ശക്തമായ രാഷ്ട്രീയത്തിന്റെ 'നിശ്ചല ഫ്രെയിമുകൾ', നിലത്തിരുന്നും ചിത്രം കണ്ട് ഡെലിഗേറ്റുകൾ

'ടെറസ്ട്രിയൽ വേഴ്സസ്' കാണാൻ പ്രതിനിധികൾ നിലത്തിരിക്കുന്നു
'ടെറസ്ട്രിയൽ വേഴ്സസ്' കാണാൻ പ്രതിനിധികൾ നിലത്തിരിക്കുന്നു

ഒരു ജനതയുടെ പ്രശ്നങ്ങൾ കോർത്തിണക്കി ഭരണകൂടത്തിന് നേരെയുള്ള ചോദ്യങ്ങളുമായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് 'ടെറസ്ട്രിയൽ വേഴ്സസ്'. മേളയിൽ ഗംഭീര പ്രതികരണമാണ് ആദ്യ ഷോ കഴിഞ്ഞത് മുതൽ ഈ ഇറാനിയൻ ചിത്രത്തിന് ലഭിച്ചത്. മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതൽ ഡെലിഗേറ്റുകളിലേക്ക് ചിത്രം എത്തിയതോടെ രണ്ടാമത്തെയും മൂന്നാമത്തെയും ഷോയ്ക്ക് തിരക്കേറി. 

മൂന്നാമത്തെ ഷോയ്ക്ക് നിലത്തിരുന്നും ചിത്രം കാണാൻ ഡെലിഗേറ്റുകൾ തയാറായി. ചിത്രം സംസാരിക്കുന്ന ശക്തമായ രാഷ്ട്രീയവും വ്യത്യസ്തമായ അവതരണവുമാണ് പ്രേക്ഷകരെ ആകർഷിച്ചത്. സ്പെഷ്യൽ ഷോ വേണമെന്ന ആവശ്യവും ഇവരുടെ ഭാഗത്ത് നിന്നും ഉയർന്നു.

അലി അസ്ഗാരി, അലിറെസ ഖദാമി എന്നിവർ ചേർന്നൊരുക്കിയ ചിത്രത്തിൽ മനുഷ്യന്റെ ഇഷ്ടങ്ങൾക്കും സ്വാതന്ത്ര്യത്തിനും മേൽ കൈ കടത്തുന്ന, അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ പ്രതീകങ്ങളെ  കാണാം. കുഞ്ഞിന്റെ പേര് പോലും മാതാപിതാക്കൾക്ക് സ്വന്തം ഇഷ്ടാനുസരണം ഇടാൻ സാധിക്കാതെ വരുന്ന സാഹചര്യം പറഞ്ഞുതുടങ്ങുന്ന ചിത്രം പല തലങ്ങളിലൂടെ പിന്നെ സഞ്ചരിക്കുകയാണ്.

ഇറാനിലെ രാഷ്ട്രീയ സാഹചര്യത്തിന് നേരെയുള്ള ചൂണ്ടുവിരലാകുന്ന ചിത്രം ഒൻപത് വ്യത്യസ്ത സാഹചര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. സ്വാതന്ത്ര്യം ഹനിക്കപ്പെട്ട, നിയമക്കുരുക്കുകളുടെ ചങ്ങലകളിൽ അകപ്പെട്ട മനുഷ്യർ പ്രേക്ഷകരുടെ മുഖത്ത് നോക്കി സംസാരിക്കുന്ന പ്രതീതിയാണ് ചിത്രം സമ്മാനിക്കുന്നത്. അധികാരികളുടെ സ്ഥാനത്ത് പ്രേക്ഷകനാണെന്ന തോന്നൽ ഉളവാകുന്നത് ചിലരെയെങ്കിലും ആസ്വസ്ഥരാക്കിയേക്കാം.

ചിത്രം കാണാൻ കഴിയാതെ നിരവധിയാളുകളാണ് നിരാശയോടെ മടങ്ങിയത്. വേൾഡ് സിനിമ വിഭാഗത്തിലാണ് ചിത്രം മേളയിൽ പ്രദർശനത്തിന് എത്തിയത്.

Content Highlights: iffk 2023 Terrestrial Verses Iranian cinema, movie