IFFI 2025 :മികച്ച പ്രതികരണം നേടി 'പെണ്ണും പൊറാട്ടും'; നിറഞ്ഞ സദസ്സിൽ 'കിരീടം'

പനജി: നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' എന്ന ചിത്രം ഗാല പ്രീമിയർ വിഭാഗത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചു. ബുധനാഴ്ച്ച വൈകുന്നേരം പ്രധാന വേദിയായ ഐനോക്സിൽ നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അക്രമം ഉപേക്ഷിച്ച് ഗ്രാമത്തിലെ മാതൃകാവ്യക്തിത്വമായി മാറിയ ഗോപാലൻ മാസ്റ്റർ, സ്ലട്ട്-ഷെയിമിംഗിനും സമ്മതമില്ലാത്ത വിവാഹത്തിനും നിർബന്ധിക്കപ്പെടുന്ന ഇച്ഛാശക്തിയുള്ള ചാരുതലത, കാമുകനായ ബാബുരാജ്, കൂടാതെ പേപ്പട്ടി എന്ന് തെറ്റിദ്ധരിച്ച് ഗ്രാമത്തിന്റെ അക്രമത്തിന് ഇരയാകുന്ന ബാബുരാജിന്റെ നായയായ സുട്ടു, എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ചാരുലതതയും സുട്ടുവും സഹിക്കുന്ന ദുരിതങ്ങളും, ഗ്രാമം ഒരുതരം ഹിസ്റ്റീരിയയോടെ അക്രമത്തെ ആഘോഷിക്കുന്നതും, ഒടുവിൽ മൃഗങ്ങൾക്കൊപ്പം സുട്ടു ഗ്രാമം വിട്ടുപോകാൻ തീരുമാനിക്കുന്നതുമൊക്കെയാണ് സിനിമ വരച്ചുകാട്ടുന്നത്.
കൂടാതെ മലയാളത്തിന്റെ അഭിമാന ചിത്രങ്ങളിലൊന്നായ കിരീടം റെസ്റ്റോർഡ് ക്ലാസിക്സ് വിഭാഗത്തിൽ പ്രദർശനത്തിനെത്തി. സംവിധായകൻ സിബി മലയിൽ ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയിരുന്നു.
അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മേളയിൽ കഴിഞ്ഞ ദിവസം സ്പാനിഷ് ചിത്രം എ പൊയറ്റ് ഗംഭീര അഭിപ്രായമാണ് നേടിയത്. സുവർണമയൂരത്തിനുള്ള മത്സരത്തിൽ മികച്ച പോരാട്ടം കാഴ്ചവെക്കാൻ സാധ്യതയുള്ള ചിത്രമായിട്ടാണ് ഇതിനെ പ്രേക്ഷകർ വിലയിരുത്തുന്നത്. കണ്ട്രി ഓഫ് ഫോക്കസ് വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ജാപ്പനീസ് ചിത്രം ടു സീസൺസ് ടു സ്‌ട്രേയ്ഞ്ചേഴ്സിന് മികച്ച പ്രതികരണമാണ് മേളയിൽ ലഭിച്ചത്.
മേളയുടെ എട്ടാം ദിനമായ ഇന്ന് ഫയർ സൈഡ് ചാറ്റ് എന്ന പരിപാടിയിൽ ആമിർ ഖാൻ സംസാരിക്കും. കലാ അക്കാദമിയിൽ നടക്കുന്ന പരിപാടിയിൽ ചലച്ചിത്ര നിരൂപകനും മാധ്യമപ്രവർത്തകനുമായ ഭരദ്വാജ് രംഗനൊപ്പമാണ് ആമിർ ഖാൻ പങ്കെടുക്കുന്നത്. വൈകുന്നേരം 4.30-നാണ് പരിപാടി. മികച്ച നവാഗത സംവിധാന ചിത്രങ്ങളുടെ വിഭാഗത്തിൽ ജിതിൻ ലാൽ സംവിധാനം ചെയ്ത മലയാള ചിത്രം എ.ആർ.എം ഇന്ന് പ്രദർശിപ്പിക്കും.
Content Highlights: Rajesh Madhavan`s directorial debut, `Pennum Porattum,` premieres at IFFI`s Gala section, receiving rave reviews. Discover the film`s powerful narrative and themes.