ജയ്‌യുടേയും വീരുവിന്റെയും സൗഹൃദം അറിഞ്ഞ MYB 3047; ഗോവയിൽ താരമായി ‘ഷോലെ’യിലെ ബൈക്ക്

പനജി: ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും ജനപ്രിയമായ ബ്ലോക്ക്‌ബസ്റ്റർ സിനിമകളിലൊന്നാണ് 'ഷോലെ'. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖ്യ ആകർഷണമായി മാറിയിരിക്കുകയാണ് സിനിമയിൽ അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും ഉപയോഗിച്ച ഐതിഹാസികമായ മോട്ടോർസൈക്കിൾ.
ഷോലെ സിനിമയിൽ, ജയ് (അമിതാഭ് ബച്ചൻ), വീരു (ധർമേന്ദ്ര) എന്നീ കഥാപാത്രങ്ങൾ സൈഡ്‌കാറുള്ള ഈ മോട്ടോർസൈക്കിളിൽ കറങ്ങുന്ന രംഗങ്ങൾ സിനിമപ്രേമികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. 'യെ ദോസ്തി ഹം നഹി തോഡേംഗേ' എന്ന ഗാനരംഗത്തിന് വേണ്ടിയാണ് MYB 3047 രജിസ്‌ട്രേഷനുള്ള ഈ ബി.എസ്.എ. ഡബ്ല്യു.എം.20 (BSA WM20) ബൈക്ക് ഉപയോഗിച്ചത്.
ഈ അഞ്ച് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഗാനരംഗം ചിത്രീകരിക്കാൻ 21 ദിവസമാണ് എടുത്തത്. ബെംഗളൂരുവിന് സമീപമുള്ള രാമനഗര എന്ന സ്ഥലത്തെ കുന്നും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്താണ് ഈ ഗാനരംഗം ചിത്രീകരിച്ചത്.
ഷോലെ സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കുന്നതിന്റ ഭാഗമായാണ് കർണാടക സർക്കാർ ഈ മോട്ടോർസൈക്കിൾ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്. പനാജിയിലെ ഐനോക്സ് (Inox) പരിസരത്താണ് ഈ ബൈക്ക് ഇപ്പോൾ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. മേളയ്ക്കെതിയ സിനിമാപ്രേമികൾക്കിടയിൽ ഈ വാഹനം ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ ബൈക്കിനൊപ്പം ഫോട്ടോയെടുക്കാനും സെൽഫിയെടുക്കാനും തിരക്കുകൂട്ടുകയാണ് ഷോലെ ഫാൻസ്.
1942 മോഡൽ BSA WM20 ആണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ MYB 3047 എന്നും എൻജിൻ നമ്പർ M20 4299 എന്നും ഷാസിസ് നമ്പർ M20 116283 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
മിലിട്ടറി മോട്ടോർസൈക്കിളായ BSA WM20
BSA WM20 മോട്ടോർസൈക്കിളിന് ഒരു സൈനിക ചരിത്രമുണ്ട്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ബ്രിട്ടൻ സൈന്യത്തിനു വേണ്ടി BSA നൽകിയ വലിയ സംഭാവനയുടെ ഭാഗമായിരുന്നു ഈ മോട്ടോർസൈക്കിൾ. 1937ൽ ആരംഭിച്ച് 1950-കളുടെ അവസാനം വരെ ഈ മോഡലിൻ്റെ നിർമ്മാണം തുടർന്നു. ഈ വാഹനം സൈനിക മോട്ടോർസൈക്കിളായി ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.
Content Highlights: Experience the legendary BSA WM20 motorcycle from the iconic film Sholay, featured at the Goa International Film Festival. A must-see for film and bike enthusiasts!