വിൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക, 9 വിക്കറ്റ് ജയം; ഇന്ത്യക്ക് ആശ്വാസം

#സ്പോർട്സ് ഡെസ്ക്
എയ്ഡൻ മാർക്രം | AFP
എയ്ഡൻ മാർക്രം | AFP

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ തകർത്തെറിഞ്ഞ് ദക്ഷിണാഫ്രിക്ക. ഒൻപത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. വിൻഡീസ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 16.1 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. മാർക്രമിന്റെ അർധസെഞ്ചുറിയാണ് ടീമിന് അനായാസ ജയമൊരുക്കിയത്. ജയത്തോടെ ദക്ഷിണാഫ്രിക്ക സെമി സാധ്യതകൾ സജീവമാക്കി. ദക്ഷിണാഫ്രിക്കയുടെ ജയം ഇന്ത്യക്കും ആശ്വാസമാണ്. ഇനിയുള്ള രണ്ട് മത്സരവും ജയിച്ചാൽ ഇന്ത്യക്ക് മറ്റുമത്സരഫലങ്ങൾ ആശ്രയിക്കാതെ തന്നെ സെമിയിലെത്താം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടേത് തകർപ്പൻ തുടക്കമായിരുന്നു. എയ്ഡൻ മാർക്രമും ക്വിന്റൺ ഡികോക്കും വിൻഡീസ് ബൗളർമാരെ അടിച്ചുതകർത്തു. അതോടെ പ്രോട്ടീസ് സ്‌കോർ കുതിച്ചു. മാർക്രമായിരുന്നു കൂടുതൽ അപകടകാരി. പവർപ്ലേയിൽ താരം കത്തിക്കയറിയതോടെ ആറോവറിൽ ദക്ഷിണാഫ്രിക്ക 69 റൺസിലെത്തി. ഒടുക്കം എട്ടാം ഓവറിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത്. സ്‌കോർ 95 ൽ നിൽക്കേ ഡികോക്ക് പുറത്തായി. 24 പന്തിൽ നിന്ന് 47 റൺസെടുത്താണ് താരം പുറത്തായത്.

പിന്നാലെ റിയാൻ റിക്കെൽട്ടണെ കൂട്ടുപിടിച്ച് മാർക്രം സ്‌കോറുയർത്തി. അർധസെഞ്ചുറി തികച്ച മാർക്രം കളം നിറഞ്ഞതോടെ വീൻഡീസ് പരാജയം മണത്തു. റിക്കിൽട്ടണും വെടിക്കെട്ട് നടത്തിയതോടെ ദക്ഷിണാഫ്രിക്ക അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. ബൗണ്ടറികളുമായി മിന്നിച്ച പ്രോട്ടീസ് ബാറ്റർമാർ വിൻഡീസിന് ഒരു അവസരവും നൽകിയില്ല. 15 ഓവറിൽ 163-1 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നാലെ അനായാസം വിജയതീരത്തെത്തി. മാർക്രം 46 പന്തിൽ നിന്ന് 82 റൺസെടുത്തും റിക്കൽട്ടൺ 28 പന്തിൽ നിന്ന് 45 റൺസെടുത്തും പുറത്താവാതെ നിന്നു.

നേരത്തേ ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ വിൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ടെങ്കിലും വിൻഡീസ് ഓപ്പണർമാർ വെടിക്കെട്ടിനൊരുങ്ങിയാണ് മൈതാനത്തിറങ്ങിയത്. ഓപ്പണർമാരായ ബ്രൻഡൻ കിങ്ങും ഷായ് ഹോപ്പും തകർത്തടിച്ചതോടെ ടീം രണ്ടോവറിൽ 29 റൺസെടുത്തു. എന്നാൽ മൂന്നാം ഓവറിൽ ഷായ് ഹോപ്പിനെയും(16) ഷിമ്രോൺ ഹെറ്റ്മയറേയും(2) പുറത്താക്കി കഗിസോ റബാദ തിരിച്ചടിച്ചു. നാലാം ഓവറിലും രണ്ട് വിക്കറ്റുകൾ കൂടി വീണതോട വിൻഡീസ് പരുങ്ങലിലായി. ബ്രാൻഡൻ കിങ്(21), റോസ്റ്റൺ ചേസ്(2) എന്നിവരെ ലുംഗി എൻഗിഡി മടക്കി. പിന്നീട് റോവ്മാൻ പവലും ഫെർഫേൻ റൂഥർഫോർഡമാണ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. ആറോവറിൽ 52-4 എന്ന നിലയിലായിരുന്നു വിൻഡീസ്.

പവലിനും റൂഥർഫോർഡിനും കാര്യമായ ചെറുത്തുനിൽപ്പ് നടത്താനാവാതെ വന്നതോടെ വിൻഡീസ് വീണ്ടും പ്രതിരോധത്തിലായി. പവൽ 9 റൺസും റൂഥർഫോർഡ് 12 റൺസുമെടുത്ത് കൂടാരം കയറി. 11 റൺസുമായി മാത്യു ഫോർദെയും മടങ്ങിയതോടെ ടീം 83-7 എന്ന നിലയിലേക്ക് വീണു. പിന്നീട് വിൻഡീസ് കരകയറുന്നതാണ് മൈതാനത്ത് കണ്ടത്. എട്ടാം വിക്കറ്റിൽ ഒന്നിച്ച റൊമാരിയോ ഷെഫേർഡും ജേസൺ ഹോൾഡറും പ്രോട്ടീസ് ബൗളർമാർക്ക് പിടികൊടുക്കാതെ ബാറ്റേന്തി. ഷെഫേർഡ് വെടിക്കെട്ട് നടത്തിയതോടെ സ്‌കോർ ഉയർന്നു. ഇരുവരുടെയും കൂട്ടുകെട്ട് അമ്പത് കടന്നതോടെ ടീം 17 ഓവറിൽ 140 ലെത്തി.

18-ാം ഓവറിൽ 23 റൺസാണ് വിൻഡീസ് അടിച്ചെടുത്തത്. ഹോൾഡർ 31 പന്തിൽ നിന്ന് 49 റൺസെടുത്ത് പുറത്തായി. 89 റൺസാണ് ഹോൾഡറും ഷെഫേർഡും ചേർന്ന് അടിച്ചെടുത്തത്. ടി20 യിലെ എട്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. ഷെഫേർഡ് 52 റൺസുമായി പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി എൻഗിഡി മൂന്ന് വിക്കറ്റെടുത്തു.

Content Highlights: West Indies vs South Africa Super 8 Match