'പെണ്ണും പൊറാട്ടും' സിനിമയ്ക്ക് ലഭിച്ചത് അപ്രതീക്ഷിത വരവേല്‍പ്പ്; വലിയ സന്തോഷം- രാജേഷ് മാധവന്‍

#നന്ദു ശേഖര്‍
രാജേഷ് മാധവൻ, പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: പി. ജയേഷ് \ മാതൃഭൂമി, Facebook
രാജേഷ് മാധവൻ, പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: പി. ജയേഷ് \ മാതൃഭൂമി, Facebook

പനജി: നടന്‍ രാജേഷ് മാധവന്റെ ആദ്യസംവിധാന സംരംഭമാണ് 'പെണ്ണും പൊറാട്ടും'. അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഗാല പ്രീമിയറിന് ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യഷോ കഴിഞ്ഞപ്പോള്‍ ടെന്‍ഷന്‍ മാറിയെന്നും പ്രേക്ഷകരില്‍നിന്ന് നല്ല അഭിപ്രായങ്ങള്‍ കേട്ടതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ രാജേഷ് മാധവന്‍ പ്രതികരിച്ചു.

കൊളോക്കിയല്‍ ഭാഷയിലുള്ള സിനിമയായതിനാല്‍ അന്യഭാഷ ഓഡിയന്‍സിലേക്ക് എത്തുമ്പോള്‍ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് വലിയ സംശയം ഉണ്ടായിരുന്നുവെന്ന് രാജേഷ് മാധവന്‍ പറഞ്ഞു. എന്നാല്‍, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലുള്ള ചില ആളുക്കാള്‍ക്ക് സിനിമ കണക്റ്റ് ആയി. ഇത് വലിയ സന്തോഷം നല്‍കുന്നതാണ്. അതൊട്ടും പ്രതീക്ഷിച്ചില്ലെന്നും രാജേഷ് മാധവന്‍ പറഞ്ഞു.

സിനിമ മലയാളികള്‍ക്ക് വേണ്ടി മാത്രമായി രൂപപ്പെടുത്തിയതായിരുന്നു. ഇത് വളരെയധികം സംഭാഷണങ്ങള്‍ ഉള്ള ഒരു സിനിമയാണ്. അതിനാല്‍ സബ്‌ടൈറ്റില്‍ വായിച്ചെടുക്കാന്‍ ഭയങ്കര പ്രയാസമാണ്. എങ്കിലും മറ്റുള്ള പ്രേക്ഷകര്‍ക്ക് പോലും അത് കൃത്യമായി കണക്റ്റ് ആയിട്ടുണ്ടെങ്കില്‍ അത് സിനിമയുടെ വിജയമാണെന്ന് രാജേഷ് മാധവന്‍ പറഞ്ഞു.

ആദ്യസംവിധാന സംരംഭത്തില്‍ തന്നെ ഇങ്ങനെയൊരു വിഷയം തിരഞ്ഞെടുക്കാന്‍ കാരണമെന്താണെന്ന ചോദ്യത്തിന് മറുപടിയായി, പ്രമേയം ഇഷ്ടപ്പെട്ടതുകൊണ്ടാണ് തിരഞ്ഞെടുത്തതെന്നും, താനും തിരക്കഥാകൃത്തായ രവി രവിശങ്കറും പണ്ടുമുതലേ സംസാരിച്ചിരുന്ന ഒരു കഥയാണിതെന്നും രാജേഷ് മാധവന്‍ പറഞ്ഞു. സിനിമ ചെയ്യാനുള്ള സമയമായപ്പോള്‍ ആലോചിച്ച രണ്ടോ മൂന്നോ കഥകളില്‍നിന്ന്, ഞങ്ങളെ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് ചെയ്ത, പണ്ടുമുതലേ കൂടെയുണ്ടായിരുന്ന കഥയിതാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പിന്നാലെ ചിത്രം അടുത്തതായി ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും. തിയേറ്റര്‍ റിലീസ് സംബന്ധിച്ച ഡേറ്റ് ഇപ്പോള്‍ പറയുന്നില്ലെന്നും, ഐഎഫ്എഫ്‌കെ കഴിയുമ്പോള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉടനെ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. അടുത്ത വര്‍ഷം ആദ്യം തന്നെ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും രാജേഷ് മാധവന്‍ പറഞ്ഞു.

Content Highlights: Rajesh Madhavan`s directorial debut `Pennum Porattum` receives unexpected acclaim at IFFK. Director expresses joy over positive audience reception