മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി 11 പുരസ്‌കാരങ്ങൾ; പ്രേക്ഷക പുരസ്‌കാരത്തിന് 20 വയസ്സ്

ഇരുപത്തിയെട്ടാമത്‌ രാജ്യാന്തര ചലച്ചിത്രമേള നടക്കുന്ന  തിരുവനന്തപുരം കൈരളി തിയേറ്ററിൽ സിനിമ കാണാൻ എത്തിയ ഡെലിഗേറ്റുകൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
ഇരുപത്തിയെട്ടാമത്‌ രാജ്യാന്തര ചലച്ചിത്രമേള നടക്കുന്ന തിരുവനന്തപുരം കൈരളി തിയേറ്ററിൽ സിനിമ കാണാൻ എത്തിയ ഡെലിഗേറ്റുകൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ സുവർണ ചകോരം ഉൾപ്പടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി സമ്മാനിക്കുന്നത് പതിനൊന്ന് പുരസ്‌ക്കാരങ്ങൾ. മികച്ച ചിത്രത്തിന് സുവർണ ചകോരവും മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനും രജത ചകോരവും നൽകും. പ്രേക്ഷക പുരസ്കാരം ഏർപ്പെടുത്തിയിട്ട് രണ്ടു പതിറ്റാണ്ട് തികയുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം, മികച്ച ഏഷ്യൻ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ്പാക്ക്, കെ.ആർ.മോഹനൻ എൻഡോവ്മെന്റ് പുരസ്കാരം, ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം, സ്പിരിറ്റ് ഓഫ് സിനിമ എന്നിവയാണ് മേളയിൽ നൽകുന്ന മറ്റ് അ‌ംഗീകാരങ്ങൾ. 

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയും രജത ചകോരത്തിനു നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷവും ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് പുരസ്കാരങ്ങൾക്കൊപ്പം നൽകുക. ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ.ആർ.മോഹനൻ പുരസ്‌കാരത്തിന് നൽകുന്നത്. സിനിമാരംഗത്ത് സംവിധായകർക്കു നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്ത് ലൈഫ് ടൈം അച്ചീവ്മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്കാരങ്ങളും അക്കാദമി ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്മെന്റിന്റെ സമ്മാനത്തുക.

ഇരുപതിന്റെ നിറവിലാണ് ഇത്തവണ  പ്രേക്ഷക പുരസ്കാരം. 2002ൽ മേളയുടെ സംഘാടനം ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതുമുതലാണ് ഈ പുരസ്കാരവും ആരംഭിച്ചത്. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി ആയിരുന്നു പ്രേക്ഷക പുരസ്‌കാരം നേടിയ ആദ്യചിത്രം. കഴിഞ്ഞ വർഷം ലിജോ ജോസ് പല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' പുരസ്കാരം നേടി.

Content Highlights: iffk 2023 closing ceremony 11 awards for best films and directors