അവസാനിക്കാത്ത പ്രതിസന്ധികളുടെ ‘ഖിഡ്കി ഗാവ്’ /‘If on a winter's night’ review

മലയാള സിനിമയില്‍ പതിവ് നരേറ്റീവ് വഴികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന, പരീക്ഷണാത്മക സ്വഭാവമുള്ള സിനിമയാണ് സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഖിഡ്കി ഗാവ്. ഗ്രാമവും നഗരവും, മനുഷ്യ മനസ്സുകളും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി പരിശോധിക്കുന്ന ഒരു സിനിമാനുഭവമാണ് പ്രേക്ഷകര്‍ക്ക് ഖിഡ്കി ഗാവ് സമ്മാനിക്കുന്നത്.
പങ്കാളികളായ അഭിയും സാറയും കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നു. അഭി ഒരു ചിത്രകാരനും, സാറ ഒരു ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഡല്‍ഹി ഓഫീസില്‍ ജോലിയുള്ളവളുമാണ്. പക്ഷേ മെട്രോ നഗരം അവരുടെ പ്രണയത്തിനും അഭിലാഷത്തിനും കുടപിടിക്കുന്നില്ല. നഗരത്തിന്റെ തിളക്കത്തിന് പിന്നില്‍, മുന്‍വിധികളും ഇടുങ്ങിയ ഇടങ്ങളുമുണ്ട്. ഓരോരുത്തരും അവരുടെ ഇടം കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കഥയിലേക്കും സിനിമയിലേക്കുമുള്ള 'ജാലകങ്ങള്‍' തുറക്കുന്നു.
ജാലകത്തിലൂടെ കാണുന്ന ലോകംപോലെ ഇടുങ്ങിയ കാഴ്ചപാടുള്ള ലോകം എന്ന ആശയമാണ് സിനിമയുടെ ആന്തരിക ഘടന. ആധുനികതയുടെ അവസാന വാക്ക് ആയി കരുതുന്ന മെട്രോ നഗരം, പുതിയതായി അവിടേക്ക് എത്തുന്ന മനുഷ്യരുടെ പ്രശ്‌നങ്ങള്‍, സ്വപ്നങ്ങള്‍, ഒറ്റപ്പെടലുകള്‍ എല്ലാം പുതുമ ഒട്ടും ചോരാതെ സഞ്ജു സുരേന്ദ്രന്‍ അവതരിപ്പിച്ചിരിക്കുന്നു. കഥയില്‍ വലിയ ട്വിസ്റ്റുകളോ കമേഴ്‌സ്യല്‍ ചേരുവകളോ ഇല്ല പക്ഷേ, സ്ലോ ബേണ്‍ നരേറ്റീവ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ഖിഡ്കി ഗാവ് ആസ്വാദ്യകരമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.
സഞ്ജു സുരേന്ദ്രന്റെ സംവിധാനത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ചിത്രത്തിന്റെ മിനിമലിസമാണ്. അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കി, ദൃശ്യങ്ങളിലൂടെ തന്നെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥകള്‍ തുറന്നു കാണിചിരിക്കുന്നു. പ്രേക്ഷകനെ ഒരു നിരീക്ഷകനാക്കി ആണ് പലപ്പോഴും കഥ മുന്‍പോട്ട് പോകുന്നത്. ഈ ദൂരബോധമാണ് സിനിമയുടെ ആത്മാവായി പ്രവര്‍ത്തിച്ചിരിക്കുന്നത്.
സിനിമയുടെ ഛായാഗ്രഹണം പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. പ്രകൃതിദൃശ്യങ്ങളും ഗ്രാമീണ ഇടങ്ങളും വെറും പശ്ചാത്തലമല്ല; അവ കഥയുടെ ഭാഗമാകുന്നു. ഫ്രെയിമുകളുടെ ശാന്തതയും ലൈറ്റിങ്ങിലെ സ്വാഭാവികതയും സിനിമയ്ക്ക് ഒരു ഡോക്യുമെന്ററി ഫീല്‍ നല്‍കുന്നു. പശ്ചാത്തല സംഗീതം അത്രമേല്‍ മിതമായ രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത് - പല സീനുകളിലും നിശബ്ദത തന്നെ ശക്തമായൊരു വികാരമായി മാറുന്നു. കഥാപാത്രങ്ങളുടെ അഭിനയത്തില്‍ അതിഭാവുകത്വത്തിന് ഇടമില്ല. അവര്‍ ''അഭിനയിക്കുന്നില്ല'', മറിച്ച് ജീവിക്കുക തന്നെ ആണ്.
പ്രേക്ഷകരോട് ക്ഷമ ആവശ്യപ്പെടുന്ന, ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണ് ഖിഡ്കി ഗാവ്. മലയാള സിനിമയുടെ പരീക്ഷണാത്മക ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു ശ്രമം എന്ന നിലയില്‍, സഞ്ജു സുരേന്ദ്രന്റെ ഈ ചിത്രം വളരെ പ്രസക്തമാണ്. വിനോദത്തേക്കാള്‍ അനുഭവത്തെ മുന്‍നിര്‍ത്തുന്ന പ്രേക്ഷകര്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സിനിമ തന്നെയാണിത്.
Content Highlights: Review of Sanju Surendran`s `Khidki Gaav`, a Malayalam film exploring urban isolation, relationships, and minimalistic filmmaking. Discover its unique narrative.