ചലച്ചിത്രമേളയില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് 'മൈ സ്റ്റാമ്പ്' കൗണ്ടര്‍; ഇഷ്ടമുള്ള ഫോട്ടോ പതിപ്പിച്ച സ്റ്റാമ്പ് സ്വന്തമാക്കാം

പനജി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പനജി കലാ അക്കാദമിയില്‍ നടക്കുന്ന ചരിത്രത്തില്‍ ഇടം തപാല്‍ സ്റ്റാമ്പുകളുടെ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവമായി മാറുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള തപാല്‍ വകുപ്പാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ക്യൂറേറ്റ് ചെയ്ത തപാല്‍ സ്റ്റാമ്പുകള്‍ കാണാനും സ്വന്തമായി പ്രത്യേകം സ്റ്റാമ്പുകള്‍ തയ്യാറാക്കി ശേഖരിക്കാനും പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്നുണ്ട്.
ചലച്ചിത്രമേളക്കായി മാത്രം രൂപകല്‍പ്പന ചെയ്ത സ്റ്റാമ്പുകള്‍ സന്ദര്‍ശകര്‍ക്ക് പ്രദര്‍ശനവേദിയില്‍ ലഭിക്കും. നവി മുംബൈയില്‍നിന്നുള്ള പ്രമുഖ കാലിഗ്രാഫറായ അച്യുത് പാലവ് ആണ് സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തത്. ഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ ചലച്ചിത്രോത്സവത്തിന് അനുയോജ്യമായ രീതിയില്‍ അദ്ദേഹത്തിന്റെ തനത് ശൈലിയിലുള്ള സ്റ്റാമ്പാണ് പുറത്തിറക്കിയത്.
ഗോവ, കാണ്‍പുര്‍, പുണെ, ജയ്പുര്‍, ചെന്നൈ, ഹരിയാണ, ഒഡീഷ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഫിലാറ്റലിസ്റ്റുകള്‍ ശേഖരിച്ച പ്രദര്‍ശന വസ്തുക്കളും ഇവിടെയുണ്ട്. ചലച്ചിത്രമേളയുടെ 'മൈ സ്റ്റാമ്പ്' ടെംപ്ലേറ്റില്‍ നമുക്ക് ഇഷ്ടമുള്ള ഫോട്ടോ ആഡ് ചെയ്ത് അത് വാങ്ങാനും സാധിക്കും. കലാ അക്കാദമിയിലെ സ്റ്റാളിലെ ഇന്ത്യ പോസ്റ്റ് ഫിലാറ്റലിക് 'മൈ സ്റ്റാമ്പ്' കൗണ്ടറില്‍ സേവനം ലഭ്യമാണ്. ഒരാള്‍ക്ക് സ്വന്തം ചിത്രം ഉള്‍പ്പെടുത്തി സ്റ്റാമ്പായി ഉപയോഗിക്കാനും സാധിക്കും. ചലച്ചിത്രമേളയ്‌ക്കെത്തുന്ന ചലച്ചിത്രപ്രവര്‍ത്തരടക്കം നിരവധി പേരാണ് തങ്ങളുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് സംഘടിപ്പിക്കാനായി പ്രദര്‍ശനത്തിനെത്തുന്നത്.
Content Highlights: IFFI's Unique 'My Stamp' Counter: Personalize Your Postal Experience at the Film Festival