കുഞ്ഞിനെത്തേടി ഒരമ്മയുടെ അന്വേഷണം | Stolen Review

#സനിത
സ്റ്റോളൻ എന്ന ചിത്രത്തിൽനിന്നൊരു രം​ഗം, സ്റ്റോളൻ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: imdb
സ്റ്റോളൻ എന്ന ചിത്രത്തിൽനിന്നൊരു രം​ഗം, സ്റ്റോളൻ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: imdb

28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ കലൈഡോസ്കോപ്പ് വിഭാ​ഗത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് സ്റ്റോളൻ. ഇന്ത്യയിൽ പലതരത്തിലുള്ള, പല ജീവിതസാഹചര്യത്തിലുള്ള മനുഷ്യർ ജീവിക്കുന്നുണ്ടെന്നും അവരാരും പരസ്പരം കണ്ടുമുട്ടുന്നില്ലെന്നും സിനിമയുടെ തുടക്കംതന്നെ പറയുന്നുണ്ട്. പക്ഷേ ചിലപ്പോളെല്ലാം അവർപോലുമറിയാതെ അവരുടെ ജീവിതസാഹചര്യങ്ങളും സന്ദർഭങ്ങളും ഒരുമിക്കുന്ന അവസ്ഥയുണ്ടാവാറുണ്ട്. അത്തരത്തിലൊരുചിത്രമാണ് സ്റ്റോളൻ. 

ബം​ഗാളിൽനിന്ന് മണാലിയിലേക്ക് യാത്രപോവുന്ന ജുംബാ എന്ന യുവതിയും അവരുടെ കുഞ്ഞും. ഒരു റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങവേ കുഞ്ഞിനെ നഷ്ടപ്പെടുകയാണ് അവർക്ക്. അവിചാരിതമായി അവിടെയെത്തുന്ന ഒരു ഫോട്ടോ​ഗ്രാഫറും അയാളെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ വന്ന സഹോദരനും ചേർന്ന് കാണാതായ കുഞ്ഞിനുവേണ്ടിയുള്ള തിരച്ചിൽ ആരംഭിക്കുകയാണ്. പല ആകസ്മികമായ സംഭവങ്ങളും പിന്നീടുണ്ടാവുന്നു. ഇവയെല്ലാം ഓരോ കഥാപാത്രത്തിനും സ്വയം തിരിച്ചറിവ് നൽകുകയാണ്. 

ഏതുസാഹചര്യത്തിൽ ജീവിച്ചാലും മനുഷ്യർ തമ്മിലുള്ള അന്തർധാര ചിലപ്പോഴെല്ലാം ഒന്നാവുന്ന അവസ്ഥ സംജാതമാവാറുണ്ട്. ജുംബയെ സഹായിക്കാൻ ആരും തയ്യാറാവുന്നില്ല. ഏതോ നാടോടി സ്ത്രീയുടെ കുഞ്ഞിനെ നഷ്ടപ്പെട്ടു എന്നുമാത്രമാണ് എല്ലാവരും കരുതുന്നത്. എന്നാൽ സ്വന്തം കുഞ്ഞിനെ തിരിച്ചുപിടിച്ചേ അടങ്ങൂ എന്ന വാശിയിൽ അവൾ മുന്നോട്ടുപോവുകയാണ്. ആദ്യം ജുംബയെ സഹായിക്കാൻ സന്നദ്ധരാകാതിരുന്നവർ പോകെപ്പോകെ അവരെ സഹായിക്കാൻ എത്തുകയാണ്. ഒടുവിൽ കുഞ്ഞിനെ കണ്ടെത്തുകയും ചെയ്യുന്നു.

ഉത്തരേന്ത്യയിൽ വ്യാപകമായ വാടക​ഗർഭധാരണത്തിലേക്കുകൂടി സ്റ്റോളൻ വെളിച്ചംവീശുന്നുണ്ട്. യഥാർത്ഥത്തിൽ മറ്റൊരാൾക്കായി വാടകയ്ക്ക് ​ഗർഭംധരിച്ചതായിരുന്നു ജുംബ. കരൺ തേജ്പാലാണ് സംവിധാനം. 92 മിനിറ്റാണ് ദൈർഘ്യം. അഭിഷേക് ബാനർജി, ശുഭം, മിയാ മേൽസെർ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: iffk 2023, stolen bengali movie review, karan tejpal movie