തലമുറമാറ്റത്തിൽ പകച്ചുപോകുന്ന ജീവിതങ്ങൾ | Sunday Review

#അജ്മൽ എൻ. എസ്
Sunday
Sunday

അടിച്ചേൽപ്പിക്കപ്പെടുന്ന തലമുറ മാറ്റത്തിന് മുന്നിൽ പകച്ചുനിൽക്കേണ്ടി വരുന്ന വൃദ്ധ ദമ്പതിമാരുടെടെ കഥ വരച്ചുകാട്ടിയ മനോഹര ചിത്രമാണ് 'സൺ‌ഡേ'. ഷോഖിർ ഖോലികോവ് ഒരുക്കിയ ഈ ഉസ്ബക്കിസ്ഥാൻ ചിത്രം അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

ഉസ്ബക്കിസ്ഥാനിൽ പരസ്പരം കലഹിച്ചും സ്നേഹിച്ചും സ്വയം അധ്വാനിച്ചും കഴിയുന്ന ദമ്പതിമാരുടെ ജീവിതം മകന്റെ ഇടപെടലിലൂടെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ മാറിമറിയുന്ന കാഴ്ചയാണ് സംവിധായകൻ പ്രേക്ഷകർക്കായി ഒരുക്കി വെച്ചിരിക്കുന്നത്. എന്താണ് കണ്മുന്നിൽ സംഭവിക്കുന്നതെന്ന് മനസിലാക്കാൻ പോലുമാകാതെ പലപ്പോഴും സ്തബ്ദ്ധരാകുന്നുണ്ട് ഇരുവരും.

പ്രായമായ ദമ്പതിമാരുടെ ആവർത്തന വിരസമായി തോന്നിയേക്കാവുന്ന, എന്നാൽ അവർ ആസ്വദിക്കുന്ന ഒരു കുഞ്ഞുവീട്ടിലെ ജീവിതം കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ആട് വളർത്തിയും കമ്പിളി വസ്ത്രങ്ങൾ വിറ്റും കൃഷി ചെയ്തും സമാധാനത്തോടെ ആരെയും ആശ്രയിക്കാതെ ജീവിച്ച് വരികയായിരുന്നു ഇവർ.

അച്ഛന് ഇഷ്ടമില്ലെങ്കിലും ഇവർ താമസിക്കുന്ന വീട് പുതുക്കിപ്പണിഞ്ഞ് സ്വന്തമാക്കാനാണ് മകൻ ആഗ്രഹിക്കുന്നത്. അച്ഛനും അമ്മയ്ക്കും മെച്ചപ്പെട്ട ജീവിതം ലഭിക്കാനായി ഓരോ മാറ്റങ്ങളും മകൻ അടിച്ചേൽപ്പിക്കുകയാണ്. പാചകം ചെയ്യുന്ന ഗ്യാസ് അടുപ്പിൽ തുടങ്ങി ടിവിയിലേയ്ക്കും ഫ്രിഡ്ജിലേയ്ക്കും മൊബൈലിലേയ്ക്കും എല്ലാം മാറ്റം എത്തുന്നുണ്ട്. മകൻ മാത്രമല്ല, കമ്പിളി വസ്ത്രങ്ങളുടെ കൂലി പണമായിട്ട് നേരിട്ട് നൽകാതെ ഡെബിറ്റ് കാർഡ് രൂപത്തിൽ നൽകുന്ന വ്യക്തിയുൾപ്പടെ ദമ്പതിമാരുടെ ജീവിതത്തിന്റെ സ്വാഭാവിക യാത്ര തടസ്സപ്പെടുത്തുന്നുണ്ട്.

ഒരു തീപ്പെട്ടിയെ പോലും കഥാഗതിയിലെ നിർണായകവും വൈകാരികവുമായ ഒന്നായി ചിത്രത്തിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കൾക്ക് നല്ലത് വരണം എന്ന ഉദ്ദേശത്തോടെ മകൻ ചെയ്യുന്നതെല്ലാം അവർക്ക് ഗുണകരമായോ അതോ അവരെ സമ്മർദ്ദത്തിനു അടിമപ്പെടുത്തിയോ എന്ന ചോദ്യം പ്രേക്ഷകനായി സംവിധായകൻ അവശേഷിപ്പിക്കുന്നുണ്ട്.

Content Highlights: IFFK 2023 Sunday Review uzbekistan 2023 Shokir Kholikov