സൗഹൃദത്തിന്റെയും കൂട്ടായ പ്രയത്നത്തിന്റെയും ഫലമാണ് 'ആട്ടം'- വിനയ് ഫോർട്ട്

വിനയ് ഫോർട്ട്, ആട്ടം പോസ്റ്റർ | photo: faceboo/vinayfort
വിനയ് ഫോർട്ട്, ആട്ടം പോസ്റ്റർ | photo: faceboo/vinayfort

നന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ട'മായിരുന്നു ഇന്ത്യൻ പനോരമയിലെ ഫീച്ചർ വിഭാ​ഗത്തിലെ ഉദ്ഘാടന ചിത്രം. അഭിനേതാക്കളും അണിയറപ്രവർത്തകരുമുൾപ്പടെ വലിയൊരു സംഘം ചിത്രത്തിന്റെ പ്രദർശനത്തിനെത്തിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ചിത്രത്തെ കുറിച്ചും ചലച്ചിത്രമേളയെക്കുറിച്ചും നടൻ വിനയ് ഫോർട്ട് സംസാരിക്കുന്നു.

'ആറാമത്തെ തവണയാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഗോവയിലേക്ക് വരുന്നത്. ഇതിനുമുമ്പ് പലതവണ വന്നിട്ടുണ്ടെങ്കിലും ഇത്തവണ എനിക്ക് സ്പെഷ്യലാണ്. ഞാനും 20 വർഷത്തോളമായി ഒപ്പമുള്ള എന്റെ നാടക സുഹൃത്തുക്കളും ചേർന്ന് ഒരു സിനിമ ചെയ്തു. ആട്ടം എന്നാണ് അതിന്റെ പേര്. ഞങ്ങടെ തന്നെ തിയേറ്റർ ഗ്രൂപ്പിൽ ഉള്ള ആനന്ദ് ഏകർഷിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നമ്മുടെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഒക്കെ പ്രയത്നത്തിന്റെ ഫലമായിരുന്നു ഈ സിനിമ. മുംബൈ ഫിലിം ഫെസ്റ്റിവലിൽ സിനിമ തിരഞ്ഞെടുത്തു. നമ്മുടെ ഐ.എഫ്.എഫ്.കെയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്. അതുപോലെ ഈ ദിവസവും ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ്.

ഐ.എഫ്.എഫ്.ഐ ഗോവയിലെ ഇന്ത്യൻ പനോരമ ഓപ്പൺ ചെയ്തത് 'ആട്ടം' എന്ന സിനിമയിലാണ്. ഞങ്ങൾ ഒരുപാട് നാടകക്കാരുടെ സ്വപ്നമാണ് ഈ സിനിമ. ഞങ്ങടെ ചേർത്തുനിൽപ്പിന്റെ സിനിമയാണ്. ഇത് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് അജിത്ത് ജോയിയാണ്. ഈ സിനിമയ്ക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും വലിയ അംഗീകാരമാണ് ഇന്ന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച സിനിമകൾ തിരഞ്ഞെടുത്ത ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം ആകാൻ സാധിച്ചത് ഞങ്ങടെ ഒരു കുഞ്ഞു സിനിമയെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. വളരെയധികം സന്തോഷമുണ്ടാക്കാര്യത്തിൽ.

നമ്മൾ ഇറാനിയൻ സിനിമകളിലൊക്കെ കാണുന്ന പോലെ തന്നെ ഒരു കൊമേർഷ്യൽ സ്വഭാവമുള്ള സിനിമയാണ് ആട്ടം. ജനുവരിയിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ നടന്നതിനുശേഷം ജനുവരിയിൽ ആയിരിക്കും ചിത്രത്തിന്റെ തിയേറ്റർ റിലീസ് ഉണ്ടാവുക. അതുകൊണ്ട് തന്നെ സിനിമയുടെ പ്രമോഷൻസ് എല്ലാം സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. വളരെയധികം സന്തോഷവും അഭിമാനവും നൽകുന്നതാണ് ഈ ചിത്രത്തിന് ലഭിക്കുന്ന ഓരോ അംഗീകാരങ്ങളും.

Content Highlights: iffi 2023 actor vinay fort about aattam movie indian panorama opening movie