കഥാപാത്രത്തിന്റെ അ‌തേ രോഗമുള്ള നായിക, 9 വർഷത്തെ തയ്യാറെടുപ്പ്; 'ഓൾ ദി സൈലൻസി'നെ കുറിച്ച് സംവിധായകൻ

'ഓൾ ദി ​സൈലൻസി'ന്റെ സംവിധായകൻ ഡീഗോ ഡെൽ റിയോ | ഫോട്ടോ: മാതൃഭൂമി
'ഓൾ ദി ​സൈലൻസി'ന്റെ സംവിധായകൻ ഡീഗോ ഡെൽ റിയോ | ഫോട്ടോ: മാതൃഭൂമി

കേൾവിയില്ലാത്തവരുടെ ലോകത്തേക്കുള്ള ആഴത്തിലുള്ള യാത്രയാണ് ചലച്ചിത്രമേളയിൽ അ‌ന്താരാഷ്ട്ര മത്സര വിഭാഗത്തിലെത്തിയ 'ഓൾ ദി ​സൈലൻസ്' എന്ന മെക്സിക്കൻ ചിത്രം. സംവിധായകൻ ഡീഗോ ഡെൽ റിയോയുടെ ആദ്യ ചിത്രമാണിത്. നാടകരംഗത്ത് സജീവമായ ഡെൽ റിയോ ഒൻപതു വർഷം നീണ്ട ഗവേഷണങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് ചിത്രം ഒരുക്കിയത്. ചിത്രത്തെ കുറിച്ചും മെക്സിക്കോയിലെ സമകാലിക സാഹചര്യങ്ങളെ കുറിച്ചും ഡീഗോ ഡെൽ റിയോ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ഈ പ്രമേയത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

കേൾവിശക്തി ഇല്ലാത്തവരുടെ കഥ തിരഞ്ഞെടുക്കാൻ പല കാരണങ്ങളുമുണ്ട്. അ‌തിന് ഏറ്റവും പ്രചോദനമായത് എനിയ്ക്കും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അ‌വതരിപ്പിച്ച അ‌ഡ്രിയാന ജാബ്ഡ്രേസിനുമൊപ്പം ജോലി ചെയ്തിരുന്ന കേൾവിശക്തിയില്ലാത്ത ഹാസ്കുർമീത് എന്ന നടനാണ്. ഒൻപതു വർഷം മുമ്പ് ഒരു തിയേറ്റർ പ്ലേയിലാണ് ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്തത്. അ‌ത് ഞങ്ങൾക്ക് കേൾവിയില്ലാത്തവരുടെ ലോകത്തേക്കുള്ള വാതിൽ തുറന്നുതന്നു.

ചിത്രത്തിൽ മിറിയമായി അ‌ഡ്രിയാന ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അ‌വരുടെ സാന്നിധ്യം എത്രമാത്രം പ്രധാനമായിരുന്നു?

'​സൈലൻസി'ന്റെ ഹൃദയമാണ് അ‌ഡ്രിയാന. ചിത്രത്തിലെ നായിക മാത്രമല്ല സഹനിർമാതാവ് കൂടിയാണവർ. മിറിയമെന്ന കഥാപാത്രം അ‌ഡ്രിയാനയിൽനിന്ന് സൃഷ്ടിച്ചെടുത്തതാണ്. കാരണം, മിറിയത്തെ പോലെ കേൾവിശക്തിയെ ബാധിക്കുന്ന ഓട്ടോസ്ക്ലിറോസിസ് എന്ന രോഗാവസ്ഥയിലുള്ള ആളാണ് അ‌ഡ്രിയാനയും. അ‌ഭിനേതാവെന്ന നിലയിലും സുഹൃത്തെന്ന നിലയിലും അ‌വർ കൂടെയുള്ളത് കൊണ്ടാണ് 'ഓൾ ദി ​സൈലൻസ്' യാഥാർത്ഥ്യമായത്. അ‌ഡ്രിയാന മാത്രമല്ല, ചിത്രത്തിലെ മറ്റ് രണ്ടു  പ്രധാന കഥാപാത്രങ്ങളെ അ‌വതരിപ്പിച്ച ലുത്വിക പാലേറ്റയും ​മൊയ്സരതും ഉൾപ്പെടെയുള്ള അ‌ഭിനേതാക്കളുടെയും പ്രൊഡക്ഷൻ ടീമംഗങ്ങളുടെയും പിന്തുണകൊണ്ട് കൂടിയാണ് ചിത്രം ഇന്നിവിടെ എത്തിയിരിക്കുന്നത്.

യഥാർത്ഥ രോഗാവസ്ഥകളും അ‌വരനുഭവിക്കുന്ന പ്രശ്നങ്ങളും അ‌വതരിപ്പിക്കുന്ന ചിത്രം ചെയ്യുക ഒട്ടും എളുപ്പമല്ല. '​സൈലൻസി'നു പിന്നിലെ തയ്യാറെടുപ്പുകൾ എന്തൊക്കെയായിരുന്നു?

മെക്സിക്കോയിലെ ഡെഫ് കമ്മ്യൂണിറ്റിയുമായി അ‌ടുത്തു പ്രവർത്തിച്ച ശേഷമാണ് ചിത്രം ഒരുക്കിയത്. വർഷങ്ങ​ളോളം അ‌വരുടെ ഗ്രൂപ്പുകളുടെ ഭാഗമാവുകയും നിരവധി ​പേരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. ചിത്രത്തിലെ അ‌ഭിനേതാക്കളിൽ മാത്രമല്ല പ്രൊഡക്ഷൻ ടീമിലും ​ഡെഫ് കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരുണ്ട്. അ‌വരാണ് ചിത്രം ഇത്രയും യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന രീതിയിൽ സ്ക്രീനിലെത്തിക്കാൻ സഹായിച്ചത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ, മിറിയവും ലോലയും, സ്വവർഗാനുരാഗികളാണ്. ഏതെങ്കിലും തരത്തിലുള്ള പ്രചോദനമാണോ ബോധപൂർവമായ ശ്രമമാണോ അ‌തിനുപിന്നിൽ?

ബോധപൂർവമായ ശ്രമം തന്നെയാണത്. എന്നെ സംബന്ധിച്ച് മിറിയവും ലോലയുമായുള്ള ബന്ധം വളരെ പ്രധാനമായിരുന്നു. മെക്സിക്കൻ സമൂഹത്തിൽ ഇപ്പോ​ഴും സ്വവർഗാനുരാഗം പൂർണമായും അംഗീകരിക്കപ്പെട്ടിട്ടില്ല.  സ്വവർഗാനുരാഗം പ്രമേയമാക്കുന്ന ധാരാളം സിനിമകൾ അ‌വിടെയും ഉണ്ടാകുന്നുണ്ട്. എന്നാൽ, ചിത്രത്തിലെ പ്രധാനപ്രമേയമാകാതെ മറ്റേതൊരു ബന്ധത്തെയും പോലെ സ്വവർഗാനുരാഗവും അ‌വതരിപ്പിക്കുക എന്നതാണ് മിറിയം-ലോല ബന്ധത്തിലൂടെ ഉദ്ദേശിച്ചത്. സ്വവർഗാനുരാഗം സ്വാഭാവികമാണെന്ന് പറയുന്ന സിനിമയല്ല, അ‌ത് സ്വാഭാവികമായി കാണിക്കുന്ന ചിത്രമാണിത്.

Content Highlights: iffk 2023, all the silence movie director diego del rio interview