സ്ത്രീപക്ഷ കാഴ്ചകളുടെ ഉത്സവമായി വനിതാ സംവിധായകരുടെ 41 ചിത്രങ്ങൾ

സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയ വനൂരി കഹിയുവിനെ ചലച്ചിത്രമേള വേദിയിൽ സാംസ്കാരികമന്ത്രി സജി ചെറിയാൻ അ‌ഭിവാദ്യം ചെയ്യുന്നു
സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയ വനൂരി കഹിയുവിനെ ചലച്ചിത്രമേള വേദിയിൽ സാംസ്കാരികമന്ത്രി സജി ചെറിയാൻ അ‌ഭിവാദ്യം ചെയ്യുന്നു

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകശ്രദ്ധ നേടി വനിതാ സംവിധായകരുടെ ചിത്രങ്ങൾ. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ച വനൂരി കഹിയു, മലയാളി സംവിധായകരായ ശ്രുതിശരണ്യം, നതാലിയാ ശ്യാം, ശാലിനി ഉഷാദേവി, അ‌ൾജീരിയൻ സംവിധായിക മൂന്യ മെഡോർ, കൊറിയൻ സംവിധായിക ജൂലി ജംഗ് എന്നിവരുടേതടക്കം 41 സിനിമകളാണ് വനിതാ സംവിധയകരുടേതായി മേളയിൽ എത്തിയത്. ലോകത്തെക്കുറിച്ചുള്ള സ്ത്രീകളുടെ അഭ്രപാളിയിലെ കാഴ്ചകളെയും കാഴ്ചപ്പാടുകളേയും വിലയിരുത്തലുകളേയും നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. 

കെനിയയിലെ യാഥാസ്ഥിതിക ചിന്തകൾക്കെതിരെ പോരാടുന്ന വനൂരി കഹിയുവിന്റെ 'റഫീക്കി' എന്ന ചിത്രത്തിന് മേളയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഹിയുവിന്റെ ഫ്രം എ വിസ്പർ, പുംസി എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനമാണ് ഓസ്കാർ എൻട്രി നേടിയ അനിമേഷൻ ചിത്രമായ ദി പെസൻറ്സിൻ്റെ പ്രമേയം. 

നതാലി ശ്യാമിന്റെ ഫൂട്പ്രിന്റ്സ് ഓൺ വാട്ടറിൽ നിന്നൊരു രംഗം

ഡി കെ വെൽച്ച്മാനും ഹ്യൂ വെൽച്ച്മാനും ചേർന്ന് ഒരുക്കിയ പോളിഷ് ചിത്രത്തിന് മേളയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. യുകെയിലേക്ക് കുടിയേറുന്നവരുടെ ദുരവസ്ഥ ചർച്ച ചെയ്യുന്ന നതാലിയ ശ്യാം ചിത്രം ഫൂട്പ്രിന്റ്സ് ഓൺ വാട്ടറും ശ്രദ്ധനേടി. ഒൾഫാ എന്ന സ്ത്രീയുടെ ജീവിതം പ്രമേയമാക്കി ടുണീഷ്യൻ സംവിധായിക കാവോത്തർ ബെൻ ഹനിയ ഒരുക്കിയ ഫോർ ഡോട്ടേഴ്സ്, മിൻജ്യൂ കിമിന്റെ എ ലെറ്റർ ഫ്രം ക്യോട്ടോ, ലായെറ്റെറ്റിയ കോളോബാനിയുടെ ദി ബ്രെയ്ഡ്, ജൂലി ജംഗിന്റെ നെക്സ്റ്റ് സോഹീ, റമറ്റ ടൗലായേയുടെ ബാനെൽ & അടാമ, മൂന്യ മെഡോറിന്റെ ഹൂറിയ തുടങ്ങിയ ചിത്രങ്ങൾക്കും മികച്ച വരവേൽപ്പാണ് ലഭിച്ചത്. 

അയൽ രാജ്യങ്ങൾ തമ്മിലുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും തൊഴിൽ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ദിവ ഷായുടെ ബഹദൂർ ദി ബ്രേവ് ഫെസ്റ്റിവൽ കാലെയ്‌ഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു. ആറു സ്ത്രീകളുടെ കഥ പറയുന്ന ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ശാലിനി ഉഷാദേവിയുടെ എന്നെന്നും എന്നീ മലയാള ചിത്രങ്ങളും മേളയിൽ തിളങ്ങി. 

ടൈഗർ സ്​ടൈ്രപ്സിൽ നിന്ന്

മെക്സിക്കൻ സംവിധായിക ലില അവിലേസിന്റെ ടോട്ടം, ബ്രസീലിയൻ സംവിധായിക ലില്ല ഹല്ലയുടെ പവർ അ‌​ലൈ എന്നിവ മത്സര വിഭാഗത്തിൽ നിന്നും മികച്ച അ‌ഭിപ്രായം നേടി. നവാഗതയായ അമാൻഡ നെൽയു സംവിധാനം ചെയ്ത മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സും മേളയിലെ മികച്ച ചിത്രങ്ങളിലൊന്നായി. നിശാഗന്ധിയിലെ മിഡ്​നൈറ്റ് സ്ക്രീനിങ്ങിനും തിരഞ്ഞെടുക്കപ്പെട്ട ചിത്രം മലേഷ്യയുടെ ഇത്തവണത്തെ ഔദ്യോഗിക ഓസ്കാർ എൻട്രി കൂടിയാണ്.

Content Highlights: 28th iffk, women directors 41 movies screened at iffk 2023