കേരള സ്റ്റോറിക്കെതിരേ മേളയില്‍ പ്രതിഷേധം; രണ്ടുപേരെ ചലച്ചിത്ര മേളയില്‍ നിന്ന് പുറത്താക്കി

ശ്രീനാഥും അര്‍ച്ചനയും പ്രതിഷേധിക്കുന്നു
ശ്രീനാഥും അര്‍ച്ചനയും പ്രതിഷേധിക്കുന്നു

പനജി: 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍  'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ച രണ്ട് പേരുടെ ഡെലിഗേറ്റ് കാര്‍ഡുകള്‍ സംഘാടകര്‍ റദ്ദാക്കി. കൊച്ചി സ്വദേശിയായ ശ്രീനാഥിന്റെയും തിരുവനന്തപുരം സ്വദേശിയായ അര്‍ച്ചനയുടെയും ഡെലിഗേറ്റ് പാസുകളാണ് പ്രതിഷേധിച്ചതിന്റെ പേരില്‍ റദ്ദാക്കിയത്.

കേരള സ്റ്റോറി പ്രൊപ്പഗണ്ട സിനിമയാണെന്നും സിനിമയില്‍ പറയുന്ന കാര്യങ്ങളുടെ സ്രോതസ്സ് എവിടെ നിന്നാണെന്ന് ചോദിച്ചാല്‍ സംവിധായകനുള്‍പ്പടെയുള്ളവര്‍ക്ക് മറുപടിയൊന്നുമില്ലെന്നും പ്രതിഷേധിച്ചവര്‍ പറഞ്ഞു. ചിത്രത്തിനെതിരെയുള്ള പോസ്റ്ററുകളും ലഘുലേഖയും കൈയില്‍ പിടിച്ച് റെഡ് കാര്‍പ്പറ്റില്‍ നിന്നാണ് ഇരുവരും പ്രതിഷേധിച്ചത്. കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തിനെത്തിയ സംവിധായകന്‍ സുദീപ്‌തോ സെന്നുമായി ഇവര്‍ വാക്കു തര്‍ക്കത്തിലുമേര്‍പ്പെട്ടു. 

''ഇഫിയില്‍ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് ഞങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി, ഇതൊരു പ്രൊപ്പഗണ്ട സിനിമയാണ്. ഞങ്ങളെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു, ഞങ്ങളെ ഫെസ്റ്റിവലില്‍ നിന്ന് വിലക്കിക്കൊണ്ട് ഞങ്ങളുടെ ഇഫി ഡെലിഗേറ്റ് പാസ് അവര്‍ എടുത്തുകളഞ്ഞു,'' ശ്രീനാഥ് എക്‌സില്‍ പങ്കുവെച്ചു.

തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെ കേരള സ്റ്റോറി ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രതിഷേധിച്ചതിന് തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ശ്രീനാഥും അര്‍ച്ചനയും പറയുന്നത്. എന്നാല്‍ മേളയില്‍ പ്രതിഷേധിച്ച ഒരു പുരുഷനെയും ഒരു സ്ത്രീയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് മുന്നറിയിപ്പ് നല്‍കി ഉടന്‍ തന്നെ വിട്ടയച്ചതായാണ് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ചലച്ചിത്ര മേളയുടെ സംഘാടകര്‍ പാസ് റദ്ദാക്കിയത് സംബന്ധിച്ച ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: iffi 2023, protest against Kerala story film, two delegates are expelled from festival