ഹിമപാതത്തില്‍ കുടുങ്ങിയ യുവാവിന്റെ അതിജീവനകഥ | The Snowstorm Review

#സനിത
ദി സ്‌നോ സ്റ്റോം എന്ന ചിത്രത്തിൽ നിന്നൊരുരം​ഗം
ദി സ്‌നോ സ്റ്റോം എന്ന ചിത്രത്തിൽ നിന്നൊരുരം​ഗം

ന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ ശനിയാഴ്ച പ്രദര്‍ശിപ്പിച്ച കസാക്ക് ചിത്രമാണ് ദി സ്‌നോ സ്റ്റോം. കസാക്കിസ്ഥാന്‍ സംവിധായകനായ സെര്‍ബാന്‍ ഗുക്കോവാണ് ചിത്രം സംവിധാനം ചെയ്തത്. കസാക്കിസ്ഥാനില്‍ നിന്ന് തൊട്ടടുത്ത ഗ്രാമത്തിലേക്ക് തന്റെ ഉപജീവന സാമഗ്രികളുമായി പുറപ്പെട്ട ഒരു യുവാവിന് മഞ്ഞുവീഴ്ചയില്‍ വഴിതെറ്റുന്നതാണ് സ്നോ സ്റ്റോമിന്റെ പ്രമേയം. ഈ കഥ നടക്കുന്നത് കസാക്കിസ്ഥാൻ USSR ന്റെ ഭാഗമായിരുന്ന കാലത്താണ്. കസാഖ് യുവാവിന്റെ വീട്ടിൽ ലെനിന്റെ ചിത്രം ഉണ്ട്. ഹിമകൊടുങ്കാറ്റിൽ നിന്ന് രക്ഷപ്പെട്ട് ചൈനീസ് അതിർത്തി പിന്നിട്ട് ഒരു പാലം കടന്ന് തിരിച്ച് നാട്ടിലെത്തുമ്പോൾ അവിടെ ഒരു പോസ്റ്റിൽ USSR എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കസാഖ് ഭാഷ സംസാരിച്ചിരുന്ന ഒരു പ്രവിശ്യയാണ് USSR ഇല്ലാതായതോടെ പിന്നീട് കസാഖിസ്ഥാൻ ആയി മാറുന്നത്. കസാഖിസ്ഥാന്റെ കിഴക്കൻ അതിർത്തിയിലാണ് ചൈന. കസാക്കിസ്ഥാന്‍ ഒരു തണുപ്പുരാജ്യമാണ്. ആദ്യം ചെറുതായി തുടങ്ങിയ മഞ്ഞുവീഴ്ച പിന്നെ ഒരു കൊടുങ്കാറ്റായി മാറുന്ന കാഴ്ചയാണ് സിനിമയില്‍ കാണുന്നത്. വളരെ ഭംഗിയായി അതിന്റെ ദൃശ്യള്‍ പകര്‍ത്തിയിട്ടുണ്ട്. സിനിമ കഴിഞ്ഞാല്‍ നമ്മള്‍ ഒരു മഞ്ഞുമലയില്‍ പോയി കുളിച്ച പ്രതീതി സിനിമ തരുന്നുണ്ട്. ചെറുതായി തുടങ്ങിയ മഞ്ഞുമഴ പിന്നെ ഒരു മഞ്ഞുകൊടുങ്കാറ്റായി മാറുകയും നമ്മുടെ കസാക്കിസ്ഥാന്‍ യുവാവിന്റെ വണ്ടിയുടെ ചക്രങ്ങള്‍ മഞ്ഞില്‍ പുതഞ്ഞുപോവുകയും ചെയ്യുന്നു. അതില്‍ നിന്ന് അതിജീവിക്കാനുള്ള ശ്രമങ്ങള്‍ അയാള്‍ നടത്തുന്നുണ്ട്. 

