ഓർമകൾ തിരിച്ചുപിടിക്കാനൊരു യാത്ര | A Letter From Kyotto Review

വളരെ മനോഹരമായി നാലു സ്ത്രീകളുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണ് എ ലെറ്റർ ഫ്രം ക്യോട്ടോ. കൊറിയയിൽ ജീവിക്കുന്ന വൃദ്ധയായ അമ്മയും അവരുടെ മൂന്ന് പെൺമക്കളുമാണ് പ്രധാന കഥാപാത്രങ്ങൾ. അച്ഛന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സിയോളിൽ നിന്ന് തിരിച്ചുവന്നതാണ് മൂത്തമകൾ. രണ്ടാമത്തെ മകൾ വീടിനടുത്തുതന്നെ ഒരു കടയിൽ ജോലി ചെയ്യുന്നു. മൂന്നാമത്തെ മകളാവട്ടെ വിദ്യാർത്ഥിയാണ്. തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഓർമയിൽനിന്ന് മായ്ച്ചുകളയാൻ ശ്രമിക്കുന്ന അമ്മയുടേതാണ് ഏറെ പ്രാധാന്യമുള്ള കഥാപാത്രം.
ജപ്പാനിലായിരുന്നു ഈ അമ്മയുടെ കുട്ടിക്കാലം. അവരുടെ അമ്മ ജപ്പാൻകാരിയും അച്ഛൻ കൊറിയൻ പൗരനും. ഒരു പ്രത്യേക കാലഘട്ടത്തിൽ അച്ഛന് ജപ്പാനിലെ ജീവിതം മടുക്കുകയും കുട്ടിയെ മാത്രം ഒപ്പംകൂട്ടി കൊറിയയിലെത്തുകയുമാണ്. സൗത്ത് കൊറിയയിലാണിവർ ജീവിക്കുന്നത്. ഭർത്താവും മകളും പോയതോടെ ജപ്പാനിലുള്ള അമ്മയുടെ ജീവിതം ദുരിതപൂർണമാവുന്നു. മാനസികരോഗത്തിനടിപ്പെടുന്ന അമ്മ കൊറിയയിലുള്ള തന്റെ മകൾക്ക് ഇഷ്ടമുള്ള ഭക്ഷണത്തേക്കുറിച്ചും മറ്റും കത്തിലൂടെ എഴുതിക്കൊടുക്കുന്നു. കത്ത് കുട്ടിയായ മകൾ സ്വീകരിക്കുന്നുമുണ്ട്.
ഈ കുട്ടിയാണ് ഇപ്പോൾ വാർധക്യത്തിലെത്തിനിൽക്കുന്നത്. അൽഷൈമേഴ്സ് രോഗമാണ് അമ്മ കഥാപാത്രത്തെ അലട്ടുന്ന പ്രധാന പ്രശ്നം. വളരെ അറിയപ്പെടുന്ന പാചകവിദഗ്ധയായ ഇവർ താനാരാണ്? എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്നെല്ലാം ഇടയ്ക്കിടെ മറക്കുന്നുണ്ട്. സിയോളിൽ നിന്നുവരുന്ന മൂത്തമകൾ അമ്മയെ ഒരു കെയർഹോമിലേക്ക് മാറ്റാൻ ആലോചിക്കുന്നുണ്ടെങ്കിലും മറ്റുമക്കൾ അതിന് തടസം നിൽക്കുകയാണ്. ഓർമകൾ നഷ്ടപ്പെടാതിരിക്കാൻ അമ്മയ്ക്ക് ഇഷ്ടമുള്ള ഓർമകൾ മക്കൾ എങ്ങനെ സമ്മാനിക്കുന്നുവെന്നാണ് ചിത്രം പിന്നീട് പ്രേക്ഷകന് കാട്ടിക്കൊടുക്കുന്നത്.
തന്റെ കുട്ടിക്കാലം ചെലവിട്ട ജപ്പാനിലേക്ക് തിരിച്ചുപോകണമെന്നാണ് ഈ അമ്മ ആഗ്രഹിക്കുന്നത്. അതനുസരിച്ച് മൂന്നുമക്കൾ ചേർന്ന് അമ്മയെ ജപ്പാനിലേക്ക് കൊണ്ടുപോവുന്നു. ജപ്പാനിലെത്തുന്ന അവർ മനസിലാക്കുന്നത് തന്റെ അമ്മ എപ്പോഴോ മരിച്ചെന്നാണ്. തുടർന്ന് തിരികെ കൊറിയയിൽ തിരിച്ചെത്തുന്ന നാലുപേരും പഴയജിവിതം തുടരുകയാണ്. കുറച്ച് നല്ല ഓർമകളും അല്പകാലംകൂടി ജീവിക്കാനുള്ള ഊർജവുമാണ് ജപ്പാൻ യാത്രയിലൂടെ മറവിരോഗം ബാധിച്ച അമ്മയ്ക്ക് ലഭിച്ചത്. 95 മിനിറ്റാണ് ഈ ഫീൽഗുഡ് ചിത്രത്തിന്റെ ദൈർഘ്യം.
Content Highlights: iffk 2023, a letter from kyotto movie review