അധികാരികൾ വരിഞ്ഞുമുറുക്കുന്ന ജീവിതങ്ങൾ | Terrestrial Verses Review

'ടെറസ്ട്രിയൽ വേഴ്സസ്' സിനിമയിൽനിന്നൊരു രം​ഗം
'ടെറസ്ട്രിയൽ വേഴ്സസ്' സിനിമയിൽനിന്നൊരു രം​ഗം

രു ജനത നേരിടുന്ന നിരവധി പ്രശ്നങ്ങൾ കോർത്തിണക്കി ഭരണകൂടത്തിന് നേരെയുള്ള ചോദ്യങ്ങളുമായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് 'ടെറസ്ട്രിയൽ വേഴ്സസ്'. വ്യത്യസ്തമായ ആഖ്യാന രീതിയാണ് അലി അസ്ഗാരി, അലിറെസ ഖദാമി എന്നിവർ ചേർന്നൊരുക്കിയ ഈ ഇറാനിയൻ വേറിട്ട്‌ നിർത്തുന്നത്. 

ഒന്നിലേറെ കഥകൾ, നിശ്ചലമായ ഫ്രെയിം, അതിലേക്ക് കടന്നുവരുന്ന പ്രധാന കഥാപാത്രം, ശബ്ദസാന്നിധ്യമായി മാത്രം എത്തുന്ന മറ്റ് കഥാപാത്രങ്ങൾ. വേറിട്ട അവതരണ രീതിയിലെത്തുന്ന ഈ ചിത്രം ശക്തമായ പ്രമേയം തീവ്രമായും രസകരമായുമാണ് പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്.

മനുഷ്യന്റെ ഇഷ്ടങ്ങൾക്കും സ്വാതന്ത്ര്യത്തിനും മേൽ കൈ കടത്തുന്ന, അടിച്ചമർത്താൻ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ പ്രതീകങ്ങളെ ചിത്രത്തിൽ കാണാം. കുഞ്ഞിന്റെ പേര് പോലും മാതാപിതാക്കൾക്ക് സ്വന്തം ഇഷ്ടാനുസരണം ഇടാൻ സാധിക്കാതെ വരുന്ന സാഹചര്യം പറഞ്ഞുതുടങ്ങുന്ന ചിത്രം പല തലങ്ങളിലൂടെ പിന്നെ സഞ്ചരിക്കുകയാണ്.

'ടെറസ്ട്രിയൽ വേഴ്സസ്' സിനിമയിൽനിന്നൊരു രം​ഗം

കുട്ടികളുടെ വസ്ത്ര സ്വാതന്ത്ര്യം പോലും ചോദ്യച്ചിഹ്നം ആകുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ആവിഷ്കാര സ്വാതന്ത്ര്യം രാജ്യത്ത് പ്രഹസനം മാത്രമാണെന്നും പറഞ്ഞുവെക്കുന്നു. ശക്തമായ പ്രമേയം അവതരിപ്പിക്കാൻ നുറുങ്ങ് നർമങ്ങളുടെ മേമ്പൊടിയും സംവിധായകർ ഉപയോഗിക്കുന്നുണ്ട്. 

ഇറാനിലെ രാഷ്ട്രീയ സാഹചര്യത്തിന് നേരെയുള്ള ചൂണ്ടുവിരലാകുന്ന ചിത്രം ഒൻപത് വ്യത്യസ്ത സാഹചര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. സ്വാതന്ത്ര്യം ഹനിക്കപ്പെട്ട, നിയമക്കുരുക്കുകളുടെ ചങ്ങലകളിൽ അകപ്പെട്ട മനുഷ്യർ പ്രേക്ഷകരുടെ മുഖത്ത് നോക്കി സംസാരിക്കുന്ന പ്രതീതിയാണ് ചിത്രം സമ്മാനിക്കുന്നത്. അധികാരികളുടെ സ്ഥാനത്ത് പ്രേക്ഷകനാണെന്ന തോന്നൽ ഉളവാകുന്നത് ചിലരെയെങ്കിലും അസ്വസ്ഥരാക്കിയേക്കാം.

താരങ്ങളുടെ പ്രകടനവും അഭിനന്ദനം അർഹിക്കുന്നുണ്ട്. വിപ്ലവാത്മകമായ ഒരു ചലച്ചിത്ര ആവിഷ്കാരം കൂടിയാണ് 'ടെറസ്ട്രിയൽ വേഴ്സസ്'. ജനങ്ങളുടെ ലോകമറിയേണ്ട പ്രശ്നങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ തങ്ങി നിൽക്കും വിധം അവതരിപ്പിക്കാൻ സംവിധായകർക്ക്‌ സാധിച്ചിട്ടുണ്ട്

Content Highlights: iffk 2023, terrestrial verses review, 28th iffk