അഭിപ്രായസ്വാതന്ത്ര്യം കുറയുന്ന കാലത്ത് ചലച്ചിത്രമേളയുടെ പ്രാധാന്യമേറുന്നെന്ന് ടി.വി.ചന്ദ്രൻ

തിരുവനന്തപുരം: രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം കുറഞ്ഞുവരുന്ന കാലത്ത് ഐ.എഫ്.എഫ്.കെയ്ക്ക് പ്രാധാന്യം വർധിച്ചുവരുന്നതായി സംവിധായകൻ ടി.വി.ചന്ദ്രൻ. കലാകാരന്റെ നിലപാടുള്ള സിനിമകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന വേദിയാണിത്. സാംസ്കാരികമായ പൊതു ഇടങ്ങൾ കുറഞ്ഞുവരികയാണ്. അതുകൊണ്ടുതന്നെ മേളയുടെ പ്രസക്തി വർഷം തോറും വർധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചലച്ചിത്രമേളയിലെ ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളിയെ ലോകസിനിമ കാണാൻ പ്രേരിപ്പിച്ചത് ഫിലിം സൊസൈറ്റികളാണെന്ന് സംവിധായകൻ കെ.എം.കമൽ പറഞ്ഞു. സിനിമ രാഷ്ട്രീയപരമായ ഒരു ആയുധം കൂടിയാണെന്ന് കാണിച്ചുകൊടുക്കാൻ ഫിലിം സൊസൈറ്റികൾക്ക് സാധിച്ചുവെന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ ആവിള അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വിജയ മുലയ് സ്മാരക പുരസ്കാരം ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അമിതാവ് ഘോഷ് അടൂർ ഗോപാലകൃഷ്ണനിൽനിന്നും ഏറ്റുവാങ്ങി. തുടർന്ന് ഋത്വിക് ഘട്ടക് അവാർഡ് നേടിയ ഫിലിം സൊസൈറ്റി പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ മധു ജനാർദ്ദനനെ ആദരിച്ചു.
ഫിലിം ആക്ടിവിസ്റ്റ് വി.കെ.ജോസഫ്, വിഘ്‌നേഷ് പി. ശശിധരൻ തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ പങ്കെടുത്തു. പ്രേമേന്ദ്ര മജുംദാർ മോഡറേറ്ററായിരുന്നു.
Content Highlights: iffk 2023, tv chandran speech in open forum