കാതൽ, തടവ്, ആട്ടം..; മികച്ച മലയാള ചിത്രങ്ങളുമായി അഞ്ചാംദിനം

തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയ മലയാള ചിത്രങ്ങളുമായി മേളയുടെ അഞ്ചാംദിനം. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ തടവ്, ജിയോ ബേബിയുടെ കാതൽ, നവാഗതനായ ആനന്ദ് ഏകർഷിയുടെ ആട്ടം, സുനിൽ മാലൂരിന്റെ വലസൈ പറവകൾ, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, ബി 32 മുതൽ 44 വരെ, എന്നെന്നും തുടങ്ങി ചിത്രങ്ങൾ ചൊവ്വാഴ്ച പ്രദർശനത്തിനെത്തും. ഈ ചിത്രങ്ങളുടെ മേളയിലെ രണ്ടാം പ്രദർശനമാണിത്.
വിവിധ രാജ്യങ്ങളിൽ നിന്ന് ഓസ്കർ എൻട്രി നേടിയ ഏഴ് ചിത്രങ്ങൾ ഉൾപ്പെടെ 67 ചിത്രങ്ങൾ ഇന്ന് സ്ക്രീനിലെത്തും. റാഡു ജൂഡിന്റെ ഡുനോട്ട് എക്സ്പെക്റ്റ് ടൂ മച്ച് ഫ്രം ദി എൻഡ് ഓഫ് ദി വേൾഡ്, നിക്കോള ആർസെനിന്റെ ദി പ്രോമിസ്ഡ് ലാൻഡ്, ഫിലിപ്പെ ഗാൽവെസ് ഹാർബെലിന്റെ ദി സെറ്റിലേഴ്സ്, സ്റ്റീഫൻ കോമാന്ററൽ ചിത്രം ബ്ലാഗാസ് ലെസൻസ്, പാവോ ചോയ്നിംഗ് ഡോർജ് ഒരുക്കിയ ദി മോങ്ക് ആൻഡ് ദി ഗൺ, അമർ ഗമാൽ സംവിധാനം ചെയ്ത ദി ബേർഡൻഡ്, വിം വിൻഡേഴ്സിന്റെ പെർഫെക്ട് ഡെയ്സ് എന്നിവയാണ് ചൊവാഴ്ച്ച പ്രദർശിപ്പിക്കുന്ന ഓസ്കാർ എൻട്രി നേടിയ ചിത്രങ്ങൾ.
കലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാള ചിത്രം ഹോം, അനുരാഗ് കശ്യപിന്റെ കെന്നഡി, സന്തോഷ് ശിവന്റെ ഹിന്ദി ചിത്രം മോഹ തുടങ്ങിയവ എത്തുന്നു. കൺട്രി ഫോക്കസ് വിഭാഗത്തിൽ ഇൻ എ സെർട്ടൻ വേ പ്രദർശിപ്പിക്കും. ലോക സിനിമ വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന 26 ചിത്രങ്ങളിൽ അഡൂറ ഓണഷീലിന്റെ ഗേൾ, ഡെൽഫിൻ ജിറാർഡിന്റെ ത്രൂ ദി നൈറ്റ്, ബൊഹീമിയൻ, മ്യൂസിക്, എക്സ്പ്ലനേഷൻ ഫോർ എവരിതിങ്, മരീന വ്രോടയുടെ സ്റ്റെപ്നെ എന്നിവയും പ്രേക്ഷകർക്ക് വിരുന്നൊരുക്കും.
ഇന്നസെൻസ്, ക്യൂബ ലിബ്രെ, ദി മേജർ തുടങ്ങിയ 20 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നാണ്. വൈകിട്ടത്തെ സംഗീത പരിപാടിയിൽ കാതലോരം, ക്രിക്കറ്റ് പാട്ട്, തോണിപ്പാട്ട് തുടങ്ങിയ ആൽബങ്ങളിലൂടെ പ്രശസ്തരായ മാംഗോസ്റ്റിൻ ക്ലബ്ബാണ് ഇന്നെത്തുക. മാനവീയം വീഥിയിൽ ഏഴു മണിക്കാണ് പരിപാടി.
Content Highlights: iffk 2023 day 5 Kaathal aatam thadavu movies to be screened