'സിനിമയിൽ കലാകാരികൾക്ക് അന്തസ്സോടെ പ്രവർത്തിക്കാൻ അന്തരീക്ഷമൊരുക്കും'; IFFK-യ്ക്ക് തിരിതെളിഞ്ഞു

#സ്വന്തം ലേഖകന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ 29-ാമാത് കേരള രാജ്യാന്തര ചലച്ചിത്രമേളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു | ഫോട്ടോ: ബി.മുരളീകൃഷ്ണന്‍/ മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയന്‍ 29-ാമാത് കേരള രാജ്യാന്തര ചലച്ചിത്രമേളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു | ഫോട്ടോ: ബി.മുരളീകൃഷ്ണന്‍/ മാതൃഭൂമി

തിരുവനന്തപുരം: സിനിമാരംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചരിത്രംകൊണ്ടും വലുപ്പംകൊണ്ടും ലോകത്ത് നിരവധി മേളകളുണ്ടെങ്കിലും ഐ.എഫ്.എഫ്.കെ. ബഹുദൂരം മുന്നേറിയിരിക്കുന്നു. ലോകത്തില്‍തന്നെ ഏറ്റവും വലിയ രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐ.എഫ്.എഫ്.കെ. മാറി. ചലച്ചിത്രമേള എന്നതിനപ്പുറം യുവതീ യുവാക്കള്‍ക്ക് പുതു ട്രെന്‍ഡുകള്‍ പരിചയപ്പെടാനുള്ള വേദി കൂടിയായി മേള മാറി. ഇന്ന് മേളയില്‍ ആദരിക്കപ്പെടുന്ന എല്ലാവരും സ്ത്രീകളാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. സിനിമാരംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സിനിമ എത്തിച്ചേരുന്നത് മനുഷ്യനിലേക്കാണെന്ന് സ്വാഗത പ്രസംഗം നിര്‍വഹിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു. മനുഷ്യന്റെ ജീവിത സംഘര്‍ഷങ്ങളിലേക്ക് കാമറ തിരിയുന്ന ശക്തിയും ലോകത്തെ ഒന്നുപ്പിക്കാനുള്ള അപാരശക്തിയും സിനിമക്കുണ്ട്. വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും പ്രേംകുമാര്‍ പറഞ്ഞു. 

ഉദ്ഘാടനചടങ്ങില്‍ ഹോങ്കോങ്ങില്‍നിന്നുള്ള സംവിധായക ആന്‍ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. മുഖ്യാതിഥിയായിരുന്ന നടി ശബാന ആസ്മിയെയും ചടങ്ങില്‍ ആദരിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായ ചടങ്ങില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, വി.കെ.പ്രശാന്ത് എം.എല്‍.എ. തുടങ്ങിയവരും പങ്കെടുത്തു. 

ഡിസംബര്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് മറ്റൊരു ആകര്‍ഷണമായിരിക്കും. അര്‍മേനിയന്‍ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 13000-ല്‍പ്പരം ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്ന ഐ എഫ് എഫ് കെയുടെ 29-ാം പതിപ്പില്‍ നൂറോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ അതിഥികളായെത്തും.

Content Highlights: cm pinarayi vijayan inaugurats 29th film festival of kerala