മേളയുടെ ഏഴാം ദിനം ശ്രദ്ധാകേന്ദ്രമായി ബ്രിട്ടീഷ് സംവിധായകന്‍ സ്റ്റീഫന്‍ വൂളിയുടെ മാസ്റ്റര്‍ക്ലാസ്

പനജി: നിര്‍മാതാക്കള്‍ സിനിമയോട് അഭിനിവേശമുള്ളവരും പ്രായോഗികമായി ചിന്തിക്കുന്നവരുമാകണമെന്ന് ബ്രിട്ടീഷ് സംവിധായകനും നടനുമായ സ്റ്റീഫന്‍ വൂളി. മേളയുടെ ഏഴാം ദിനമായ ചൊവ്വാഴ്ച കലാ അക്കാദമിയില്‍ 'ഒരു ചലച്ചിത്ര നിര്‍മാതാവ് ആരാണ്? പ്രൊഡക്ഷന്റെ അഞ്ച് പ്രധാന ഘട്ടങ്ങള്‍' എന്ന വിഷയത്തില്‍ മാസ്റ്റര്‍ക്ലാസ് വിഭാഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ നിര്‍മാതാക്കള്‍, വിദ്യാര്‍ഥികള്‍, സിനിമാ പ്രേമികള്‍ എന്നിവര്‍ പങ്കെടുത്ത സെഷനില്‍ ഒരു ചലച്ചിത്ര നിര്‍മാതാവ് എത്തരത്തിലുള്ള ആളായിരിക്കണമെന്ന് സ്റ്റീഫന്‍ വൂളി വിശദമായി പരാമര്‍ശിച്ചു.
ചലച്ചിത്ര നിര്‍മാണ പ്രക്രിയയെ അഞ്ച് അവശ്യ ഘട്ടങ്ങളായി വിഭജിച്ചുകൊണ്ടായിരുന്നു വൂളിയുടെ മാസ്റ്റര്‍ക്ലാസ്. ആശയരൂപീകരണം, പ്രീ-പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍, ഒപ്പം മാര്‍ക്കറ്റിങ് & റിലീസ് എന്നിവയായിരുന്നു വിവിധ ഘട്ടങ്ങള്‍. മികച്ച പ്രതികരണമാണ് ഈ പരിപാടിക്ക് മേളയില്‍ ലഭിച്ചത്. ഇംഗ്ലീഷ് ചലച്ചിത്ര നിര്‍മാതാവും നടനുമാണ് സ്റ്റീഫന്‍ വൂളി. മൂന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിനിടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അതേസമയം അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മേളയില്‍ കഴിഞ്ഞ ദിവസം അറബിക് ചിത്രം 'ഹൂ ഡു ഐ ബിലോങ് ടു', ഹിന്ദി ചിത്രം 'ആര്‍ട്ടിക്കിള്‍ 370' എന്നിവ പ്രദര്‍ശനത്തിനെത്തി. കണ്ട്രി ഓഫ് ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ക്രൈം ഡോക്യുമെന്ററി ദി സ്പീഡ്വേ മര്‍ഡേഴ്‌സിന് മികച്ച പ്രതികരണമാണ് മേളയില്‍ ലഭിച്ചത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബംഗാളി ചിത്രം ഭൂത്‌പോറിക്കും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു. മേളയില്‍ ലഭിച്ച പ്രതികരണത്തില്‍ സന്തോഷവാനാണെന്നും മലയാളം ചിത്രങ്ങളുടെ ആരാധകനാണ് താനെന്നും സംവിധായകന്‍ സൗകര്യ ഘോഷ് മാതൃഭൂമിയോട് പറഞ്ഞു.
മേളയുടെ എട്ടാം ദിനമായ ഇന്ന് ലതാ മങ്കേഷ്‌കര്‍ അനുസ്മരണത്തില്‍ എ.ആര്‍ റഹ്‌മാന്‍ സംസാരിക്കും.കലാ അക്കാദമിയില്‍ ഇന്‍ കോണ്‍വര്‍സേഷന്‍ വിഭാഗത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ നമന്‍ രാമചന്ദ്രനൊപ്പം റഹ്‌മാന്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് 2.30-നാണ് പരിപാടി. മികച്ച നവാഗത സംവിധാന ചിത്രങ്ങളുടെ വിഭാഗത്തില്‍ രാഗേഷ് നാരാണന്‍ സംവിധാനം ചെയ്ത മലയാള ചിത്രം തണുപ്പ് ഇന്ന് പ്രദര്‍ശിപ്പിക്കും.
അയാം നെവെന്‍ക, മറാഠി ചിത്രം രാവ്‌സാഹേബ് വുമന്‍ ഓഫ്, എന്നിവയാണ് ഈ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍. പി.ആര്‍ അരുണ്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന ഫാര്‍മ എന്ന വെബ്‌സീരീസിന്റെ ആദ്യ എപിസോഡും ഇന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തും.
Content Highlights: British filmmaker Stephen Woolley discusses the five key stages of film production and the qualities