സിനിമ പ്രശ്നങ്ങൾ സംവദിക്കാനുള്ള മാധ്യമം -വനൂരി കഹിയു

Wanuri Kahiu| Photo: https://www.facebook.com/iffklive
Wanuri Kahiu| Photo: https://www.facebook.com/iffklive

സമത്വത്തിന് വേണ്ടി പോരാടുന്ന, പ്രശ്നബാധിത മേഖലകളിലെ സിനിമാപ്രവർത്തകർക്ക് ഒരുപാട് കടമകൾ നിർവഹിക്കാൻ ഉണ്ടെന്നു വിളിച്ചു പറയുന്നു കെനിയൻ സംവിധായിക വനൂരി കഹിയു. മേളയിലെ 'സ്പിരിറ്റ്‌ ഓഫ് സിനിമ' പുരസ്കാരം സ്വന്തമാക്കിയത് വനൂരി കഹിയുവാണ്.

വനൂരി കഹിയുവിന്റെ 'റഫീക്കി' എന്ന ചിത്രത്തിന് മേളയിൽ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അവരുടെ 'ഫ്രം എ വിസ്‌പർ', പുംസി' എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. തന്റെ സിനിമ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് സംവിധായിക. 

മനുഷ്യരുടെ ഐക്യത്തെ അടയാളപ്പെടുത്തുന്ന മേള 

കേരളത്തിൽ വെച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. മനുഷ്യരുടെ ഐക്യത്തെയാണ് ഈ മേള അടയാളപ്പെടുത്തുന്നത്. 

കെനിയൻ ഫിലിം മേക്കർ ആയ ഞാൻ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും ഒരു അവാർഡ് സ്വീകരിക്കാൻ ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ എത്തുന്നു. മുൻപ് നിലനിന്നിരുന്ന അതിർത്തികളെ നമ്മൾ ഇതിലൂടെ തകർക്കുകയാണ്.

ഞാനിതുവരെയും കണ്ടിട്ടിട്ടില്ലാത്ത  തരത്തിലുള്ള, സിനിമയെ ഇത്രയധികം സ്നേഹിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനായതിൽ അതിയായ സന്തോഷമുണ്ട്.

പ്രശ്നബാധിത മേഖലകളിലെ കഥകളും അറിയണം 

പ്രശ്നബാധിത മേഖലകളിലെ കഥകൾ അറിയേണ്ടത് വളരെ അനിവാര്യമാണ്. യുദ്ധം ഒരിക്കലും ഒന്നിന്റെയും പരിഹാരമല്ലെന്ന് നമുക്കറിയാം. പലസ്തീനിൽ നടക്കുന്നത് നമ്മൾ കണ്ടതാണ്. നമ്മുടെ മനുഷ്യരാശിയെ അടയാളപ്പെടുത്തേണ്ട ശരിയായ മാർഗം അല്ല അത്. അടിച്ചമർത്തലിനെതിരെയും വിദ്വേഷത്തിനെതിരെയും ധീരമായി ശബ്ദമുയർത്തുന്ന ഫിലിം മേക്കേഴ്സിനോടും അടിച്ചമർത്തപ്പെട്ട ജനതയോടൊപ്പം നിൽക്കുന്നവരോടും നന്ദിയുണ്ട്. രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് ധീരമായി സംസാരിക്കുകയും ലോകത്തിന് മുന്നിൽ ജനതയുടെ ജീവിതത്തേക്കുറിച്ച് അറിയിക്കുകയും ചെയ്യുന്ന പലസ്തീനിലെ ഫിലിം മേക്കേഴ്സിനോടും നന്ദി. 

