ഓസീസും ക്രിക്കറ്റ് ലോകവും ഞെട്ടി; ടി20 ലോകകപ്പിൽ അട്ടിമറി വിജയവുമായി സിംബാബ്‌വെ, ജയം 23 റൺസിന്

കൊളംബോ: ടി20 ലോകകപ്പിൽ അട്ടിമറി വിജയവുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സിംബാബ്‌വെ. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 23 റൺസിനാണ് സിംബാബ്‌വെ അട്ടിമറിച്ചത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അട്ടിമറി വിജയത്തിന്റെ വക്കിൽ നിന്നാണ് അഫ്ഗാനിസ്താൻ വിജയം കൈവിട്ടത്. ഇവിടെ അത്തരം പിഴവുകളൊന്നും സിംബാബ്‌വെയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ 19.3 ഓവറിൽ 146 റൺസിന് പുറത്താക്കിയാണ് സിംബാബ്‌വെ ലോകകപ്പ് ചരിത്രത്തിലെ വമ്പൻ അട്ടിമറികളിലൊന്ന് കുറിച്ചത്.
നാല് ഓവറിൽ 17 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ ബ്ലെസ്സിങ് മുസറബാനിയും 3.3 ഓവറിൽ 23 റൺസിന് മൂന്നു വിക്കറ്റെടുത്ത ബ്രാഡ് ഇവാൻസും ചേർന്നാണ് ഓസീസിനെ കെട്ടുകെട്ടിച്ചത്.
ജയത്തോടെ രണ്ടു കളികളും ജയിച്ച സിംബാബ്‌വെ നാലു പോയന്റുമായി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. രണ്ടു കളികളിൽ നിന്ന് രണ്ടു പോയന്റ് മാത്രമുള്ള ഓസീസ് മൂന്നാം സ്ഥാനത്താണ്. 20-ാം തീയതി ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന മത്സരം ഇതോടെ ഓസീസിന് നിർണായകമായി.
170 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസ് ബാറ്റിങ് നിരയെ തുടക്കത്തിൽ തന്നെ വിറപ്പിക്കാൻ സിംബാബ്‌വെയ്ക്കായി. 4.3 ഓവറിനുള്ളിൽ ജോഷ് ഇംഗ്ലിസ് (8), കാമറൂൺ ഗ്രീൻ (0), ടിം ഡോവിഡ് (0), ട്രാവിസ് ഹെഡ് (17) എന്നിവരെ പുറത്താക്കിയ അവർ ഓസീസിനെ നാലിന് 29 റൺസെന്ന നിലയിലേക്ക് തള്ളിവിട്ടിരുന്നു.
എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഗ്ലെൻ മാക്‌സ്‌വെൽ - മാറ്റ് റെൻഷോ സഖ്യം ഓസീസിനെ തകർച്ചയിൽ നിന്ന് കരകയറ്റി. 59 പന്തിൽ നിന്ന് ഇരുവരും ചേർന്ന് 77 റൺസ് ചേർത്തതോടെ മത്സരം ഓസീസിന് അനുകൂലമായെന്ന് തോന്നിച്ചു. എന്നാൽ 15-ാം ഓവറിൽ മാക്‌സ്‌വെല്ലിനെ പുറത്താക്കി റയാൻ ബേളാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 32 പന്തിൽ നിന്ന് 31 റൺസെടുത്തായിരുന്നു മാക്‌സ്‌വെല്ലിന്റെ മടക്കം.
പിന്നാലെ പരിക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങിയ മാർക്കസ് സ്റ്റോയ്‌നിസിനെയും (6) പുറത്താക്കി സിംബാബ്‌വെ ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. പിന്നാലെ ബെൻ ഡ്വാർഷ്യൂസിനെയും (6) അവർക്ക് നഷ്ടമായി. എന്നാൽ റെൻഷോ ക്രീസിലുള്ളത് ഓസീസിന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ 19-ാം ഓവറിലെ നാലാം പന്തിൽ റെൻഷോടെ മടക്കി മുസറബാനിയാണ് മത്സരം പൂർണമായും സിംബാബ്‌വെയുടെ വരുതിയിലാക്കിയത്. 44 പന്തിൽ 65 റൺസെടുത്ത റെൻഷോയാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഒരു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 20-ാം ഓവറിലെ മൂന്നാം പന്തിൽ മാത്യു കുനെമാൻ റണ്ണൗട്ടാകുകകൂടി ചെയ്തതോടെ ക്രിക്കറ്റ് ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ അട്ടിമറികളലൊന്ന് സിംബാബ്‌വെയ്ക്ക് സ്വന്തം.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തിരുന്നു. 56 പന്തിൽ നിന്ന് 64 റൺസെടുത്ത ബ്രിയാൻ ബെന്നെറ്റാണ് അവരുടെ ടോപ് സ്‌കോറർ. 21 പന്തിൽ നിന്ന് 35 റൺസെടുത്ത ടി. മറുമാനിയും 30 പന്തിൽ നിന്ന് 35 റൺസെടുത്ത റയാൻ ബേളും ഭേദപ്പെട്ട സംഭാവനകൾ നൽകി. ക്യാപ്റ്റൻ സിക്കന്ദർ റാസ 25 റൺസോടെ പുറത്താകാതെ നിന്നു.
ബെന്നെറ്റ് - മറുമാനി സഖ്യം 45 പന്തിൽ നിന്ന് കൂട്ടിച്ചേർത്ത 61 റൺസും ബെന്നെറ്റ് - റയാൻ ബേൾ സഖ്യം 51 റൺസിൽ നിന്ന് സ്വന്തമാക്കിയ 70 റൺസും സിംബാബ്‌വെയുടെ ചരിത്ര വിജയത്തിൽ നിർണായകമായി.
Content Highlights: Zimbabwe secures a massive 23-run upset victory over former champions Australia in the T20 World Cup. Read match highlights and key moments.