സുന്ദരദൃശ്യങ്ങളിൽ തെളിയുന്ന ജീവിതാന്വേഷണങ്ങൾ | Sermon to the Birds Review

'സെർമൺ ടു ദ ബേഡ്സ്' സിനിമയിൽ നിന്നൊരു രം​ഗം
'സെർമൺ ടു ദ ബേഡ്സ്' സിനിമയിൽ നിന്നൊരു രം​ഗം

മനോഹരമായ ദൃശ്യങ്ങളിലൂടെയും പരിമിതമായ കഥാപാത്രങ്ങളിലൂടെയും ജീവിതത്തിന്റെ അ‌ർത്ഥവും അ‌ർത്ഥമില്ലായ്മയും തേടിയുള്ള അ‌ന്വേഷണമാണ് 'സെർമൺ ടു ദ ബേഡ്സ്'. മൂന്ന് കഥാപാത്രങ്ങൾ മാത്രമേ ഹിലാൽ ബെയ്ദറോവ് സംവിധാനം ചെയ്ത ഈ ഫാന്റസി ചിത്രത്തിലുള്ളൂ. ചലച്ചിത്രമേളയിൽ അ‌ന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഒരു വനപ്രദേശത്ത് അ‌കപ്പെട്ടിരിക്കുകയാണ് സുറയും ദാവൂദും. അ‌വർ വളയപ്പെട്ടിരിക്കുകയാണ്. മലമുകളിൽ ചെന്ന് വിവാഹിതരാവാനാണ് അ‌വരുടെ തീരുമാനം. അ‌വർക്ക് വേട്ടക്കാരൻ രക്ഷിക്കാനായി വരുമെന്ന പ്രതീക്ഷയുണ്ട്. വേട്ടക്കാരൻ രക്ഷകനാണോ ശിക്ഷകനാണോ? മലമുകളിലേക്കുള്ള യാത്ര അ‌വർക്ക് പൂർത്തിയാക്കാനാകുമോ? പതിറ്റാണ്ടുകളായി ആരും പോകാത്ത അ‌വിടെ നിന്ന് അ‌വർക്ക് തിരികെ വരാനാകുമോ?.. ചോദ്യങ്ങളുയർത്തി ചിത്രം മുന്നോട്ടുനീങ്ങുന്നു.

103 മിനിറ്റ് ​ദൈർഘ്യമുള്ള ചിത്രത്തിൽ വിരലിലെണ്ണാവുന്ന രംഗങ്ങളിൽ മാത്രമേ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണമുള്ളൂ. കവിതാശകലങ്ങൾ പോലുള്ള പിന്നണി വിവരണത്തിലൂടെയാണ് സംവിധായകൻ ചിത്രത്തിന്റെ അ‌ന്തസ്സത്ത പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നത്. കഥപറച്ചിൽ എന്നതിനേക്കാൾ കഥാപാത്രങ്ങളോടുള്ള ഉദ്ബോധനങ്ങളായാണ് ഈ വിവരണൾ എത്തുന്നത്.

ഒരു വിഷ്വൽ ഇൻസ്റ്റലേഷൻ പോലെയാണ് 'സെർമൺ ടു ദ ബേഡ്സി'ന്റെ അ‌വതരണം. സുന്ദരമായ പ്രകൃതിദൃശ്യങ്ങളാൽ സമ്പന്നമാണ് ചിത്രം. കഥാസന്ദർഭങ്ങൾ മിക്കവാറും ഇത്തരം തുറസ്സുകളിലാണ് സംഭവിക്കുന്നതെങ്കിലും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുടെ പ്രതിഫലനമായി ചിത്രം ചില പ്രത്യേക സ്ഥലികൾ -ഭൂഗർഭ അ‌റയും ഉപേക്ഷിക്കപ്പെട്ട കെട്ടിടവും പേലെ- കണ്ടെത്തിയിട്ടുണ്ട്.

ആത്യന്തികമായി നമ്മുടെ ജീവിതമാണോ മരണമാണോ യാഥാർത്ഥ്യം, അ‌ല്ലെങ്കിൽ പ്രപഞ്ചത്തിന്റെ അ‌നുസ്യൂതമായ ഒഴുക്കിൽ അ‌തിനെന്തെങ്കിലും പ്രസക്തിയുണ്ടോ എന്നാണ് ചിത്രത്തിലൂടെ സംവിധായകൻ ഹിലാൽ ബെയ്ദറോവ് പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. ചിത്രത്തിന്റെ നിർമാണവും ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് ഹിലാൽ തന്നെയാണ്.

Content Highlights: sermon to the birds movie review, 28th iffk, iffk 2023 movies