നിശ്ശബ്ദതയിലേയ്ക്ക് ഒരു യാത്ര | All The Silence Review

'നമ്മുടെ ഡോർബെല്ലിൽ ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നത്, സബ്ടൈറ്റിൽ ഉള്ള സിനിമകൾ മാത്രം കാണാൻ പോകുന്നത്, വീട്ടിലെ വിരുന്നുകളിൽ പോലും പാട്ടു വെക്കാത്തത്, നാടകങ്ങൾ കാണാൻ പോകാൻ പറ്റാത്തത്, എനിക്കൊന്ന് 'ഐ ലവ് യൂ' പറയണമെങ്കിൽ പോലും നിന്നോട് മുഖാമുഖം നിൽക്കേണ്ടിവരുന്നത്.. ഇതെല്ലാം സാധാരണമാണോ ലോല?'
ലോലയോട് മിറിയം പറയുന്ന ഈ വാക്കുകളിലുണ്ട് 'ഓൾ ദി സൈലൻസ്' എന്ന ചിത്രത്തിന്റെ അന്തസ്സത്ത. ശബ്ദം അന്യമായവരുടെ ലോകത്തേക്കുള്ള അസാധാരണമായൊരു യാത്രയാണ് മെക്സിക്കൻ സംവിധായകൻ ഡീഗോ ഡെൽ റിയോയുടെ ആദ്യചിത്രം. ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്.
ബധിരരുടെ ലോകത്താണ് മിറിയത്തിന്റെ ജീവിതം. അവളുടെ അമ്മയും പങ്കാളിയായ ലോലയുമെല്ലാം കേൾവിശക്തി ഇല്ലാത്തവരാണ്. ആംഗ്യഭാഷാ അധ്യാപികയായാണ് ചിത്രം മിറിയത്തെ ആദ്യം പരിചയപ്പെടുത്തുന്നതെങ്കിലും ഒരു അഭിനേത്രി കൂടിയാണവൾ. നാടകങ്ങൾ ഒരുതരത്തിൽ ശബ്ദലോകത്തേക്കുള്ള യാത്ര കൂടിയാണ് മിറിയത്തിന്. എന്നാൽ, ഒരു ഘട്ടത്തിൽ തനിക്കും കേൾവി നഷ്ടപ്പെടുകയാണെന്ന് തിരിച്ചറിയുന്ന അവൾക്ക് അതുൾക്കൊള്ളാൻ ഒട്ടുമാകുന്നില്ല.
ജീവിതത്തിൽ ഏറ്റവും അടുപ്പമുള്ളവർ തന്നെ കേൾവി ശക്തിയില്ലാത്തവരായ, ആംഗ്യഭാഷ അറിയാവുന്ന 'നിനക്കത് മറ്റുള്ളവരേക്കാൾ എളുപ്പമല്ലേ' എന്ന സുഹൃത്ത് മാന്വലിന്റെ ചോദ്യത്തിന് 'ഞാനവരുടെയെല്ലാം കേൾവിക്കാരിയായിരുന്നു' എന്നാണ് മിറിയം മറുപടി നൽകുന്നത്. അനിവാര്യമായ നിശ്ശബ്ദതയിലേക്കുള്ള മിറിയത്തിന്റെ യാത്ര പ്രേക്ഷകരെയും ശബ്ദമില്ലാത്തവരുടെ ലോകത്തെ പ്രതിബന്ധങ്ങളിലേക്കും അദൃശ്യ സൗന്ദര്യങ്ങളിലേക്കും എടുത്തെറിയുകയാണ്.
ഒൻപത് വർഷം നീണ്ട ഗവേഷണങ്ങൾക്കു ശേഷമാണ് 'ഓൾ ദി സൈലൻസ്' ഒരുക്കിയതെന്ന് സംവിധായകൻ ഡെൽ റിയോ പറയുന്നു. 79 മിനിറ്റ് കൊണ്ട് ആ തയ്യാറെടുപ്പുകളുടെ ആഴവും പരപ്പും ചിത്രം പ്രേക്ഷകനെ അനുഭവിപ്പിക്കുന്നുണ്ട്.
ജന്മനാ കേൾവിയില്ലാത്ത, നിശ്ശബ്ദതയെ ആസ്വദിക്കുന്ന മാന്വൽ, കേൾവിയില്ലാഞ്ഞിട്ടും സംസാരഭാഷ പരിശീലിച്ച് 'സാധാരണക്കാരെ' പോലെ ജീവിക്കുന്ന ലോല, കേൾവിശക്തി ക്രമേണ നഷ്ടപ്പെടുന്ന മിറിയം തുടങ്ങി നിശ്ശബ്ദതയുടെ ലോകത്തെ വ്യത്യസ്തമായി പ്രതിനിധാനം ചെയ്യുന്ന നിരവധി കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. ഒപ്പം അവരുമായി സംവദിക്കാൻ ആംഗ്യഭാഷ പഠിക്കുന്ന ഉറ്റവരും അതിന് വിമുഖരായിട്ടുള്ളവരും. ഇവരുടെയെല്ലാം അനുഭവങ്ങളിലൂടെ, അവർ കടന്നുപോകുന്ന വൈകാരിക തലങ്ങളിലൂടെ ശക്തമായൊരു പ്രമേയത്തെ അതിന്റെ എല്ലാ തീവ്രതയോടും കൂടി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുകയാണ് 'ഓൾ ദി സൈലൻസ്'.
Content Highlights: IFFK 2023, All The Silence Review, Diego Del Rio