അപ്രിയസത്യങ്ങളുടെ ഭയപ്പെടുത്തുന്ന കാഴ്ചകളിലേക്കൊരു ജാലകം | Invisible Windows Review

ചിത്രത്തിൽ നിന്ന്
ചിത്രത്തിൽ നിന്ന്

ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച മലയാളചിത്രം എന്ന വിശേഷണവുമായി ഡോ.ബിജു-ടൊവിനോ തോമസ് ചിത്രം അദൃശ്യജാലകങ്ങള്‍ തിയേറ്ററുകളിലെത്തിയിരിക്കുന്നു. മലയാളസിനിമയിലെ സമാന്തര ചിത്രങ്ങളുടെ ശ്രേണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങളെടുത്താല്‍ അതിലുണ്ടാവും ഡോ.ബിജു എന്ന സംവിധായകനും ചിത്രങ്ങളും. പറയുന്ന വിഷയങ്ങള്‍ തന്നെ അതിന് കാരണം. ആ പതിവ് ഇക്കുറിയും തെറ്റിച്ചിട്ടില്ല അദ്ദേഹം.

പതിവുപോലെ പേരില്ലാത്ത കഥാപാത്രങ്ങളിലൂടെയാണ് ഡോ.ബിജു അദൃശ്യജാലകങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആണവയുദ്ധം എന്ന അതിഭയാനകമായ പശ്ചാത്തലത്തിലാണ് കഥ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അദ്ദേഹം വെച്ചിരിക്കുന്നത്. ഒരു ആണവനിലയം, അതിന് സമീപത്തായി താമസിക്കുന്ന മൂന്ന് ജീവിതങ്ങള്‍. ഇവരിലൂടെയാണ് ആണവയുദ്ധത്തിന്റെ ഭീഷണി അനാവരണം ചെയ്യപ്പെടുന്നത്. ഓരോ രംഗത്തിലും ഏതെങ്കിലുമൊരു രീതിയില്‍ യുദ്ധം എന്ന സാഹചര്യം ചിത്രത്തില്‍ സജീവമായി നിലനിര്‍ത്തപ്പെടുന്നുണ്ട്.

യുദ്ധത്തിനൊപ്പം ഭരണകൂട ഭീകരതയും പൊലീസ് ഭീകരതയുമെല്ലാം പല കഥാപാത്രങ്ങളിലൂടെ കണ്‍മുന്നില്‍ തെളിയുന്നുണ്ട്. എല്ലാവരും പാട്ടുകേട്ടിരുന്നെങ്കില്‍, പുസ്തകം വായിച്ചിരുന്നെങ്കില്‍ ഈ ലോകത്ത് യുദ്ധം ഇല്ലാതാകുമായിരുന്നു എന്ന് രണ്ട് കഥാപാത്രങ്ങള്‍ പറയുന്നുണ്ട്. രണ്ടുപേരും ഭരണകൂടഭീകരതയുടെ ഇരകളാണ്. ഇവരെ കാണിക്കുന്ന അതേസമയംതന്നെ യുദ്ധത്തിന് കോപ്പുകൂട്ടുന്നവര്‍തന്നെ യുദ്ധത്തേക്കുറിച്ചുള്ള പുസ്തകം വായിക്കുന്നതും അസുരഭാവത്തിലുള്ള സംഗീതം ആസ്വദിക്കുന്നതും മറുവശത്ത് കാണാം.

ആഗ്രഹിച്ച മണ്ണില്‍ക്കിടന്ന് മരിക്കുവാന്‍ പോലും സാധിക്കാതെ, കുടിയിറക്കല്‍ ഭീഷണിയില്‍ ജീവിതം തള്ളിനീക്കുന്നവരെല്ലാം ഒരുപോലെയാണെന്നതിനാലാവാം ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് പേരില്ലാത്തത്. മരിച്ചു കഴിഞ്ഞാല്‍ എല്ലാവരും ശവങ്ങളെന്നല്ലേ അതിനെ വിളിക്കാറ് എന്ന ഒരു കഥാപാത്രത്തിന്റെ സംഭാഷണം മേല്‍പ്പറഞ്ഞ ചിന്തയ്ക്ക് ആക്കം കൂട്ടുന്നു. ഈ ലോകത്ത് ഭ്രാന്തുള്ളവര്‍ക്കേ സ്വസ്ഥമായി ജീവിക്കാനാവൂ എന്നതരത്തിലുള്ള ചിന്തകളും ചിത്രം മുന്നോട്ടുവെയ്ക്കുന്നുണ്ട്.

ഭ്രാന്തനെന്ന് മുദ്രകുത്തി പോലീസ് ഭ്രാന്താശുപത്രിയിലാക്കുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്ത ഊരും പേരുമില്ലാത്ത കഥാപാത്രമാണ് ടൊവിനോയുടേത്. ഇതുവരെ കാണാത്ത രൂപഭാവങ്ങളുള്ള നായകകഥാപാത്രം ടൊവിനോയുടെ കരിയറിലെ വഴിത്തിരിവാകുമെന്ന് ഉറപ്പാണ്. പ്രതിരോധത്തിന്റെ പ്രതീകമാണ് നിമിഷാ സജയന്റെ നായികാ കഥാപാത്രം. തനിക്ക് പറയാനുള്ളത് ഉച്ചത്തില്‍ പറഞ്ഞതിന്റെ ഫലമായി അക്രമികളുടെ വെടിയേറ്റുമരിച്ച വിപ്ലവകാരിയാണ് ഇന്ദ്രന്‍സിന്റെ കഥാപാത്രം. ബിജിപാലിന്റെ കഥാപാത്രമാകട്ടെ പോലീസ് വേട്ടയുടെ ഇരയും.

യുദ്ധം മുറിപ്പെടുത്തുന്ന മനസുകളിലേക്കും ജീവിതങ്ങളിലേക്കുമുള്ള ജാലകക്കാഴ്ചകളാണ് പേരില്ലാ കഥാപാത്രങ്ങളിലൂടെ ഡോ. ബിജു കണ്മുന്നില്‍ കാട്ടിത്തരുന്നത്.

Content Highlights: tovino thomas in dr biju movie adrishya jalakangal review iffk 2023