ബ്രിട്ടീഷ് സിനിമയുടെ വിശാലതയിലേക്ക് ഒ. മാധവന്റെ കൊച്ചുമക്കൾ

‘കാളിദാസ കലാകേന്ദ്ര’ത്തിന്റെ തലമുറകൾ കടന്ന വളർച്ചയുടെ പെരുമയിലേക്ക് ബ്രിട്ടീഷ്- ഇന്ത്യൻ സിനിമയും. നാടകാസ്വാദനത്തിന്റെ വിവിധതലങ്ങൾ മലയാളിക്കു സമ്മാനിച്ച ആചാര്യൻ ഒ.മാധവന്റെ കൊച്ചുമക്കളായ നതാലിയാ ശ്യാമും നീതാ ശ്യാമും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയത് സ്വന്തം സിനിമയുമായാണ്.
നീതയുടെ തിരക്കഥയെ ആസ്പദമാക്കി നതാലിയ സംവിധാനം ചെയ്ത 'ഫൂട്ട്പ്രിന്റ്‌സ് ഓൺ വാട്ടേഴ്‌സ്' പ്രദർശിപ്പിക്കുന്നത് വനിതാ സംവിധായകരുടെ വിഭാഗത്തിലാണ്. ഒ.മാധവന്റെ ഇളയമകൾ ജയശ്രീയുടെ മക്കളാണ് ഇവർ. ജയശ്രീയും ഭർത്താവ് ശ്യാംലാലും മക്കളും ഇംഗ്ലണ്ടിലാണ് താമസം. അമ്മാവനായ നടൻ മുകേഷ് എം.എൽ.എ. പിന്തുണയുമായി ഒപ്പമുണ്ടെന്ന് നീത പറഞ്ഞു.
മേളയിലെ ആദ്യ പ്രദർശനം ശനിയാഴ്ച അജന്താ തിയേറ്ററിലായിരുന്നു. സിനിമ കാണാൻ നീതയ്‌ക്കൊപ്പം അമ്മയുടെ സഹോദരി സന്ധ്യയും അവരുടെ ഭർത്താവ് നടൻ രാജേന്ദ്രനും മുകേഷിന്റെ ഇളയമകൻ തേജസും നർത്തകി മേതിൽ ദേവികയുമുണ്ടായിരുന്നു. 16 ചലച്ചിത്രമേളകളിൽ പങ്കെടുത്ത് 12 പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് 'ഫൂട്ട്പ്രിന്റ്‌സ് ഓൺ വാട്ടർ'.
ഇംഗ്ളണ്ടിലേക്ക് അനധികൃതമായി കുടിയേറിയവരുടെ കഥയാണ് സിനിമയുടെ പ്രമേയം. കാണാതായ മകളെ കണ്ടെത്താൻ അച്ഛൻ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
അച്ഛനായി ബോളിവുഡ് നടൻ ആദിൽ ഹുസൈനും മകളായി നടി നിമിഷാ സജയനുമാണ് അഭിനയിക്കുന്നത്. ലെനയാണ് അമ്മയായി എത്തുന്നത്. ബ്രിട്ടീഷ് നടൻ അന്റോണിയോ അക്കീൽ ആണ് മറ്റൊരു നടൻ. അഴകപ്പനാണ് ഛായാഗ്രാഹകൻ. ശബ്ദമിശ്രണം- റസൂൽ പൂക്കുട്ടി. നിർമാണം- മോഹൻ നാടാർ. ഇംഗ്ളീഷ് ഭാഷയിലാണ് സിനിമ. കഥയുടെ ഗതിയനുസരിച്ച് മലയാളം, ഹിന്ദി, തമിഴ് ഭാഷകളും കഥാപാത്രങ്ങൾ പറയുന്നുണ്ട്. തിരക്കഥ പൂർത്തിയാക്കാൻ നാലുവർഷമെടുത്തു.
Content Highlights: IFFK 2023 o Madhavan grandchildren, nathalia syam, neetha syam, Footprints on Water