IFFI 2024 : വോയ്‌സ് ബോക്സിൽ മലയാളത്തിന്റെ ശബ്ദമായി ജിൻസിൽ

പനജി: ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ നെറ്റ്ഫ്ലിക്സുമായി ചേർന്ന് സംഘടിപ്പിച്ച വോയ്‌സ് ബോക്സ് പരിപാടിയിൽ മലയാളഭാഷയെ പ്രതിനിധീകരിച്ച് പി.കെ. ജിൻസിലിനെ തിരെഞ്ഞെടുത്തു. അന്താരാഷ്‍ട്ര ചലച്ചിത്ര മേളയുടെ വേദിയിൽവെച്ച് പുരസ്‌കാരം സ്വീകരിച്ചവരിലെ ഏക മലയാളിയാണ് ജിൻസിൽ.
ഇന്ത്യയിൽ നിന്നാകെ എട്ട് വോയ്‌സ് ആർട്ടിസ്റ്റുകളെയാണ് വിവിധ ഭാഷകളിൽ നിന്നായി വോയ്‌സ് ബോക്സ് പരിപാടിയിലൂടെ തിരഞ്ഞെടുത്തത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ രാജ്യത്തെ ശബ്ദ കലാകാരന്മാരെ പ്രേത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണ് വോയ്‌സ് ബോക്സ്. 210 മത്സരാർഥികളിൽ നിന്ന് വിവിധ തലങ്ങളിൽ നടന്ന ഓഡിഷനുകളും ടെസ്റ്റുകളും വഴിയാണ് ഇംഗ്ലീഷ്, ഹിന്ദി, മറാഠി, മലയാളം, ബംഗാളി, തമിഴ്, തെലുഗ്, ഗുജറാത്തി എന്നിങ്ങനെ എട്ട് ഭാഷകളിലെ മികച്ച ശബ്ദ കലാകാരന്മാരെ തിരഞ്ഞെടുത്തത്.
ശബ്ദകലയോടുള്ള അടങ്ങാത്ത അഭിനിവേശവും അക്ഷീണ പ്രയത്നവുമാണ് ഈ നേട്ടത്തിലേക്ക് എത്തിച്ചത് എന്ന് ജിൻസിൽ മാതൃഭൂമിയോട് പറഞ്ഞു. ഇത്തരമൊരു അന്തർദേശീയ വേദിയിൽ മലയാള ഭാഷയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിലുള്ള അഭിമാനവും സന്തോഷവുമുണ്ടെന്നും ജിൻസിൽ പറഞ്ഞു. നിലവിൽ കേരള സർക്കാരിന്റെ പരസ്യങ്ങളിലേയും ഓഡിയോ ബുക്കുകളിലേയും പോഡ്കാസ്റ്റിലേയുമെല്ലാം സ്ഥിരം ശബ്ദസാന്നിധ്യമാണ് ജിൻസിൽ.
ശബ്ദം തന്നെയാണ് പാഷൻ ശബ്ദം തന്നെയാണ് ജീവിതം. അതുകൊണ്ടുതന്നെ ഇത്തരം ഒരു പരിപാടിയിൽ മലയാളത്തിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജിൻസിൽ പറഞ്ഞു.
Content Highlights: P.K. Jinzil, a Malayalam voice artist, wins the Netflix Voice Box award