പ്രണയത്തിന്റെ സങ്കീർണതകളുമായി 'ടോക്സിക്' | Review

സ്വാർഥത അല്ലെങ്കിൽ വിശ്വാസമില്ലായ്മ, ഇവയിൽ ഏതെങ്കിലും ഒന്ന് കടന്നുവന്നാൽമതി മനുഷ്യബന്ധങ്ങൾ സങ്കീർണമാകാൻ. ജീവിതത്തിന്‍റെ അത്തരമൊരു അവസ്ഥയാണ് സ്റ്റെഫാൻ വോർസാക്ക് സംവിധാനം ചെയ്ത ചെക്ക് റിപ്പബ്ലിക്കൻ ചിത്രം 'ടോക്സിക്' പറയുന്നത്. റോഡ് ഗ്രോവർ, തദീസ് ഹുബലേക്ക്, ജുരാജ് ഹൽദാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജീവിതത്തിൽ ഏറെ നേട്ടങ്ങൾ കെെവരിച്ചുവെങ്കിലും ഏകാന്തത അനുഭവിക്കുന്ന തോമസ് എന്ന യുവാവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്ന്. ലക്ഷ്യ ബോധമുള്ള, മുപ്പതുകളിൽ ജീവിക്കുന്ന ചെറുപ്പക്കാരൻ. എന്നിരുന്നാലും ജീവിതത്തിൽ എവിടെയോ ഒരു കുറവ് അയാളെ അലട്ടുന്നു. അങ്ങനെയിരിക്കെയാണ് എസ്തർ എന്ന യുവതിയെ തോമസ് കണ്ടുമുട്ടുന്നത്. ജീവിതത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് എസ്തറിനുള്ളത്. സമപ്രായക്കാരിൽനിന്നെല്ലാം ഏറെ വ്യത്യസ്ത. ഇതുതന്നെയാണ് എസ്തറിലേക്ക് തോമസിനെ അടുപ്പിക്കുന്നതും.
തനിക്ക് എസ്തറിനോടുള്ള അതേ വികാരം തിരിച്ചുമുണ്ടെന്ന പ്രതീക്ഷയോടെ മുന്നോട്ടുപോകവെയാണ് മാറ്റി എന്ന കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. എസ്തറിന്റെ ഭൂതകാലത്തിൽ ഏതോ ഒരു ഘട്ടത്തിൽ വന്നുപോയ ഒരാളാണ് മാറ്റി. അയാൾ വീണ്ടും കടന്നുവരുന്നതോടെ എസ്തറിന്റെയും തോമസിന്റെയും ബന്ധം സങ്കീർണമാകുന്നു. മൂന്ന് കഥാപാത്രങ്ങൾ തമ്മിലുള്ള ത്രികോണ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ തുടർന്നുള്ള കഥാഗതി.
ഡ്രാമയിൽ തുടങ്ങി ത്രില്ലറിലേക്ക് സഞ്ചരിക്കുന്ന ആഖ്യാനരീതിയാണ് സംവിധായകൻ പരീക്ഷിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ ആസ്വാദനം മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്. അതേസമയം, ചിത്രം ക്ലെെമാക്സിലേക്കെത്തുമ്പോൾ ചില ആശയകുഴപ്പങ്ങൾ തോന്നിയേക്കാം. കഥാപാത്രങ്ങളുടെ നന്മതിന്മകളും ശരിതെറ്റുകളുമൊന്നും മൂല്യനിർണയം ചെയ്യാതെ പ്രേക്ഷകരുടെ യുക്തിയ്ക്ക് വിട്ടുനൽകിയിരിക്കുകയാണ് സംവിധായകൻ.
Content Highlights: czech republic movie toxic review iffi 2023