ഇന്ത്യൻ പനോരമയുടെ ഉദ്‌ഘാടന ചിത്രമായി ആനന്ദ് ഏകർഷിയുടെ 'ആട്ടം' പ്രദർശിപ്പിച്ചു

ഗോവ: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രമായി ആനന്ദ് ഏകർഷിയുടെ ചേംബർ ഡ്രാമ, 'ആട്ടം' പ്രദർശിപ്പിച്ചു. മേളയിൽ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഡിസംബർ 20 മുതൽ 28 വരെയാണ് ഗോവയിൽ ചലച്ചിത്രമേള നടക്കുന്നത്.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ കീഴിൽ അജിത് ജോയ് നിർമിച്ച ‘ആട്ടം’ എന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, സെറിൻ ശിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരും നാടകരംഗത്ത് സമ്പന്നമായ പശ്ചാത്തലമുള്ള ഒമ്പത് അഭിനേതാക്കളും ഉൾപ്പെടുന്ന ഒരു മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്.
നിരവധി സങ്കീർണതകളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം സസ്പെൻസുകൾ ഒന്നൊന്നായി അനാവരണം ചെയ്യുന്നു. 2023-ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡും നേടിയ ചിത്രമാണിത്.
അനുരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനാനന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും വരികളും ബേസിൽ സി.ജെയും ശബ്ദമിശ്രണം ജിക്കു എം. ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും നിർവഹിച്ചിരിക്കുന്നു.
യെല്ലോടൂത്ത്‌സിന്റേതാണ് പബ്ലിസിറ്റി ഡിസൈനുകൾ. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നു.
Content Highlights: Anand Ekarshi's 'Attam' screened as the opening film of Indian Panorama iffi 2023