ഒരു ദിവസം വണ്ടിയുടെ കൈവരികളായി കെട്ടിയിട്ടുള്ള മരം മുറിച്ചെടുത്ത് തീകൂട്ടി അതിജീവിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അയാള്‍ക്ക് താങ്ങാവുന്നതിനപ്പുറത്തായിരുന്നു മ‍ഞ്ഞുകൊടുങ്കാറ്റിന്റെ തീവ്രത. ഒരു ദിവസം വേട്ടനായ്ക്കളുടെ ഓരിയിടല്‍ കേട്ട് അടുത്തെവിടെയോ ഗ്രാമമുണ്ടെന്ന് മനസ്സിലായി സഹായത്തിനുവേണ്ടി അയാള്‍ വിളിച്ചലറുന്നു. പക്ഷേ ആരും എത്തുന്നില്ല. അതിനിടയില്‍ അയാള്‍ ഒരു ചെറിയ അരുവിയില്‍ വീണുപോകുന്നു. കൂടുതല്‍ തണുത്തു. അകത്തും പുറത്തും തണുപ്പുമായി അയാള്‍ വണ്ടിയില്‍ കയറികിടക്കുന്നു. വണ്ടി ഇപ്പോള്‍ ഒട്ടും അനക്കാനാകാത്ത സ്ഥിതിയാണ്. വണ്ടിയുടെ ചക്രങ്ങള്‍ പൂര്‍ണമായും മഞ്ഞില്‍ മുങ്ങിക്കഴിഞ്ഞു. ചില്ലെല്ലാം മഞ്ഞുമൂടി. ഒരു മഞ്ഞുകൂട് പോലെയായി ആ വണ്ടി രൂപാന്തരപ്പെട്ടു. അയാള്‍ അബോധാവസ്ഥയിലായിപോകുന്നു. 

ഭാഗ്യത്തിന് പിറ്റേ ദിവസം അവിടെ എത്തുന്ന ഒരു നാടോടി അയാളെ കണ്ടുമുട്ടുന്നു. നാടോടിയുടെ വരവ് വളരെ രസകരമാണ്. കസാക്കിസ്ഥാന്റെ അതിര്‍ത്തി രാജ്യത്ത് താമസിക്കുന്ന ഒരു നാടോടിയാണ് അയാള്‍. ചെമ്മരിയാടിന്റെ രോമങ്ങള്‍ പോലെയുള്ള രോമങ്ങളുള്ള ഒരു കുതിരയും, കൂടെ അയാള്‍ വളര്‍ത്തുന്ന ഒരു കഴുകനും ആയിട്ടാണ് നാടോടി എത്തുന്നത്. കസാക്കിസ്ഥാന്‍ യുവാവിന്റെ ഭാഗ്യം കൊണ്ടാണ് അയാള്‍ ആ വഴി വരുന്നത്. നാടോടി കസാക്കിസ്ഥാന്‍ യുവാവിനെ എടുത്ത് അയാളുടെ വീട്ടിലേക്ക് പോവുകയാണ്. പ്രായമുള്ള നാടോടിയും അയാളുടെ ഭാര്യയുമാണ് ആ വീട്ടിലുള്ളത്. വൃദ്ധദമ്പതിമാര്‍ യുവാവിനെ പരിചരിക്കുന്നു. ഒരു ദിവസം കഴിഞ്ഞിട്ടും യുവാവിന് ബോധം വീണ്ടുകിട്ടുന്നില്ല. അയാള്‍ ശ്വസിക്കുന്നുണ്ടെങ്കിലും അബോധാവസ്ഥയില്‍ തന്നെയാണ്. മഞ്ഞ് ഏല്‍പ്പിച്ച പ്രഹരങ്ങള്‍ അയാളുടെ ദേഹത്ത് അങ്ങോളമിങ്ങോളം കാണാം. ശരീരത്ത് അങ്ങിങ്ങായി രക്തം കട്ടപിടിച്ച പോലുള്ള പാടുകള്‍, ശരീരം തണുത്തുറഞ്ഞുപോയത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍. കുറച്ചുനിമിഷം കൂടി അയാള്‍ വണ്ടിക്കകത്ത് കഴിഞ്ഞിരുന്നെങ്കില്‍ അയാള്‍ മരിച്ചുപോകുമായിരുന്നു. ഭാഗ്യത്തിനാണ് നാടോടി അതുവഴി വന്നത്. 

