തടവറയ്ക്കുള്ളിലെ രാഷ്ട്രീയം | Prison in the Andes Review

#സനിത
പ്രിസൺ ഇൻ ദ ആൻഡിസ് സിനിമയുടെ പോസ്റ്ററുകൾ | ഫോട്ടോ: Imdb
പ്രിസൺ ഇൻ ദ ആൻഡിസ് സിനിമയുടെ പോസ്റ്ററുകൾ | ഫോട്ടോ: Imdb

28-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സരവിഭാ​ഗത്തിൽ പ്രദർശിപ്പിച്ച രാഷ്ട്രീയ സിനിമയാണ് പ്രിസൺ ഇൻ ദ ആൻഡിസ്. മുൻ പട്ടാള ഉദ്യോ​ഗസ്ഥരെ പാർപ്പിച്ചിരിക്കുന്ന കോഡലേറിയ എന്ന ജയിലാണ് ചിത്രത്തിന്റെ പശ്ചാത്തലം. അഞ്ച് പട്ടാള ഉദ്യോ​ഗസ്ഥരാണിവിടെയുള്ളത്. ജയിലാണെങ്കിലും സൗകര്യങ്ങൾ കണ്ടാൽ റിസോർട്ട് എന്നേ തോന്നൂ. പല റാങ്കിലുള്ള ഉദ്യോ​ഗസ്ഥരാണ് ഇവർ. അതുകൊണ്ട് തടവറയിലാണെങ്കിലും ആ റാങ്കിങ് അവിടേയും കാത്തുസൂക്ഷിച്ചാണ് അവർ പരസ്പരം പെരുമാറുന്നത്.

ചിലിയിൽ കമ്യൂണിസ്റ്റ് ഭരണം വന്നപ്പോൾ രാജ്യത്തെ ഏകാധിപതിയായ പിനോഷെയെ പിന്തുണച്ച പട്ടാള ഉദ്യോ​ഗസ്ഥരെയെല്ലാം പിടികൂടി ജയിലിലാക്കിയിരിക്കുകയാണ്. എങ്കിലും ജയിലിൽ അവരെ പരിചരിക്കുന്നത് അങ്ങേയറ്റം മാന്യമായാണ്. പരിചാരകരും ഡോക്ടർമാരും എല്ലാമുണ്ട്. സ്വന്തം വീട്ടിൽക്കഴിയുന്നപോലെയാണിവിടെ അവർ കഴിയുന്നത്. എന്നാൽ തടവിലാക്കപ്പെട്ടവർ മാത്രമല്ല തങ്ങളും ഒരർത്ഥത്തിൽ തടവിലാണെന്ന് അതേ ജയിലിലെ മറ്റുപൊലീസുകാരും പറയുന്നുണ്ട്.

ആഡംബരങ്ങൾ നിറഞ്ഞതാണെങ്കിലും ഒറ്റപ്പെട്ട സ്ഥലത്താണ് ജയിൽ സ്ഥിതി ചെയ്യുന്നത്. ജയിലിലെ അന്തേവാസികളുടെ മാനസിക സംഘർഷങ്ങളും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ചിലിയിലെ ജനങ്ങളെ അടിച്ചമർത്തിയത് താനടക്കമുള്ളവരുടെ ജോലിയുടെ ഭാ​ഗമായാണെന്ന് അന്തേവാസികളിലൊരാളായ കേണൽ ഒരിക്കൽ വ്യക്തമാക്കുന്നുണ്ട്. ഭരണകൂടത്തെ എതിർത്തുനിൽക്കുന്നയാളുകളെ അടിച്ചമർത്താനായിരുന്നു പിനോഷെയുടെ ഉത്തരവെന്നും അതനുസരിച്ച് പ്രവർത്തിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം തുറന്നുപറയുന്നുണ്ട്.

എന്നാൽ തടവിൽക്കഴിയുന്നവർ കൂടുതൽ സുഖസൗകര്യങ്ങൾ അനുഭവിക്കുന്നു എന്നൊരു തോന്നൽ ഇടയ്ക്ക് ജയിലധികൃതർക്കുണ്ടാവുന്നുണ്ട്. പിനോഷെയുടെ കാലത്ത് ആളുകളെ വധിക്കാൻ സ്വീകരിച്ച രീതിയെല്ലാം ചിത്രത്തിലുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് ഇത്  കാണിക്കുന്നതെന്നതാണ് ശ്രദ്ധേയം. ചിലിയിലെ കമ്മ്യൂണിസ്റ്റ് അനുഭാവികളെ കൊന്നൊടുക്കിയതിന് പ്രധാനപ്പെട്ട പങ്കുവഹിച്ച അഞ്ച് ഉദ്യോ​ഗസ്ഥരാണ് തടവിൽക്കഴിയുന്നത്. അവർക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ടായിരുന്നു അവർക്ക്.

രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള, ചിലിയിലെ ഒരുകാലത്തെ രാഷ്ട്രീയം പറയുന്ന ചിത്രമാണ് പ്രിസൺ ഇൻ ദ ആൻഡിസ്. ഫെലിപെ കാർമോണെയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 104 മിനിറ്റാണ് ദൈർഘ്യം.

Content Highlights: prison in the andes movie review, 28th iffk