വേണം സുരക്ഷിതമായ ഇടം, ആവിഷ്കാര സ്വാതന്ത്ര്യം 

ധാരാളം വനിതാ സംവിധായകരുള്ള കെനിയൻ സിനിമ കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ലോകത്തിലെ മറ്റുള്ള സംവിധായകരെ നയിക്കുന്ന വെളിച്ചമാകണമെന്ന ആഗ്രഹം ഉള്ള ധാരാളം വനിതാ മുൻനിര സംവിധായകർ രാജ്യത്തുണ്ട്. കെനിയയിലേയ്ക്ക് ലോകശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള
വ്യത്യസ്തമായ ഒരുപാട് സിനിമകളും രാജ്യത്ത് സംഭവിക്കാൻ ഈ വനിതാ സംവിധായകർ കാരണമാകുന്നുണ്ട്.

സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്ന ചിത്രങ്ങൾ കൂടുതലായി വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സംസാരിക്കാൻ ആളുകൾ ഭയക്കുന്ന, പ്രതികരിക്കാൻ വിമുഖത കാണിക്കുന്ന, വേർതിരുവുകളുള്ള കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണങ്ങളും ചർച്ചകളും ഇല്ലാതെ ലോകം വളരില്ല. സുരക്ഷിതമായ ഇടങ്ങളും സ്ത്രീകൾക്ക് ഉയർന്ന് വരാനാകുന്ന സാഹചര്യങ്ങളും പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

ഇന്ത്യൻ സിനിമകൾ ഒരുപാടിഷ്ടം, ഏറ്റവും പ്രിയപ്പെട്ടത് ദേവ്ദാസ്

ചെറുപ്പം മുതലേ ഇന്ത്യൻ സിനിമയുടെ ഒരു കടുത്ത ആരാധികയാണ് ഞാൻ. ഏറ്റവും പ്രിയപ്പെട്ട ചിത്രം 'ദേവ്ദാസ്' ആണ്. ഒരു ഫിലിം മേക്കർ ആക്കുന്നതിൽ ഒരുപാട് സ്വാധീനം ചെലുത്തിയ ചിത്രമാണിത്. ബോളിവുഡിലെ സിനിമകൾക്ക് പകരം വെക്കാൻ മറ്റൊന്നുമില്ല. സെറ്റ്, സംഗീതം, ഡാൻസ്, വസ്ത്രലങ്കാരം എന്നിവയിലൊക്കെ മികവ് പുലർത്തുന്നു. ബോളിവുഡിലെ പ്രേക്ഷകരും അത്ഭുതപ്പെടുത്തുന്നതാണ്. 

കരിയറിലെ ധീരമായ തീരുമാനം 

കരിയറിൽ എടുത്ത ഏറ്റവും ധീരമായ തീരുമാനം ഫിലിം മേക്കർ ആകുക എന്നതായിരുന്നു. ഒരു ചെറിയ സിനിമ ഇൻഡസ്ട്രിയിൽ നിന്നാണ് ഞാൻ വരുന്നത്. ഫിലിം മേക്കർ, അഭിനേതാവ് ഒക്കെ ആകണമെന്ന് കരുതുന്നത് ധീരമായ തീരുമാനമാണ്. ഞാൻ എന്റെ ആഗ്രഹത്തെയും മനസിനെയും പിന്തുടർന്നു. കലയോട് സ്നേഹമുള്ളവരെ ഞാൻ പിന്തുണയ്ക്കും. ചിലപ്പോൾ നിങ്ങളുടെ കുടുംബത്തിന് നിങ്ങൾ ഒരു സിനിമാക്കാരൻ ആകണമെന്ന ആഗ്രഹമുണ്ടാകില്ല. ഒരു സാധാരണ ജോലി ലഭിക്കണമെന്നതാകും അവരുടെ ആഗ്രഹം. കലയെ തിരഞ്ഞെടുക്കണമെന്ന ഉറച്ച തീരുമാനം നമുക്ക് ഉണ്ടാകണം. ആത്മാവിന്റെ ഭാഷയാണ് കല. അതില്ലെങ്കിൽ നമ്മളൊന്നുമല്ല.

Content Highlights: iffk 2023 wanuri kahiu interview, Kenyan film maker, wanuri kahiu movies