യുവാവിനെ രക്ഷിക്കാനായി വൃദ്ധ ദമ്പതികള്‍ അവരുടെ തന്നെ ഒരു ചെമ്മരിയാടിനെ കൊന്ന് അതിന്റെ തോലെടുത്ത് അതില്‍ യുവാവിനെ പുതപ്പിക്കുന്നു. 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവാവ് വിയര്‍ത്തുവന്നു. പിന്നെ അയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ഈ പ്രദേശത്ത് മറ്റു വീടുകളോ മനുഷ്യരോ ഇല്ല, ആകെ അവിടെയുള്ളത് ഒരു പട്ടാളക്കാരന്‍ മാത്രമാണ്. വൃദ്ധന്‍ യുവാവിനോട് പറയുകയാണ് അയാള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് ചൈന അതിര്‍ത്തിയിലാണെന്ന്. കസാക്കിസ്ഥാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്. യുവാവ് വഴിതെറ്റി ചൈനയിലേക്ക് കടന്നിരിക്കുന്നു. വൃദ്ധന്റെ വീട്ടില്‍ മാവോ സേ തൂങ്ങിന്റെ പടമുണ്ട്. അവിടെ പ്രാര്‍ത്ഥനയായി ഉരുവിടുന്നത് മാവോ സൂക്തങ്ങളാണ്. അങ്ങനെയിരിക്കെ പട്ടാളക്കാരന്‍ അവരുടെ അടുത്തേക്ക് വരുന്നു. പട്ടാളക്കാരനും വൃദ്ധദമ്പതിമാരും യുവാവും മാത്രമേ ഇപ്പോള്‍ രംഗത്തുള്ളൂ. മറ്റാരും അവിടെയൊന്നും ഇല്ല. 

ദൃശ്യപരമായി വളരെ ഭംഗിയുള്ള ഒരു സിനിമയാണ്. കസാക്ക് പ്രദേശത്തെ കല്ലുകൊണ്ട് നിർമിച്ച തേയ്ക്കാത്ത വീടുകള്‍, പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ വേണ്ടി മനുഷ്യര്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നിവ സിനിയിലുടനീളം കാണാം. കസാക്ക് യുവാവ് തിരിച്ച് ജീവിതത്തിലേക്ക് വരികയാണ്. വൃദ്ധ ദമ്പതികളുടെ കൂടെ കൃഷിപ്പണിയൊക്കെ ചെയ്ത് ജീവിക്കുമ്പോള്‍ പെട്ടെന്നാണ് അതിര്‍ത്തിയില്‍ നില്‍ക്കുന്ന ചൈനീസ് പട്ടാളക്കാരന്‍ ഒരു ദിവസം കസാക്ക് യുവാവിന്റെ വണ്ടി കണ്ടെത്തുന്നു. യുവാവ് ചൈനീസ് ചാരനാണെന്നും അയാളെ ബന്ധിച്ച് ഗവണ്‍മെന്റിന് കൈമാറാന്‍ പോവുകയാണെന്നും പറഞ്ഞ് വൃദ്ധ ദമ്പതികളെ ഭീഷണിപ്പെടുത്തുന്നു. ചാരനെ സംരക്ഷിച്ചത് കൊണ്ട് നിങ്ങളെയും ജയിലിലടക്കും എന്നും പറയുന്നു. യുവാവ് ചാരനല്ല എന്നും വഴിതെറ്റി വന്നതാണെന്നും മാവോ സൂക്തങ്ങള്‍ ഉരുവിട്ട് അവര്‍ ആണയിടുന്നു. വൃദ്ധയായ സ്ത്രീക്ക് പരിക്കേല്‍ക്കുന്നു. പട്ടാളക്കാരനും കൈകെട്ടിയ യുവാവും അവരെ രക്ഷിക്കുന്നു. 

