ദൈവത്തെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന സംസ്ഥാനമാണ് കേരളം- പ്രകാശ് രാജ്

തിരുവനന്തപുരം: വിവിധ തരത്തിലുള്ള അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ചേര്‍ന്നതാണ് ഇന്ത്യയിലെ ജനാധിപത്യമെന്ന് 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള സമാപന ചടങ്ങില്‍ മുഖ്യാതിഥിയായ പ്രകാശ് രാജ്. പാര്‍ലമെന്റ് ആക്രമണം, മണിപ്പുര്‍ വിഷയങ്ങളിലും അത് പ്രകടമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ദൈവത്തെ രാഷ്ട്രീയത്തില്‍നിന്ന് മാറ്റി നിര്‍ത്തുന്നുണ്ട്. സംശുദ്ധ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരിനേയും എഴുത്തുകാരേയും തത്വചിന്തകരേയും കുറിച്ച് അഭിമാനമുണ്ടെന്നും ലോകസിനിമയുടെ നാനാവശങ്ങള്‍ യുവാക്കളിലേക്ക് എത്തിക്കുന്നതില്‍ മേള വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കാരത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും മാത്രമേ സ്വതന്ത്ര ചിന്താഗതി വളര്‍ത്തിയെടുക്കാനാകൂവെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ ക്യൂബയുടെ ഇന്ത്യന്‍ സ്ഥാനപതി അലെഹാന്ദ്രോ സിമാന്‍കാസ് മറിന്‍ പറഞ്ഞു. കേരളത്തിലെ സിനിമയെ ക്യൂബയിലേക്ക് കൊണ്ടുപോകുമെന്നും അടുത്തവര്‍ഷത്തെ ഹവാന ഫിലിം ഫെസ്റ്റിവലില്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധിസംഘം ഉണ്ടാകണം എന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രമേളയിലെ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി, അടൂര്‍ ഗോപാലകൃഷണനില്‍നിന്ന് ഏറ്റുവാങ്ങി. സത്യത്തിനും സ്‌നേഹത്തിനും നന്മയ്ക്കും മാത്രമേ മാനവരാശിയെ രക്ഷിക്കാനാകുവെന്ന് മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇവയുടെ നിലനില്‍പ്പിനെ നിരാകരിക്കാന്‍ പാടില്ല. ഈ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിന് ജീവിതത്തില്‍ ഇടമുണ്ടന്നും കലയ്ക്ക് അതിലുപരി പ്രാധാന്യമുണ്ടെന്നും സനൂസി കൂട്ടിച്ചേര്‍ത്തു.
Content Highlights: kerala keeps god away from politics says actor prakash raj