ഫിലിം ബസാറിന് ഇന്ന് തിരശ്ശീല വീഴും, പ്രദര്‍ശിപ്പിച്ചത് 208 ചിത്രങ്ങള്‍

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഫിലിം ബസാറില്‍ നിന്ന്
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഫിലിം ബസാറില്‍ നിന്ന്

55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഫിലിം ബസാറിന്റെ 18-ാമത് പതിപ്പിന് ഇന്ന് തിരശ്ശീല വീഴും. നവംബര്‍ 20 മുതല്‍ 24 വരെയാണ് ഫിലിം ബസാര്‍ പ്രവര്‍ത്തിച്ചത്. ഗോവയിലെ മാരിയറ്റ് റിസോര്‍ട്ടിലായിരുന്നു ഫിലിം ബസാറിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും നിരവധി കലാകാരന്മാരും വളര്‍ന്നുവരുന്ന യുവപ്രതിഭകളും ഇത്തവണയും ഫിലിം ബസാറിന്റെ ഭാഗമായി. 

ഇന്ത്യന്‍ സിനിമയും ലോകസിനിമയെയും ബന്ധിപ്പിക്കുന്ന പാലമായാണ് ഫിലിം ബസാര്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള സിനിമാ നിര്‍മ്മാതാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും മികച്ച കഥകളെയും പ്രതിഭകളെയും കണ്ടെത്താന്‍ ബസാര്‍ സഹായിക്കുന്നു. അതുപോലെ തന്നെ മികച്ച പ്രതിഭകള്‍ക്ക് തങ്ങളുടെ പ്രതിഭ പുറത്തെടുക്കാനുള്ള അവസരവും ലഭിക്കുന്നു.

ഇന്ത്യയില്‍  നിന്നുമുള്ള മികച്ച നിലവാരമുള്ള ഒരു കൂട്ടം സിനിമകള്‍ ഫിലിം ബസാറില്‍ കഴിഞ്ഞ നാല് ദിനങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. വിതരണ സഹായവും ധനസഹായവും തേടുന്ന ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ഒരു നിര്‍ണായക കേന്ദ്രമായാണ് ബസാറിലെ വ്യൂവിംഗ് റൂം, രൂപകല്‍പ്പന ചെയ്തത്. വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് ആഗോള ചലച്ചിത്ര പ്രവര്‍ത്തകര്‍, വിതരണക്കാര്‍, സെയില്‍സ് ഏജന്റുമാര്‍, നിക്ഷേപകര്‍ എന്നിവരുമായി ബന്ധപ്പെടാന്‍ ഈ സംവിധാനം അനുവദിച്ചു. പൂര്‍ത്തിയായതോ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലോ ഉള്ള സിനിമകളായിരുന്നു നവംബര്‍ 21 മുതല്‍ 24 വരെ വ്യൂവിംഗ് റൂമില്‍ പ്രദര്‍ശിപ്പിച്ചത്.

വ്യൂവിംഗ് റൂം ലൈബ്രറിയുടെ ഈ വര്‍ഷത്തെ പതിപ്പില്‍ 208 സിനിമകളാണ് ഉണ്ടായിരുന്നത്. അതില്‍ 145 ഫീച്ചര്‍ ഫിലിമുകളും 23 മിഡ്-ലെങ്ത് ഫിലിമുകളും 30 ഹ്രസ്വചിത്രങ്ങളും ഉള്‍പ്പെടുന്നു. ഇതില്‍  എന്‍. എഫ്.ഡി.സി (NFDC) നിര്‍മ്മിച്ചതും സഹനിര്‍മ്മാണം ചെയ്തതുമായ 12 സിനിമകളും എന്‍. എഫ്.ഡി.സി -എന്‍.എഫ്.എ.ഐ(NFDC-NFAI)യുടെ നേതൃത്വത്തില്‍ റീമാസ്റ്റര്‍ ചെയ്ത 10 ക്ലാസിക്കുകളും ഉള്‍പ്പെടുന്നു. 30-70 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമകള്‍ മിഡ്-ലെംഗ്ത്ത് ഫിലിംസ് എന്ന വിഭാഗത്തിലാണ് വ്യൂവിംഗ് റൂമില്‍ പ്രദര്‍ശിപ്പിച്ചത്. 30 മിനിറ്റില്‍ താഴെ പ്രദര്‍ശന സമയം ഉള്ളവ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
 
'ചലച്ചിത്ര പ്രവര്‍ത്തകരുടെ ക്രിയേറ്റിവിറ്റിയും കലയോടുള്ള അഭിനിവേശവും ആഘോഷിക്കപ്പെടുന്ന വേദിയായിട്ടുള്ള ഫിലിം ബസാറിലേക്കുള്ള ഓരോ തവണയും കൂടുതല്‍ എന്റ്രികള്‍ ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് എന്‍. എഫ്.ഡി.സി  മാനേജിംഗ് ഡയറക്ടര്‍ പൃഥുല്‍ കുമാര്‍ പറഞ്ഞു.
 
വ്യൂവിംഗ് റൂമില്‍ നിന്ന് ഫീച്ചര്‍, മിഡ്-ലെങ്ത്, ഷോര്‍ട്ട് ഫിലിം  എന്നിവയുടെ എഫ് ബി ആറിലേക്ക് തിരഞ്ഞെടുത്ത പ്രോജക്റ്റുകള്‍ക്ക് ഫിലിം ബസാറിലെ പ്രത്യേക പ്രദര്‍ശന സെഷനിലൂടെ നിര്‍മ്മാതാക്കള്‍, സെയില്‍സ് ഏജന്റുമാര്‍, വിതരണക്കാര്‍, ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാര്‍, നിക്ഷേപകര്‍ എന്നിവരുള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലഭിക്കുമെന്നുള്ളതാണ് ഫിലിം ബസാറിന്റെ പ്രത്യേകത. ഇതിലൂടെ പ്രതിഭയുണ്ടായിട്ടും അവസരം ലഭിക്കാതിരിക്കുന്ന ഒരുപാട് കലാകാരന്മാര്‍ക്ക് വെള്ളിവെളിച്ചത്തിലേക്ക് എത്തിപ്പെടാനും സാധിക്കും.
 

Content Highlights: The 18th edition of Film Bazaar, part of IFFI Goa, concluded on Nov 24th.