പട്ടാളക്കാരന്‍ ചില ദിവസങ്ങളില്‍ താമസിക്കുന്നത് വൃദ്ധ ദമ്പതികളുടെ വീട്ടില്‍ തന്നെയാണ്. താമസിക്കാന്‍ നല്ല വീടുകളൊന്നും തന്നെ അവിടെ ഇല്ല. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ പട്ടാളക്കാരനെ വെട്ടിച്ച് കസാക്ക് യുവാവിനെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് വൃദ്ധനായ മനുഷ്യന്‍. കുതിരപ്പുറത്ത് കസാക്ക് യുവാവിനെയും കൊണ്ട് കടക്കാന്‍ ശ്രമിക്കുന്നു. പട്ടാളക്കാരന്‍ ഉണര്‍ന്നു വന്ന് വൃദ്ധനും യുവാവും എവിടെ എന്ന് ചോദിക്കുമ്പോള്‍ അവര്‍ പോയി എന്ന് വൃദ്ധ പറയുന്നു. അയാളും അവര്‍ക്ക് പിന്നാലെ മഞ്ഞിലൂടെ പോവാന്‍ ശ്രമം നടത്തുന്നു. കുതിരപ്പുറത്ത് മഞ്ഞിലൂടെ യാത്ര ചെയ്ത് പരിചയമില്ലാത്തതിനാല്‍ അയാള്‍ വീണുപോവുന്നു. അയാള്‍ ആ ശ്രമം ഉപേക്ഷിക്കുന്നു. പിന്നീട് നമ്മള്‍ കാണുന്നത് വൃദ്ധനായ മനുഷ്യനും യുവാവും കൂടി ഗ്രാമത്തിലേക്കുള്ള യാത്രയാണ്. ആകാശവും ഭൂമിയുമെല്ലാം വെള്ളയായിട്ട് കാണുന്നു. എങ്ങും കനത്ത മഞ്ഞ് മാത്രം. നല്ല വെയിലുണ്ടെങ്കിലും വെയിലില്‍ മഞ്ഞ് ഉരുകുന്നില്ല. അവര്‍ ഒരു പാലത്തിന്റെ അടുത്ത് എത്തുന്നു. താനിനി തനിയെ പോയ്‌ക്കോളാമെന്ന് സാക്ക് യുവാവ് പറയുന്നു. വൃദ്ധനായ മനുഷ്യന്റെ കുതിരയുമായി കസാക്ക് യുവാവ് യാത്ര തുടരുകയാണ്. ഇതിനിടെ യുവാവിനെ കാണാതായതില്‍ നാട്ടില്‍ യുവാവിനെ അച്ഛന്‍ അന്വേഷിച്ച് നടക്കുന്നു. പക്ഷേ ഒരു വിവരവും കിട്ടുന്നില്ല. 

പാലം കടന്ന് ചെല്ലുന്ന യുവാവിനെ കാത്തുനില്‍ക്കുന്നത് കസാക്ക് പോലീസാണ്. യുവാവ് മഞ്ഞില്‍പ്പെട്ട് മരിച്ചുപോയി എന്ന രീതിയിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ തിരിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കുവെക്കുന്നു. വൃദ്ധനും കസാക്ക് യുവാവും മഞ്ഞു മരുഭൂമി മുറിച്ചുകടക്കുമ്പോള്‍ പല കാഴ്ചകളും കാണുന്നുണ്ട്. മഞ്ഞില്‍ തണുത്തുറഞ്ഞ് മരിച്ച മനുഷ്യരുടെ അസ്ഥികൂടങ്ങള്‍, പക്ഷികളുടെ അസ്ഥികൂടങ്ങള്‍ ഒക്കെ അവര്‍ കാണുന്നു. അതുകണ്ട് കസാക്ക് യുവാവിന് പേടിയാവുന്നു. വൃദ്ധനായ മനുഷ്യന്‍ ആശ്വസിപ്പിക്കുന്നു. കസാക്ക് യുവാവിന്റെ അതിജീവനത്തിന്റെ കഥപറയുന്ന സിനിമയാണ് സ്‌നോ സ്റ്റോം. 95 മിനിറ്റാണ് സിനിമ.

Content Highlights: the snowstorm movie review, iffk 2023 movies, 28th iffk movies