തൊഴിലില്ലായ്മയുടെ പുതുമയുള്ള അവതരണം | Apple plants Review

Apple plants movie
Apple plants movie

തൊഴിലില്ലായ്മയുടെ പ്രശ്നങ്ങൾ പുതുമനിറഞ്ഞ രീതിയിൽ അവതരിപ്പിച്ച ചിത്രമാണ് 'ആപ്പിൾ ചെടികൾ'. ഗഗൻ ദേവ് തിരകഥയൊരുക്കി സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്ന ചിത്രം മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് 28-മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചത്. 

ജെയിൻ എന്ന പ്രധാന കഥാപാത്രമായി ഹനിയ നഫീസ എത്തുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ വാടക പോലും കൊടുക്കാൻ ഇല്ലാത്ത ജെയിൻ കടന്നുപോകുന്ന വഴികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 73 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം.

അഭിനേതാവ് ആകണമെന്നതാണ് ജെയിനിന്റെ ലക്ഷ്യം. ഒരു വാടക വീട്ടിൽ കഴിയുന്ന തൊഴിൽ രഹിതയായ യുവതിയുടെ അടുത്ത സുഹൃത്ത്‌ ബിസിനസ് ആശയങ്ങൾക്ക് പഞ്ഞമില്ലാത്ത ആളാണ്. പക്ഷേ ഒന്നിലും രക്ഷപ്പെടാനാവുന്നില്ല.

ജെയിനിന്റെ വീട്ടിലെ മുൻ താമസക്കാരനായ മഹാരാജും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വീട്ടുടമയുടെ മകളും ഒക്കെ തൊഴിൽ രഹിതർ തന്നെ. കുറച്ച് നിമിഷങ്ങൾ മാത്രം സ്‌ക്രീനിൽ വന്നുപോകുന്ന ഈ കഥാപാത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്.

വ്യത്യസ്തമായ വസ്ത്രാലങ്കാരവും രസകരമായ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഭാഗമാണ്. സംഭാഷണങ്ങളിലും പുതുമകൊണ്ടുവരാൻ യുവസംവിധായകൻ ശ്രമിച്ചിട്ടുണ്ട്. 

ഹാസ്യരൂപേണയാണ് ചിത്രത്തിന്റെ അവതരണം. ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന 'ആപ്പിൾ ചെടി' എന്ന ചിത്രത്തെ പുതുമയുള്ളൊരു പരീക്ഷണം എന്ന് വിശേഷിപ്പിക്കാം.

Content Highlights: iffk 2023 Apple plants movie Review