സ്റ്റില്‍ ഹിയര്‍' എന്ന ഉദ്ഘാടനചിത്രത്തിനു പിന്നാലെ ഡെലിഗേറ്റുകളും പറയും- ഞങ്ങളും ഇവിടെത്തന്നെയുണ്ട്! 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച വൈകീട്ട് കനകക്കുന്നില്‍ തുടക്കമാകും.
മേളയുടെ പ്രധാനകേന്ദ്രമായ ടാഗോര്‍ തിയേറ്ററും പരിസരവും കാഴ്ചകള്‍ക്കും സിനിമാ ചര്‍ച്ചകള്‍ക്കും സൗഹൃദക്കൂട്ടായ്മകള്‍ക്കുമൊക്കെ തയ്യാറായിക്കഴിഞ്ഞു.
മീറ്റ് ദ പ്രസിനും സംവാദങ്ങള്‍ക്കുമൊക്കെ പ്രധാന വേദിയാവുന്നതും ടാഗോറാണ്. 20വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളില്‍നിന്നുള്ള സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ രണ്ടു മലയാളം സിനിമകളടക്കം 14 സിനിമകളാണ് മത്സരത്തിനുള്ളത്.
20വരെ 15 തിയേറ്ററുകളിലായാണ് മേള നടക്കുക. 13000-ലേറെ ഡെലിഗേറ്റുകളാണ് ഇക്കുറി മേളയ്ക്കെത്തുന്നത്. മേളയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്‍, മലയാള സിനിമയിലെ മുതിര്‍ന്ന നടിമാര്‍ക്ക് ആദരമൊരുക്കുന്ന 'മറക്കില്ലൊരിക്കലും', കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടക്കും.
Content Highlights: international film festival of kerala to start today